ന്യൂദല്‍ഹി: കർഷക പ്രക്ഷോഭ വേദിയായ സിംഗു അതിര്‍ത്തിയില്‍ സിഖ് യുവാവിനെ ഒരു കയ്യും ഒരു കാലും വെട്ടിമാറ്റി വധിച്ച് പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയത് നിഹാങ്ങുകളാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) നേതാവ് ബല്‍ബീര്‍ സിംഗ് രജേവാള്‍ തന്നെ തുറന്ന് സമ്മതിച്ചു. അതേ സമയം നിഹാങുകളെ കുറ്റപ്പെടുത്തി തടിതപ്പാന്‍ ശ്രമിക്കുകയാണ് സമരക്കാര്‍. ‘തുടക്കം മുതലേ നിഹാങ്ങുകള്‍ ഞങ്ങള്‍ക്കെതിരെ പ്രശ്‌നമുണ്ടാക്കുകയാണ്,’ -ബല്‍ബീര്‍ സിംഗ് രജേവാള്‍ കുറ്റപ്പെടുത്തുന്നു. നിഹാങ്ങുകള്‍ സമരക്കാരുടെ ഭാഗമല്ലെന്ന് കര്‍ഷക നേതാക്കളിലൊരാളായ അഭിമന്യു കൊഹാര്‍ പറയുന്നു. കൊല്ലപ്പെട്ട യുവാവും സമരക്കാരുടെ ഭാഗമല്ലെന്നും കര്‍ഷക നേതാക്കള്‍ അവകാശപ്പെടുന്നു.
എന്തായാലും കൊലപാതകത്തിന്റെ ഭാഗമായി ഹരിയാന പൊലീസ് ഒരു നിഹാങ് വിഭാഗക്കാരനെ അറസ്റ്റ് ചെയ്തു. സര്‍വ്വ്ജിത് സിങ് എന്ന നിഹാങ് വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് പൊലീസിന്റെ പിടിയിലായത്. സിഖ് സമുദായത്തിന്റെ മതഗ്രന്ഥത്തെ അപമാനിച്ചു എന്ന് ആരോപിച്ചാണ് നിഹാങുകള്‍ സിഖ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നു. ലഖ് ബീര്‍ സിംഹ് എന്ന സിഖ് യുവാവിനെയാണ് ഒരു കയ്യും കാലും വെട്ടിമാറ്റി ക്രൂരമായി കൊന്നത്. ബാരിക്കേഡില്‍ തൂങ്ങിയാടുന്ന ലഖ്ബീര്‍ സിങിന്റെ കയ്യും കാലും വെട്ടിമാറ്റിയ മൃതദേഹവും നിലത്ത് തളം കെട്ടിയ രക്തവും കാണിക്കുന്ന വീഡിയോ വെള്ളിയാഴ്ച രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹര്‍നം സിങ് എന്നയാള്‍ ആറാം വയസ്സ് മുതല്‍ ലഖ്ബിര്‍ സിങിനെ ദത്തെടുത്ത് വളര്‍ത്തിയതാണ് . പഞ്ചാബിലെ തന്‍ തരനിലെ ചീമ കുര്‍ദ് ഗ്രാമത്തിലെ തൊഴിലാളിയാണ് ലഖ്ബീര്‍ സിങ്. ഇപ്പോള്‍ കര്‍ഷകര്‍ യുവാവിന്റെ കൊലപാതകം മുഴുവനായി നിഹാങുകളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.
ദല്‍ഹിയില്‍ സിംഗു അതിര്‍ത്തിയില്‍ തുടക്കം മുതലേ കര്‍ഷക സമരത്തില്‍ നിഹാങുകളുടെ സാന്നിധ്യമുണ്ടായിരുന്നു. കര്‍ഷകസമരവേദിയിലെ നിഹാങ്ങുകളുടെ സാന്നിധ്യം തുടക്കം മുതലേ പൊലീസിന് വലിയ തലവേദനയായിരുന്നു. സമരക്കാര്‍ക്ക് സുരക്ഷ ഒരുക്കാനാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് അന്നേ നിഹാങ്ങുകള്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകസമരത്തെ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ട റിപ്പബ്ലിക് ദിന സമരത്തില്‍ കുതിര, പരുന്ത് തുടങ്ങിയവയുമായാണ് നിഹാങ്ങുകള്‍ എത്തിയിരുന്നത്. മൂന്ന് പരുന്തുകളും 15 കുതിരകളുമായാണ് 40 അംഗ നിഹാങ് സംഘം അന്ന് വന്നത്.
നിഹാങ് എന്നാല്‍ ഭയമില്ലാത്തവന്‍ എന്നാണര്‍ത്ഥം. പത്താമത്തെ സിഖ് ഗുരുവായ ഗുരുഗോവിന്ദിന്റെ കാലത്ത് മുഗളന്മാരുമായി യുദ്ധം ചെയ്തിട്ടുള്ളവരാണ് നിഹാങുകള്‍. സിംഗുവിലെ പൊലീസ് ബാരിക്കേഡിന് മുന്‍പില്‍ എപ്പോഴും ഇവരുണ്ട്. സമരക്കാരെ തൊടണമെങ്കില്‍ ആദ്യം നിഹാങുകളെ നേരിടണമെന്നതായിരുന്നു പൊലീസിന്റെ വെല്ലുവിളി. നിഹാങുകളുടെ ഈ സാന്നിധ്യം തങ്ങള്‍ക്ക് നല്ലൊരു സുരക്ഷാ വലയമായാണ് സമരക്കാരും കണ്ടിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ നിഹാങുകളെ തള്ളിപ്പറയുകയാണ് കര്‍ഷക നേതാക്കള്‍.
നിഹാങുകള്‍ ചെരിപ്പ് ഇടാറില്ല. ഇവരുടെ ഇടങ്ങളിലേക്ക് പാദരക്ഷകള്‍ ധരിച്ച് കടക്കാനുമാവില്ല. പരമ്പരാഗത വേഷവിധാനങ്ങള്‍ അഴിച്ചുവെയ്‌ക്കാത്ത ഇവര്‍ നീലനിറത്തിലുള്ള വസ്ത്രം മാത്രമേ ധരിക്കൂ. വാളും പരിചയും ശരീരത്തിന്റെ ഭാഗം. സിഖുകാരുടെ ആചാര്യനായ ഗുരുഗോബിന്ദ് സിങ്ങിന്റെ മകന്‍ സഹിബ്‌സാഫത്തേ സിംഗ് ജിയുടെ പിന്‍ഗാമികളായ സായുധ സിഖ് യോദ്ധാക്കളാണ് നിഹാങ്ങുകള്‍. ഇവര്‍ക്ക് മരണമില്ലെന്നും വിശ്വാസമുണ്ട്. നിഹാങ് ഗ്രൂപ്പായ നിര്‍വെയ് ര്‍ ഖല്‍സ ഉഡ്‌ന ദള്‍ കൊലാപതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
അതേ സമയം സിഖ് യുവാവിന്റെ കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് 40 കര്‍ഷക യൂണിയനുകളുടെ സംയുക്തസംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ഹരിയാന സര്‍ക്കാരുമായി അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: