പത്തനംതിട്ട: മോന്സണ് മാവുങ്കല്‍ പ്രചരിപ്പിച്ച ചെമ്പോല വിഷയവുമായി ബന്ധപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് ആവശ്യപ്പെട്ടു. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ നശിപ്പിച്ച് ഹൈന്ദവ ഐക്യം തകര്‍ക്കാന്‍ തയ്യാറാക്കിയ ചെമ്പോല വ്യാജമായി നിര്‍മ്മിച്ചതാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി വിശ്വഹിന്ദു പരിഷത്ത് ആദ്യം മുതല്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിശ്വഹിന്ദു പരിഷത്ത് തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുകയും വ്യാജ രേഖകള്‍ പിടിച്ചെടുക്കുകയും വേണം. വ്യാജ ചെമ്പോലയെ ന്യായീകരിച്ച ചരിത്ര പണ്ഡിതന്മാര് അവരുടെ സ്ഥാനമാനങ്ങള്‍ രാജിവച്ച് ഹൈന്ദവ സമൂഹത്തോട് മാപ്പു പറയണമെന്നും വി.ആര്. രാജശേഖരന് ആവശ്യപ്പെട്ടു. വ്യാജ ചെമ്പോല വിഷയത്തിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരാന്‍ വിശ്വഹിന്ദു പരിഷത്ത് നിയമ പോരാട്ടം തുടരുമെന്നും വേണ്ടിവന്നാല്‍ ഉയര്‍ന്ന കോടതികളെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: