കൊല്ലം : ഉത്ര വധശ്രമക്കേസിലെ വിധി പ്രസ്താവന ഇന്ന്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് ഇന്ന് രാവിലെ 11 മണിയോടെ വിധി പ്രസ്താവന നടത്തും. ഉത്രയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ സൂരജിന്റെ(27)മേല്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പ്രസ്താവന മാറ്റിവെയ്ക്കുകയായിരുന്നു.
ആസൂത്രിതകൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങളാണ് സൂരജിന് മേല്‍ ചുമത്തിയിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
2020 മേയ് ആറിനു രാത്രി സ്വന്തംവീട്ടില്‍വെച്ചാണ് ഉത്രയെ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യത്തെ കേസ് കൂടിയാണ് ഇത്.
നൂറ് പവനിലേറെ സ്വര്‍ണവും ഏഴു ലക്ഷം രൂപയോളം വിലയുള്ള കാറുമെല്ലാം സമ്മാനമായി നല്‍കിയാണ് വിജയസേനനും മണിമേഖലയും ഉത്രയെ സൂരജിന് വിവാഹം കഴിച്ചു നല്‍കിയത്. വിവാഹത്തിനു ശേഷം സൂരജിന്റെ അച്ഛന് വാഹനം വാങ്ങാനുളള പണം നല്കിയതും ഉത്രയുടെ കുടംബമായിരുന്നു. ഇതിനു പുറമേ പല കാര്യങ്ങള്‍ പറഞ്ഞ് സൂരജ് ഉത്രയുടെ വീട്ടില്‍ നിന്നും പണം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു.
ഉത്രയുടെ അമ്മയുടെ നാലു പവന് വരുന്ന ആഭരണങ്ങളും കുഞ്ഞിന് സമ്മാനമായി ലഭിച്ച പന്ത്രണ്ടു പവനോളം സ്വര്‍ണവുമെല്ലാം തന്ത്രപൂര്‍വം സൂരജ് കൈക്കലാക്കി. എന്നിട്ടും സൂരജിന്റെ പണത്തോടുളള ആര്‍ത്തി അടങ്ങിയില്ല. ഇതോടെ ഉത്രയെ ഇല്ലാതാക്കി സ്വത്തുക്കള്‍ കൈക്കലാക്കാനും അതിന് ശേഷം മറ്റൊരു വിവാഹം കഴിച്ച് വീണ്ടും സ്ത്രീധനം വാങ്ങണമെന്നും കൂടി തീരുമാനിച്ചുറപ്പിച്ചാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: