ആണ്, പെണ്, ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ, കൗമാരപ്രായത്തില്‍ നമ്മുടെ എല്ലാം ഉള്ളില്‍ ശക്തമായി നിലനില്‍ക്കുന്ന ആശയമാണ് മറ്റുള്ളവരെക്കാള്‍ നമ്മള് വലിയ ആളാകുക എന്നത്. ഒരുപാട് പണം ഉണ്ടാക്കണം. എല്ലാവരും അസൂയയോടെ നമ്മളെ നോക്കണം, മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത വലിയ വലിയ കാര്യങ്ങള്‍ നമുക്ക്് ചെയ്യണം. ഇങ്ങനെ പലതും. ഈ കൗമാര സ്വപ്നങ്ങള്‍ 99.99 ശതമാനവും യാഥാര്‍ഥ്യമാക്കാന്‍ ആര്‍ക്കും പറ്റിയിട്ടില്ല. മാനവസമൂഹത്തിന്റെ നിലനില്‍പ്പും മുന്നോട്ടുള്ള പ്രയാണവും അടുത്ത കാലത്തുവരെ വ്യത്യസ്ത ഭൂമിശാസ്ത്ര സാംസ്കാരിക മേഖലകളിലെ കൂട്ടായ്മകള്‍ സൃഷ്ടിച്ചിരുന്ന കടമ്പകളും മതിലുകളും മാറ്റിമറിക്കാന്‍ പറ്റാത്ത വിധം ശക്തി നേടിയിരുന്നില്ല.
മെല്ലെ മെല്ലെ ശാസ്ത്രം വളര്‍ന്നു വന്നപ്പോള്‍ പല മേഖലകളിലെയും കണ്ടുപിടുത്തങ്ങള്‍ മിക്കപ്പോഴും സമൂഹം വളര്‍ത്തിയ ഇഷ്ടത്തെ, സിസ്റ്റത്തെ, കുലുക്കാന്‍ ശ്രമിച്ചെങ്കിലും അവ നിലവിലുള്ള സിസ്റ്റത്തെ ചിന്തേരിട്ടു മിനുക്കാനും എണ്ണയൊഴിച്ച് ശക്തിപ്പെടുത്താനും ആണ് ഉപയോഗിക്കപ്പെട്ടത്. അദൃശ്യനായ ദൈവവും സ്വര്‍ഗ നരക സങ്കല്‍പ്പവും ശരി തെറ്റുകളും, ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളെ പോലും സിസ്റ്റത്തിന്റെ പൂരകങ്ങളായി മാറ്റി. പക്ഷേ ഇരുപതാം നൂറ്റാണ്ട് പെട്ടെന്ന് അനുദിനമെന്നോണം പുറത്തുകൊണ്ടുവന്ന വൈവിധ്യമാര്‍ന്ന കണ്ടുപിടുത്തങ്ങള്‍ ശരിക്കും ഒരു വിസ്ഫോടനം സൃഷ്ടിച്ചു.
സാങ്കേതിക രംഗത്ത് പുതിയ ആശയങ്ങള്‍ അതിവേഗം പ്രബലമായി. സമൂഹത്തിലെ എല്ലാ മേഖലകളിലും പൂര്‍ണമായും അചഞ്ചലം എന്നും ശരി എന്നും വിശ്വസിച്ചിരുന്ന പല ആചാരങ്ങളും ഉലയാന്‍ തുടങ്ങി. അവയുടെ അടിസ്ഥാനപരമായ ദൗര്‍ബല്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. കഴിഞ്ഞ രണ്ടു ദശകങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നൂതനമായ കണ്ടുപിടുത്തങ്ങള്‍ നമ്മുടെ എല്ലാവരുടെയും വ്യക്തിപരവും സാമൂഹ്യവും ശാരീരികവും മാനസികവുമായ ഭാവങ്ങളെ ആകെ മാറ്റിക്കൊണ്ടിരിക്കുന്നു.
ഇപ്പോഴിതാ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കോവിഡ് മഹാമാരി മാനവ സമൂഹത്തിന്റെ ചിഹ്നമായിരുന്ന കൂട്ടായ്മ, സമ്പര്‍ക്കം എന്ന അടിസ്ഥാന ശക്തിയെ പോലും ദുര്‍ബലമാക്കി കൊണ്ടിരിക്കുന്നു. വാസ്തവത്തില്‍ കൗമാരസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കിട്ടിയ സന്ദര്‍ഭമായി ഈ കാലത്തെ കാണണം. ഒരു പോസിറ്റീവ് സമീപനം ഉണ്ടാക്കിയാല്‍ കൂടുതല്‍ സന്തോഷവും സാമൂഹ്യനീതിയുമുള്ള പുതിയ മാനവസമൂഹത്തെ സൃഷ്ടിക്കാനുള്ള അവസരമായി ഇതിനെ മാറ്റാവുന്നതേയുള്ളൂ. സമൂഹത്തിലെ എല്ലാ മേഖലകളിലും അടിസ്ഥാന സത്യമെന്ന് വിശ്വസിച്ചിരുന്ന പല കാഴ്ചപ്പാടുകളിലും ടെക്നോളജി അധിഷ്ഠിത മാറ്റം കൊണ്ടുവന്ന പ്രതിഭകളുടെ ചരിത്രം ഗഹനമായി പഠിക്കാനും അപഗ്രഥിക്കാനും കഴിഞ്ഞ കുറെ ആഴ്ചകളായി ഞാന്‍ ശ്രമിക്കുകയുണ്ടായി.
കോവിഡ് നല്കിയ നഗരമധ്യത്തിലെ ആശ്രമ ഏകാന്തത പൂര്‍ണ്ണമായും മുതലെടുത്തായിരുന്നു ആ ശ്രമം. എന്റെ റിസര്‍ച്ച് വളരെ രസകരമായ ചില വര്‍ത്തമാനകാല ചരിത്ര കഥകള്‍ എനിക്ക് നല്കുകയുണ്ടായി. അതിന് ഒറ്റവാക്കില്‍ ഒരു തലവാചകം നല്‍കാം. കംഫര്‍ട്ട് സോണ്‍. കുട്ടികള്‍ക്ക് ബാല്യത്തില്‍ സ്വന്തം ഭവനത്തില്‍ നിന്നും പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്ന വിജ്ഞാനം, ഭക്ഷണം, കളി എന്നിവ നേടാനുള്ള നമ്മുടെ ജന്മസിദ്ധമായ സ്വഭാവത്തില്‍ ഒരു പുതിയ വിഷയം കൂടിയാണ് വരുന്നത്. ഒരു ആവേശം. സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുക. പുതിയ കണ്ടുപിടുത്തങ്ങള്‍. അതിനുള്ള ശ്രമം. അദൃശ്യമായ ശക്തിയോടുള്ള യുദ്ധമാണ്. അതില്‍ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ വിഷമങ്ങളെയും സംഘര്‍ഷങ്ങളെയും ധീരമായി നേരിടുക.
ഈ ആഗ്രഹം ഒരു സ്വഭാവ വിശേഷം ആയി മിക്കവാറും എല്ലാ കുട്ടികളിലും ഉണ്ട്. പക്ഷേ ഞാന്‍ കണ്ടത് ആ സ്വഭാവവിശേഷത്തെ പ്രായോഗികമായി ഉപയോഗിച്ച് അനേകം യാതനകളുടെയും കഷ്ടനഷ്ടങ്ങളുടെയും തോല്‍വികളുടെയും അപമാനത്തിന്റെയും വിഷമങ്ങള്‍ അനുഭവിച്ച്, അവയെ മറികടന്ന് വിജയത്തില്‍ എത്താനുള്ള വാശി സ്വഭാവത്തിന്റെ ഭാഗമായി മാറിയത് തങ്ങളുടെ പ്രഥമ ആവശ്യങ്ങളായ ഭക്ഷണം, കളി എന്നീ കാര്യങ്ങളില്‍ ഒരു യുദ്ധം ചെയ്യാതെ സംതൃപ്തി ലഭിച്ചിരുന്ന കുട്ടികളില്‍ ആയിരുന്നില്ല.
നാം നമ്മുടെ പ്രാഥമിക ആവശ്യങ്ങളില്‍ സംതൃപ്തി നേടിയാല്‍ പിന്നീട് അതുമായി ബന്ധപ്പെട്ട കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ക്ക് ശ്രമിക്കും എന്നല്ലാതെ ഒരു റിസ്ക് എടുത്തു പുതിയ മേഖലകളിലേക്ക് പോകുകയില്ല. കൗമാരം കഴിഞ്ഞ്, യുവത്വത്തിന്റെ ആദ്യകാലത്ത് എല്ലാവരും ഉപദേശിക്കുന്നത് ടെന്‍ഷനില്ലാത്ത വാര്‍ദ്ധക്യ കാലത്തിന്റെ അവസാനം വരെ അല്ലലില്ലാതെ ജീവിതം നയിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നായിരിക്കും. ഈ കംഫര്‍ട്ട് സോണ്‍ നല്കിയ സംതൃപ്തി അല്പമെങ്കിലും നഷ്ടപ്പെട്ടു പോയേക്കാം എന്ന ഭയം അവരറിയാതെ അവരുടെ ഭാഗമായി മാറുന്നു. അവര്‍ പരീക്ഷണങ്ങള്‍ക്കും റിസ്കിനും തയാറാവുകയില്ല ലളിതമായ ഒരുദാഹരണം. ഒരു സര്‍ക്കാര്‍ ജോലി.
കൃത്യമായ ശമ്പളവും ഭാവിയെക്കുറിച്ചുള്ള യാതൊരു പ്രശ്നവും ഒന്നും ഇല്ലാത്ത ഒരു ജോലി. ജോലിയില്‍ നിന്ന് വിരമിച്ചാലും വാര്‍ദ്ധക്യത്തില്‍ പെന്ഷന് ലഭിക്കും. ഇത്തരം കംഫര്‍ട്ട് സോണ്‍ യുവത്വത്തിന്റെ തുടക്കത്തില്‍ തന്നെ നേടിയെടുക്കുക എന്ന ലക്ഷ്യം വാസ്തവത്തില്‍ സ്വന്തം പ്രതിഭ കണ്ടെത്താനും അതിനുവേണ്ടി നേരിടേണ്ടിവരുന്ന വൈഷമ്യങ്ങള്‍ നല്കുന്ന മഹാപാഠം സ്വായത്തമാക്കാനും നമ്മുടെ ഇന്നത്തെ സിസ്റ്റത്തിനുള്ളില്‍ നിന്ന് ഒരാളെ പ്രാപ്തനാക്കുന്നില്ല.
മേജര്‍ ആകുന്നതിനു മുമ്പ് തന്നെ മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്ന് സ്വതന്ത്രമാക്കുക എന്ന രീതി നിലനില്‍ക്കുന്ന രാജ്യങ്ങളിലും സംസ്കാരത്തിലും ആണ് നമ്മളേക്കാള്‍ കൂടുതല്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ പുരാണങ്ങള്‍ ചരിത്രാതീത കാലത്ത് ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങള്‍ ഭാരതീയര്‍ നടത്തിയിട്ടുണ്ടെന്ന് വിവരിക്കാറുണ്ടെങ്കിലും ഇന്ന് ഈ ഇന്വെന്ഷന് എന്ന കാര്യത്തില്‍ നാം വളരെ പിന്നിലാണെന്ന് അംഗീകരിച്ചേ പറ്റൂ. അതിന് നമ്മുടെ ഇന്നത്തെ സിസ്റ്റത്തിലെ കംഫര്‍ട്ട് സോണ്‍ ശക്തി കുറയ്ക്കണം. സോഷ്യല്‍ റെവലൂഷന്റെ ഭാഗമാകണം ടെക്നോളജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: