കോഴിക്കോട്: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെപ്പോലും വളച്ചൊടിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥ ഭാരത സ്വാതന്ത്ര്യസമരചരിത്രത്തെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ ജന്മഭൂമി പോലെയുള്ള പത്രങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും പ്രജ്ഞാപ്രവാഹ് ദേശീയസംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. കോഴിക്കോട് അളകാപുരി ഹാളില്‍ ജന്മഭൂമി വികസനസമിതി സംഘടിപ്പിച്ച സുഹൃദ്സദസ്സില്‍ സംസാരിക്കുയായിരുന്നു.
ദക്ഷിണഭാരതത്തിലും ഭാരതത്തിന്റെ വടക്ക്കിഴക്കന്‍ മേഖലകളിലും നടന്ന സ്വാതന്ത്ര്യസമരചരിത്രം തമസ്ക്കരിക്കപ്പെട്ടു. വടക്കേ ഇന്ത്യയിലെ പ്രത്യേക പ്രദേശത്ത് പ്രത്യേകവിഭാഗം നടത്തിയ സമരമായി അത് ചിത്രീകരിക്കപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമല്ല മറ്റു വൈദേശിക ആധിപത്യങ്ങള്‍ക്കുമെതിരെ നടന്ന സമരവും സ്വാതന്ത്ര്യസമരം തന്നെയായിരുന്നു. എന്നാല്‍, അതും അവഗണിക്കപ്പെട്ടു. ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച ചരിത്രമാണ് സ്വാതന്ത്ര്യത്തിന് ശേഷവും തുടര്‍ന്നത്. സ്വാതന്ത്ര്യസമരചരിത്ര രചനയില്‍ നിന്ന് ആര്.സി. മജുംദാറിനെ നെഹ്റു ഒഴിവാക്കി. സ്വാതന്ത്ര്യസമരചരിത്രത്തെ ഒരു കുടുംബചരിത്രത്തിലൊതുക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. പകരം ചരിത്രരചന നടത്താന്‍ ബ്യൂറോക്രാറ്റായ ഇടത് അനുഭാവി താരാചന്ദിനെയാണ് നെഹ്റു നിയോഗിച്ചത്.
രാഷ്ട്രീയസ്വാതന്ത്ര്യം മാത്രമല്ല രാഷ്ട്രജീവിതത്തിന്റെ സമസ്തമേഖലകളിലും സ്വത്വത്തെയും ധര്‍മത്തെയും പുനരാവിഷ്ക്കരിക്കാനായിരുന്നു സ്വാതന്ത്ര്യസമരം. സനാതന ധര്‍മത്തിന്റെ പുനരാവിഷ്ക്കരണം എല്ലാ മേഖലകളിലും ഉണ്ടാകണം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ചിലര്‍ തയാറാവുന്നില്ല. ഈ ആശയപോരാട്ടത്തിനാണ് ജന്മഭൂമിക്ക് മുഖ്യപങ്ക് വഹിക്കാനാവുക.
ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള ഈ വൈചാരിക അടിത്തറ ഉറപ്പിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഏകഭാരതം, സശക്തഭാരതം, സമൃദ്ധഭാരതം എന്ന ലക്ഷ്യം നേടിയെടുക്കാന്‍ സമൂഹത്തിന് ഈ ആശയാടിത്തറ പ്രേരണയേകുമെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ഡോ.സി.ആര്. മഹിപാല്‍, ജന്മഭൂമി വികസന സമിതി ചെയര്മാന് ടി.വി. ഉണ്ണികൃഷ്ണന്, എം. ബാലകൃഷ്ണന്, കെ.എം. അരുണ്‍ സംസാരിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: