ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗ്ഗാപൂജ നടത്തിയ ഹിന്ദു ന്യൂനപക്ഷത്തിന് നേരെ വ്യാപക അക്രമം. അക്രമത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടുവെന്നും, രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കോമില ടൗണില്‍ ദുര്‍ഗ്ഗാപൂജ പന്തലിലാണ് അക്രമങ്ങള്‍ തുടങ്ങിയത്. ഖുര്‍ആന്‍ അപമാനിക്കപ്പെട്ടുവെന്ന പ്രചരണമുണ്ടായതിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. ഇതിന് പിന്നാലെ ചന്ദ്പൂരിലെ ഹാജിഗഞ്ച്, ചട്ടോഗ്രാമിലെ ബന്‍ഷ്ഖലി, കോക്സ് ബസാറിന്റെ പെകുവാ എന്നിവിടങ്ങളിലേക്ക് അക്രമസംഭവങ്ങള്‍ പടര്‍ന്നു. ഇതോടെ സംഭവസ്ഥലങ്ങളിലേക്ക് റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്(ആര്‍എബി) ഉള്‍പ്പടെയുള്ള റിസര്‍വ് സേനയെ വിന്യസിച്ചിട്ടുണ്ട്. ദുര്‍ഗ്ഗാപൂജ ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഇന്ത്യ ആരാഞ്ഞു.
മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാന്‍ രാജ്യം ഒന്നും ചെയ്യുന്നില്ലെന്നുള്ള ആക്ഷേപം ഉയര്‍ന്നതോടെ അക്രമികളെ ഉടന്‍ പിടിക്കുമെന്ന് ഉറപ്പു നല്‍കികൊണ്ട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്തെത്തി. അക്രമങ്ങള്‍ വിവിധയിടങ്ങളിലേക്ക് വ്യാപിച്ചതോടെ സര്‍ക്കാര്‍ 22 ജില്ലകളില്‍ അര്‍ദ്ധസൈനിക സേനയെ വിന്യസിച്ചു.
കോമാലിയിലെ സംഭവങ്ങള്‍ സമഗ്രമായി അന്വേഷിച്ചു വരികയാണെന്നും ഒരാളെയും അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കില്ലെന്നും അക്രമികള്‍ ഏത് മതത്തില്‍പ്പെട്ടവരായാലും അവരെ എത്രയും വേഗം പിടിക്കുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു.
ജനങ്ങള്‍ സംയമനം പാലിക്കണമെന്നും നിയമം കയ്യിലെടുക്കരുതെന്നും മന്ത്രി എംഡി ഫരീദുല്‍ ഹഖ് ഖാന് അഭ്യര്‍ത്ഥിച്ചു. മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള അക്രമ സംഭവത്തിന് ഉത്തരവാദികള്‍ ആരായാലും അവരെ നിയമപ്രകാരം ശിക്ഷിക്കുമെന്ന് അദേഹം പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: