കൊല്ലം : അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. ഐപിസി 302, 307 പ്രകാരം ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ വിധിച്ചിരിക്കുന്നത്. ഉത്രയുടെ ഭര്‍ത്താവും കേസിലെ മുഖ്യ പ്രതിയുമായ സൂരജിന് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്.
ഇന്ന് പന്ത്രണ്ട് മണിയോടെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം. മനോജ് കേസില്‍ വിധി പറയാന്‍ തുടങ്ങിയത്. പ്രതി സൂരജിന്റെ പ്രായവും മാതാപിതാക്കളേയും സഹോദരിയേയും സംരക്ഷിക്കേണ്ടതുണ്ടെന്ന് പരിഗണിച്ചാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. വിഷവസ്തു ഉപയോഗിച്ചതിന് 10 വര്‍ഷം തടവും, തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ഇത് രണ്ടും അനുഭവിച്ചതിന് ശേഷം മാത്രമാണ് ജീവപര്യന്തം ശിക്ഷ ആരംഭിക്കുകയുള്ളൂവെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ കുഞ്ഞിനുള്ള ജീവനാംശം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ് ഇത്. വധശിക്ഷ വിധിക്കുന്നതിനായി സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തിട്ടുണ്ട്. അതിനാല്‍ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളും കേസിനെ ബലപ്പെടുത്തിയിരുന്നു. അതേസമയം കോടതി വിധിയില്‍ തൃപ്തരല്ലെന്നും പ്രതി സൂരജിന് പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു.
2020 മേയ് ആറിനാണ് ഉത്രയെ സ്വന്തം വീട്ടില്‍വെച്ച് പാമ്പുകടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യത്തെ കേസ് കൂടിയാണ് ഇത്.
നൂറ് പവനിലേറെ സ്വര്‍ണവും ഏഴു ലക്ഷം രൂപയോളം വിലയുള്ള കാറുമെല്ലാം സമ്മാനമായി നല്‍കിയാണ് വിജയസേനനും മണിമേഖലയും ഉത്രയെ സൂരജിന് വിവാഹം കഴിച്ചു നല്‍കിയത്. വിവാഹത്തിനു ശേഷം സൂരജിന്റെ അച്ഛന് വാഹനം വാങ്ങാനുളള പണം നല്കിയതും ഉത്രയുടെ കുടംബമായിരുന്നു. ഇതിനു പുറമേ പല കാര്യങ്ങള്‍ പറഞ്ഞ് സൂരജ് ഉത്രയുടെ വീട്ടില്‍ നിന്നും പണം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ഉത്രയുടെ അമ്മയുടെ നാലു പവന് വരുന്ന ആഭരണങ്ങളും കുഞ്ഞിന് സമ്മാനമായി ലഭിച്ച പന്ത്രണ്ടു പവനോളം സ്വര്‍ണവുമെല്ലാം തന്ത്രപൂര്‍വം സൂരജ് കൈക്കലാക്കി. എന്നിട്ടും സൂരജിന്റെ പണത്തോടുളള ആര്‍ത്തി അടങ്ങിയില്ല. ഇതോടെ ഉത്രയെ ഇല്ലാതാക്കി സ്വത്തുക്കള്‍ കൈക്കലാക്കാനും അതിന് ശേഷം മറ്റൊരു വിവാഹം കഴിച്ച് വീണ്ടും സ്ത്രീധനം വാങ്ങണമെന്നും കൂടി തീരുമാനിച്ചുറപ്പിച്ചാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: