കേരളം ജലവൈദ്യുതി നിലയങ്ങളാല്‍ സമൃദ്ധമാണ്. ഒരുകാലത്ത് കേരളം വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നു. അതിന്ന് ഓര്‍മ്മ മാത്രം. അന്യസംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അത് അഴിമതിയില്‍ വരെ എത്തി. അതിന്റെ ഭാഗമായിരുന്നല്ലൊ ഒരു മുന്‍മന്ത്രിയുടെ ജയില്‍വാസം. ഗ്രാഫൈറ്റ് അഴിമതിക്കേസ് വിസ്മരിക്കാറായിട്ടില്ല. അതൊക്കെ വിടാം. കേരളം കെങ്കേമം എന്ന് മുന്നണികള്‍ രണ്ടും അഭിമാനിക്കാറുണ്ട്. യുഡിഎഫ് മുന്നണിയില്‍ മന്ത്രിയായിരുന്നപ്പോഴാണ് ആര്. ബാലകൃഷ്ണപിള്ളയ്ക്ക് ‘ഷോക്കേ’റ്റത്. എല്‍ഡിഎഫ് മന്ത്രിയായിരിക്കെ പിണറായി വിജയനും കൈപൊള്ളി. ആ കേസ് തീര്‍പ്പായില്ല. അതൊക്കെ പോട്ടെ. പഴയകാല പ്രതാപം വിളമ്പിയിട്ട് കാര്യമില്ലല്ലോ.
കേരളം ആരെയും ആശ്രയിക്കാതെ പ്രകാശം പരത്തുമെന്നല്ലെ പുരപ്പുറത്ത് കയറി പറഞ്ഞുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതെന്താണ്? മലയാളികളെ ഇരുട്ട് കാട്ടി ഭീഷണിപ്പെടുത്തുകയാണ് ഭരണപക്ഷവും വൈദ്യുതി മന്ത്രിയും. ഏതുനിമിഷവും പവര്‍ കട്ട് ഉണ്ടാകുമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തത്കാലം കട്ട് ഉപേക്ഷിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടുമാത്രം.
സാധാരണ ദിവസങ്ങളില്‍ 30 ലക്ഷം രൂപ കൊടുത്തു വാങ്ങുന്ന വൈദ്യുതി, കല്‍ക്കരിക്ഷാമത്തെത്തുടര്‍ന്ന് കെഎസ്ഇബി ഇപ്പോള്‍ വാങ്ങുന്നത് 1.8 കോടി രൂപയ്ക്കാണത്രെ. യൂണിറ്റിന് 7 രൂപ വരെയായിരുന്നു പവര്‍ എക്സ്ചേഞ്ചില്‍നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില. ഇപ്പോള്‍ 20 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നെന്നാണ് പറയുന്നത്. തല്ക്കാലം വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തിന്റെ ഫലമല്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഇടപെടല്‍ കൊണ്ടാണ്.
നിലവില്‍ 300, 400 മെഗാവാട്ടിന്റെ കുറവാണുള്ളത്. കല്‍ക്കരി ക്ഷാമം കാരണം സ്വകാര്യ കമ്പനികള്‍ ഉല്‍പ്പാദനം കുറച്ചതാണ് കെഎസ്ഇബിയെ പ്രതിരോധത്തിലാക്കിയത്. ഉയര്‍ന്നവില കൊടുക്കാന്‍ തയാറായിട്ടും വൈദ്യുതി, ആവശ്യത്തിനു ലഭ്യമല്ലാത്ത അവസ്ഥ. എന്നാല്‍, വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കണക്കുകൂട്ടല്‍. വൈദ്യുതി നിയന്ത്രണത്തിലേക്കു പോകാതിരിക്കാന്‍, വിവിധ മാര്‍ഗങ്ങളിലൂടെ വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് ശ്രമം നടത്തുന്നുണ്ടെന്നാണ് പറയുന്നത്.
കേന്ദ്രവിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ആവശ്യമായ വൈദ്യുതിയുടെ പകുതിയും ഇപ്പോള്‍ കേരളത്തിലാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്ന് മന്ത്രി അവകാശപ്പെടുന്നു. സംസ്ഥാനത്തെ പ്രതിദിന ഉപയോഗം 72.23 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 34 ദശലക്ഷം യൂണിറ്റ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നു. ഇടുക്കിയിലെ 6 ജനറേറ്ററുകളില്‍ ഒരെണ്ണം വാര്‍ഷിക അറ്റകുറ്റപ്പണിയിലാണ്. മറ്റുള്ള ജനറേറ്ററുകളില്‍ നിന്ന് പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
ചില ഫീഡറുകള്‍ അല്പനേരം നിര്‍ത്തിയും വോള്‍ട്ടേജ് നിയന്ത്രിച്ചും ഉപയോഗം കുറച്ചുനിര്‍ത്തുന്നു. വൈദ്യുതി ലഭ്യതയില്‍ 15 ശതമാനത്തോളം കുറവുണ്ട്. 20 ശതമാനത്തിലധികം കുറവുണ്ടായാല്‍ പത്തു മിനിറ്റിലധികം നിയന്ത്രണം വേണ്ടിവരും. സംസ്ഥാനത്തിന് പുറത്തുള്ള 27 താപനിലയങ്ങളില്‍ നിന്നാണ് വൈദ്യുതി എത്തുന്നത്. നാലോളം നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി കിട്ടുന്നില്ല. കേരളം വൈദ്യുതി വാങ്ങുന്ന നിലയങ്ങളെ കല്‍ക്കരി ക്ഷാമം കാര്യമായി ബാധിച്ചിട്ടില്ലാത്തത് ആശ്വാസമാണ്. എന്നാല്‍, കല്‍ക്കരി ക്ഷാമം തുടര്‍ന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്താതെ മുന്നോട്ടുപോകാനാകില്ല.
മാറി വരുന്ന സര്‍ക്കാരുകള്‍ ജലവൈദ്യുത പദ്ധതികളെ തഴയുമ്പോള്‍ ഖജനാവ് കാലിയാക്കുന്ന വെള്ളാനകളായി മാറുകയാണ് ഇവ. 3600-4000 മെഗാവാട്ട് വരെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗമുള്ള കേരളത്തില്‍ നിലവില്‍ പരമാവധി ഉത്പാദിപ്പിക്കാനാകുക 1700 മെഗാവാട്ട് മാത്രം. പല വൈദ്യുത നിലയങ്ങളിലും ജനറേറ്ററുടെ കാലപ്പഴക്കവും അറ്റകുറ്റപ്പണിയും മൂലം ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്.
ശരാശരി 1400 മെഗാവാട്ട് മാത്രമാണ് ഇപ്പോള്‍ ഉത്പാദനം. 90 മെഗാവാട്ട് ശേഷിയുള്ള കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴ, തൃശ്ശൂരിലെ പെരിങ്ങല്‍ക്കുത്ത്-24 മെഗാവാട്ട്, പത്തനംതിട്ടയിലെ അച്ചന്‍കോവില്‍-30, ഇടുക്കി ജില്ലയിലെ പാമ്പാര്‍-40, തൊട്ടിയാര്‍-40, ചെങ്കുളം ഓഗ്മെന്റേഷന്-24, അപ്പര്‍ ചെങ്കുളം-24, ചിന്നാര്‍-24, എറണാകുളത്തെ ഭൂതത്താന്‍കെട്ട്-24 മെഗാവാട്ട് തുടങ്ങിയ പദ്ധതികളെല്ലാം ഇഴഞ്ഞ് നീങ്ങുകയാണ്. ഇടുക്കിയിലെ 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീം നിര്‍മാണം തുടങ്ങിയിട്ട് 15 വര്‍ഷം പിന്നിട്ടു. ഇവയില്‍ നിന്ന് വര്‍ഷത്തില്‍ മഴയുള്ള ആറ് മാസം മാത്രമെ വൈദ്യുതി ലഭിക്കുകയുള്ളുവെന്നതാണ് നിര്‍മാണം വൈകുന്നതിന്റെ കാരണമായി പറയുന്നത്. അതുകൊണ്ടുതന്നെ നിര്‍മാണത്തില്‍ വകുപ്പ് കാര്യമായി ശ്രദ്ധിക്കുന്നില്ല. സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സംസ്ഥാനത്ത് പതിവായി വൈദ്യുതി പ്രതിസന്ധിയുണ്ടാകുന്നത്. 2018ലും സമാന സാഹചര്യമുണ്ടായി. അന്നും വൈദ്യുതി വില കുതിച്ചുയര്‍ന്നപ്പോള്‍ കൂടുതല്‍ തുക മുടക്കി വാങ്ങാനാകാതെ കേരളത്തിന് പിന്‍വാങ്ങേണ്ടി വന്നു. അടുത്തകാലത്തായി വേനല്‍ക്കാലത്ത് സംസ്ഥാനത്ത് കാര്യമായ വൈദ്യുതി പ്രതിസന്ധിയില്ല. എല്ലാത്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം മുന്‍ അനുഭവങ്ങളുണ്ടായിട്ടും പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിമുഖത കാട്ടിയതാണ് നിലവില്‍ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്.
കേന്ദ്രം വൈദ്യുതി നല്‍കാമെന്ന് അറിയിച്ചതിനാല്‍ സംസ്ഥാനത്ത് തല്ക്കാലം പവര്‍കട്ടില്ല. സ്ഥിതി രൂക്ഷമായാല്‍ 19ന് ശേഷം വൈദ്യുതി നിയന്ത്രണത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറയുന്നു. ഏതായാലും കേരളീയരെ ഷോക്കടിപ്പിച്ചാലേ മതിയാകൂ എന്ന വഴിയിലാണ് കേരള സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: