ബിഎംഎസ് സംസ്ഥാന
വൈസ് പ്രസിഡന്റ്
ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപകനും മാര്‍ഗ്ഗദര്‍ശിയുമായിരുന്ന ദത്തോപാന്ത് ബാപ്പുറാവ് ഠേംഗ്ഡി എന്ന ഡി.ബി. ഠേംഗ്ഡി അന്തരിച്ചിട്ട് 2021 ഒക്‌ടോബര്‍ 14ന് 17 വര്‍ഷം. കാലം ചെല്ലുന്തോറും മഹാത്മാക്കളുടെ ഓര്‍മ്മകള്‍ തെളിയുമെന്നതിന് ഉത്തമ ഉദാഹരണമാണ് ഠേംഗ്ഡിജി സ്മൃതിദിനം. കക്ഷിരാഷ്‌ട്രീയത്തിന്റെ അതിപ്രസരവും, കമ്മ്യൂണിസ്റ്റ് സ്വാധീനവും കാരണം മലിനപ്പെട്ടിരുന്ന രാജ്യത്തെ തൊഴില്‍ മേഖലയില്‍ തികച്ചും ദേശീയ കാഴ്ചപ്പാടോടെ ബിഎംഎസ് എന്ന തൊഴിലാളി സംഘടന കെട്ടിപ്പടുക്കുകയും ലോകത്തിലെതന്നെ ശക്തവും കെട്ടുറപ്പുള്ളതുമായ സംഘടനകളില്‍ ഒന്നാക്കി മാറ്റുകയും ചെയ്ത ദത്തോപന്ത് ഠേംഗ്ഡിജിയുടെ സംഘടനാ വൈഭവം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. അങ്ങനെയൊരു മഹദ്‌വ്യക്തിയുടെ ചിന്തയും കാഴ്ചപ്പാടുകളും കൂടുതല്‍ ജനങ്ങളിലേയ്‌ക്ക് എത്തേണ്ടതുണ്ട്.
മഹാരാഷ്‌ട്രയിലെ വാര്‍ധ ജില്ലയില്‍ ആര്‍വ്വി എന്ന സ്ഥലത്ത് ബാപ്പുറാവ് ദാജിബാ ഠേംഗ്ഡിയുടേയും ജാനകീഭായ് ഠേംഗ്ഡിയുടേയും മകനായി ജനിച്ച അദ്ദേഹം നാഗ്പൂരിലെ മോറിസ് കോളജില്‍ ബിഎ എല്‍എല്‍ബി വിദ്യാഭ്യാസം നേടി. 1942 മുതല്‍ ജീവിതാവസാനം വരെ ആര്‍എസ്എസ്സിന്റെ പ്രചാരകനായിരുന്ന ഠേംഗ്ഡിജി സംഘത്തിന്റെ പ്രേരണ അനുസരിച്ചാണ് 1955 ജൂലായ് 23ന് ബിഎംഎസിന് രൂപം നല്‍കുന്നത്. അന്നുമുതല്‍ 1967 ല്‍ ദല്‍ഹിയില്‍ ആദ്യ ദേശീയ സമ്മേളനം നടക്കുന്നതുവരെയുള്ള വ്യാഴവട്ടക്കാലം രാജ്യത്തുടനീളം സഞ്ചരിച്ചു. കാര്യാലയമോ കാര്യസമിതിയോ ഇല്ലാതെ ബിഎംഎസിന്റെ നാമം മാത്രം ഉരുവിട്ട് അചഞ്ചലം ലക്ഷ്യത്തിലേയ്‌ക്കുള്ള യാത്ര. ആ യാത്രയില്‍ ആദ്യകാലപ്രവര്‍ത്തകരില്‍ വക്കീലന്മാരായ മന്‍ഹര്‍ഭായ് മേത്ത (മഹാരാഷ്‌ട്ര), ഗോവിന്ദ് റാവ് ആഠ്‌വാലേ (വിദര്‍ഭ,) നരേശ് ചന്ദ്ര ഗാംഗുലി (ബംഗാള്‍), ബി.പി. ജോഷി (ദല്‍ഹി) തുടങ്ങിയ നിരവധി പേരുണ്ടായിരുന്നു.
മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമായ ചില ആശയങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. ”ഇദം രാഷ്‌ട്രായ ഇദം ന മമ”-എല്ലാം രാഷ്‌ട്രത്തിനായി സമര്‍പ്പിക്കുന്നു. ഒന്നും എനിക്കു വേണ്ടിയല്ല എന്ന പ്രഖ്യാപനത്തിലൂടെ സംഘടനയുടെ ഉദ്ദേശ്യം സ്പഷ്ടമാക്കി. ‘രാഷ്‌ട്രീയേതര ട്രേഡ് യൂണിയന്‍’ എന്ന ആശയത്തെ അന്ന് എതിര്‍ത്തവര്‍ പോലും പില്‍ക്കാലത്ത് അംഗീകരിക്കുകയാണുണ്ടായത്. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തോടൊപ്പംതന്നെ വ്യവസായത്തിന്റേയും രാഷ്‌ട്രത്തിന്റേയും താല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി. സംഘര്‍ഷത്തിനു പകരം സമന്വയത്തിന്റെ പാതയൊരുക്കിക്കൊണ്ട് രാജ്യത്തെ തൊഴില്‍ മേഖലയില്‍ ശാന്തിയും സമാധാനവും സഹവര്‍ത്തിത്തവും ഉണ്ടാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയുണ്ടായി.
1964 മുതല്‍ 1976 വരെ രാജ്യസഭാംഗമായിരുന്ന അദ്ദേഹം പാര്‍ലമെന്റ് കാര്യങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. എല്ലാ പാര്‍ട്ടികളുടേയും നേതാക്കളുമായും വിഭിന്ന തൊഴിലാളി സംഘടനകളുമായും ആത്മബന്ധം പുലര്‍ത്തി. ഒട്ടനവധി ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്തിരുന്ന ഠേംഗ്ഡി ചൈന ഉള്‍പ്പെടെ നിരവധി വിദേശ രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
1975ല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജയപ്രകാശ് നാരായണ്‍ ലോകസംഘര്‍ഷ സമിതിക്ക് രൂപംകൊടുത്തു. നാനാജി ദേശ്മുഖ്, രവീന്ദ്രവര്‍മ്മ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം അതിന്റെ കാര്യദര്‍ശിയായി ചുമതലയേറ്റത് ദത്തോപാന്ത് ഠേംഗ്ഡിജിയാണ്. ഒളിവില്‍ കഴിഞ്ഞുകൊണ്ടുതന്നെ അടിയന്തിരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. പല പ്രമുഖ സംഘടനകള്‍ക്കും അദ്ദേഹം മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരുന്നു. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ജനതാപാര്‍ട്ടിയുടെ രൂപീകരണത്തിനും മുഖ്യപങ്കുവഹിച്ചു. 2003 ല്‍ പ്രഖ്യാപിച്ച പത്മഭൂഷണ്‍ ബഹുമതിയും വിനയത്തോടെ തിരസ്‌കരിച്ചു.
1993ല്‍ വാഷിങ്ടണില്‍ നടന്ന വിവേകാനന്ദ സ്വാമികളുടെ ചിക്കാഗോ പ്രഭാഷണത്തിന്റെ ശതാബ്ദി ആഘോഷപരിപാടിയില്‍ അര്‍ത്ഥശാസ്ത്രത്തെക്കുറിച്ച് വിശദമാക്കിക്കൊണ്ട് ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും ലോകസങ്കല്പത്തെക്കുറിച്ചും ലോകത്തിന് പുതിയ സന്ദേശം നല്‍കി.
വിവിധ ഭാഷകളില്‍ അമ്പതോളം പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ അവസാനത്തെ രചനകളായ ”കാര്യകര്‍ത്താ”, ”ഡോക്ടര്‍ അംബേദ്കര്‍ ഔര്‍ സാമാജിക് ക്രാന്തീ കീ യാത്ര”, തേഡ് വേ (തീസരാ വികല്പ്) എന്നീ ഗ്രന്ഥങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക അടിമത്തത്തില്‍ നിന്ന് രക്ഷിക്കുന്നതിന് ലോകബാങ്ക്, അന്താരാഷ്‌ട്ര നാണയനിധി, ഡങ്കല്‍ നിര്‍ദ്ദേശം, ലോകവ്യാപാര സംഘടന എന്നിവയുടെ അടിച്ചമര്‍ത്തലിനെതിരെ തന്റെ മരണംവരെ നിരന്തരമായ സംഘര്‍ഷം അദ്ദേഹം തുടര്‍ന്നു.
1942 മുതല്‍ 2004 വരെയുള്ള 62 വര്‍ഷക്കാലം സമാജത്തില്‍ ത്യാഗത്തിന്റേയും തപസ്യയുടേയും നിര്‍മോഹ ജീവിതം നയിച്ച അദ്ദേഹം ഉന്നത ചിന്തയും ഒപ്പം ലാളിത്യവും തത്വചിന്തയും ഗഹനമായ പഠനവുമായി ജീവിച്ച സംഘപ്രചാരകനായിരുന്ന ഠേംഗ്ഡിജി ആദ്യം മുന്നില്‍നിന്ന് നയിക്കുകയും, പിന്നീട് ഒപ്പം നിന്നും അതിനു ശേഷം പിന്നില്‍നിന്നും സംഘടനയെ നയിച്ചുകൊണ്ട് പുതിയ പ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതിന് മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക