ബ്രസ്സല്‍സ്: അഫ്ഗാനിസ്ഥാനിലെ മനുഷ്യദുരന്തം ഒഴിവാക്കാന്‍ 102 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്. ജി20 ഗ്രൂപ്പില്‍പ്പെട്ട രാജ്യങ്ങളും അഫ്ഗാനിസ്ഥാനിലെ മനുഷ്യദുരന്തം ഒഴിവാക്കാന്‍ സഹായിക്കും.
എന്നാല്‍ ഈ തുക താലിബാന് സര്‍ക്കാരിന്റെ കൈകളില്‍ നല്‍കില്ല. പകരം അഫ്ഗാനിസ്ഥാനില്‍ മനുഷ്യരെ ദുരന്തത്തില്‍ നിന്നും രോഗങ്ങളില്‍ നിന്നും വിശപ്പില്‍ നിന്നും രക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനകള്‍ക്കാണ് നല്‍കുക.
അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായം നല്‍കാനും ഈ തുക ഉപയോഗിക്കും. എന്തായാലും മനുഷ്യദുരന്തം ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടാന്‍ ജി20 രാജ്യങ്ങളും തീരുമാനിച്ചതായി ഗ്രൂപ്പിന്റെ അധ്യക്ഷത വഹിക്കുന്ന ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ഡ്രാഘി പറഞ്ഞു. എന്തായാലും അഫ്ഗാനിസ്ഥാനിലെ മാനുഷികദുരന്തം ഒഴിവാക്കുന്ന കാര്യത്തില്‍ അംഗങ്ങള്‍ക്ക് ഏകാഭിപ്രായമാണെന്നും ഡ്രാഘി പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജി20 യോഗത്തില്‍ പ്രസംഗിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ജി20 വെര്‍ച്വല്‍ ഉച്ചകോടിയില്‍ സംബന്ധിച്ചിരുന്നു. ഖത്തറില്‍ യുഎസ്-യൂറോപ്യന്‍ യൂണിയന് പ്രതിനിധികളുമായി താലിബാന് ചര്‍ച്ച നടത്തുന്നതിന് സമാന്തരമായാണ് ജി20 യോഗവും നടക്കുന്നത്. അതേ സമയം ചൈനയും റഷ്യയും ജി20 യോഗത്തില്‍ പങ്കെടുക്കാന്‍ പ്രതിനിധികളെ അയക്കുക മാത്രമാണ് ചെയ്തത്. ‘റഷ്യയുടെയും ചൈനയുടെയും രാഷ്ട്രനേതാക്കള്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ജി20 യോഗത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് ഡ്രാഘി പറഞ്ഞു.
അഫ്ഗാനിസ്ഥാന് ഒരു വലിയ മനുഷ്യദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ ലോകരാജ്യങ്ങളും അഫ്ഗാനിസ്ഥാന്റെ പുറത്തുള്ള സ്വത്തുക്കള്‍ മരവിപ്പിച്ചു. ബാങ്കുകളില്‍ പണം തീര്‍ന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ല. ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. മഞ്ഞുകാലം അടുക്കുന്നതോടെ ദശലക്ഷക്കണക്കിന് പേര് കടുത്ത ദാരിദ്ര്യം നേരിടുന്നു.
‘നാല് കോടി ജനങ്ങള്‍ ദുരന്തത്തിലേക്ക് വീഴുന്നത് കണ്ട് നില്‍ക്കാനാവില്ല. വൈദ്യുതി വിതരണമില്ല. രാജ്യത്തെ താങ്ങിനിര്‍ത്താനുള്ള ധനകാര്യസംവിധാനമില്ല. എന്തായാലും അന്താരാഷ്ട്ര സമൂഹത്തിന്റെ ലക്ഷ്യം ഇതായിരിക്കരുത്,’ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജെല മെല്‍ക്കല്‍ പറഞ്ഞു.
തുക താലിബാന് നല്കിയില്ലെങ്കിലും അവിടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകള്‍ക്ക് താലിബാന് സര്‍ക്കാരിന്റെ മറ്റ് സഹായങ്ങള്‍ ഉറപ്പാക്കുമെന്നും ഡ്രാഘി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: