നവരാത്രി സമന്വയ ശക്തിയുടെ സന്ദേശമാണ് നല്‍കുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയം. ദുര്‍ഗ്ഗാദേവി ഒന്‍പത് രൂപത്തില്‍ അവതരിച്ച് എല്ലാ ദേവീദേവന്മാരുടെ ശസ്ത്രങ്ങളും കരങ്ങളിലേന്തി, അവരുടെ എല്ലാ ദിവ്യശക്തികളേയും ഒരുമിച്ച് ചേര്‍ത്ത് മഹിഷാസുര നിഗ്രഹത്തിനായി അവതരിച്ചു. ഭൂമീദേവിയെ ദുരിതത്തില്‍ നിന്നും രക്ഷിക്കാനായി ഒമ്പത് ദിവസവും യുദ്ധം ചെയ്ത് അവസാനം വിജയദശമി ദിനത്തില്‍ ധര്‍മ്മവിജയം നേടി. യുഗയുഗങ്ങളായി ഭാരതീയസമൂഹം നവരാത്രിയിലൂടെ സ്വന്തം ജീവിതത്തിലെ ആസുരികഭാവത്തെ ഇല്ലായ്മ ചെയ്യാന്‍, സത്യത്തെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ പരിശ്രമിക്കുന്നു. ഇത് സംഘടിതവും സമന്വിതവുമായ പ്രവര്‍ത്തനമാണ്. ഇത് നമ്മുടെ പൂര്‍വ്വികര്‍ യുഗങ്ങളായി നമുക്ക് കാണിച്ചു തരുന്നു. നാം അത് ജീവിതത്തില്‍ ആചരിക്കുന്നു. വിജയദശമി ആഘോഷം പോലെ തന്നെ ശ്രീരാമചന്ദ്രന്റെ രാവണനിഗ്രഹം ദസറയായി ആഘോഷിക്കുന്നു. രാവണന് ശിവഭക്തനായിരുന്നു. പണ്ഡിതനായിരുന്നു. എന്നാല്‍ അധര്‍മ്മിയായ രാക്ഷസനായി രാവണന് മാറി. രാവണവൃത്തിക്ക് മേല്‍ രാമവൃത്തിയുടെ വിജയമാണ് വിജയദശമി. ഉത്തര ഭാരതത്തില്‍ രാംലീലകള്‍ നടത്തിക്കൊണ്ടാണ് ധര്‍മ്മവിജയം ആഘോഷിക്കുന്നത്.
ആര്‍എസ്എസും വിജയദശമിയും
സംഘപ്രവര്‍ത്തകര്‍ക്ക് വിജയദശമിയുടെ പ്രാധാന്യം മറ്റൊരു തരത്തിലും പ്രസക്തമാണ്. ഡോ. ഹെഡ്ഗേവാര്‍ സംഘം സ്ഥാപിച്ചതും ഒരു വിജയദശമി നാളിലായിരുന്നു. യുഗാബ്ദം 5027- വിക്രമസംവത്സരം 1982ല്‍. ആംഗലേയ വര്‍ഷം 1925 സെപ്തംബര്‍ 27നാണ് ആര്‍എസ്എസ് സ്ഥാപിച്ചത്. അതിന് മുമ്പുള്ള വിജയദശമി ഡോക്ടര്‍ജിയുടെ ജീവിതത്തില്‍ പ്രത്യേകതയുള്ളതാണ്. ആ കാലഘട്ടത്തിലെ എല്ലാ സ്വാതന്ത്ര്യപ്രക്ഷോഭത്തിലും പങ്കാളിയായിരുന്ന ഡോ.ഹെഡ്ഗേവാര്‍ വിദര്‍ഭയില്‍ വിജയദശമിദിനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ആ പ്രസംഗത്തില്‍ ബ്രിട്ടീഷുകാരെ രാവണന് തുല്യമെന്നാണ് വിശേഷിപ്പിച്ചത്. ദേവീചൈതന്യം നിറച്ച് എങ്ങനെയാണോ ദുര്‍ഗ്ഗ മഹിഷാസുര നിഗ്രഹം നടത്തിയത് അതേപോലെ ഭാരതീയര്‍ ബ്രിട്ടീഷുകാരെ ഇല്ലാതാക്കണമെന്ന ആഹ്വാനമാണ് നല്‍കിയത്. ഇത് ബ്രിട്ടീഷുകാരെ അങ്ങേയറ്റം രോഷാകുലരാക്കുകയും അക്രമത്തിന് പ്രേരിപ്പിച്ചെന്ന പേരില്‍ ഡോക്ടര്‍ജിയെ തടവിലാക്കുകയും ചെയ്തു.
സംഘത്തിന്റെ ആശയം സുവ്യക്തവും സ്പഷ്ടവുമാണ്. ഇന്ന് സംഘപ്രവര്‍ത്തനം ലോകമെമ്പാടും പരിചിതമാണ്. രാജ്യത്തെ എല്ലാ ഗ്രാമ, നഗരപ്രദേശങ്ങളിലും ലക്ഷക്കണക്കിന് സ്വയംസേവകര്‍ സംഘപ്രവര്‍ത്തനത്തിലൂടെ പരിവര്‍ത്തനം വരുത്തിക്കൊണ്ടിരിക്കുന്നു. ഈ മാറ്റം സമൂഹം ശ്രദ്ധിക്കുന്നുണ്ട്. അതിനാല്‍ അവരുടെ പ്രതീക്ഷകളും വലുതാണ്. ദേശത്തെ എല്ലാ പ്രതിസന്ധിഘട്ടത്തിലും സംഘപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുമെന്ന ഉത്തമബോധ്യവും അനുഭവങ്ങളുമാണ് അവര്‍ക്കുള്ളത്. അതിനാല്‍ ഏതു രംഗത്തെ പ്രതിസന്ധിയാണെങ്കിലും സംഘം അഭിപ്രായം പറയണം, നേതൃത്വം കൊടുക്കണമെന്നുമൊക്കെ ചിന്തിക്കുന്നത് സ്വാഭാവികമാണ്.
ആര്‍എസ്എസും ഹിന്ദുത്വവും
സംഘം രണ്ടുകാര്യങ്ങളിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. അതിലൊന്നാണ് ഒരു വ്യക്തിയെ എല്ലാ ഗുണങ്ങളോടും കൂടി ദേശഭക്തരായി വാര്‍ത്തെടുക്കുന്ന വ്യക്തിനിര്‍മ്മാണ പ്രക്രിയ. അത്തരം വ്യക്തിശുദ്ധിയുള്ളവരാണ് സമൂഹത്തെ സംഘടിപ്പിക്കേണ്ടതെന്നത് സംഘത്തിന്റെ തുടക്കം മുതലുള്ള കാഴ്ച്ചപ്പാടാണ്. രണ്ടാമത്തെ കാര്യം സംഘടിത സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ്. രാജ്യം നേരിടുന്ന ഏതു വെല്ലുവിളികളേയും നേരിടേണ്ടത് അത്തരം സംഘടിത ശക്തിയായിരിക്കണമെന്നും അവരും ചാരിത്ര്യശുദ്ധിയുള്ളവരും സത്യധര്‍മ്മങ്ങളെ പാലിച്ചുകൊണ്ട് സമന്വയ ഭാവത്തോടെ പ്രവര്‍ത്തിക്കണമെന്നും സംഘം ആഗ്രഹിക്കുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘത്തെ സംബന്ധിച്ച് ഹിന്ദുത്വമെന്നത് അടിസ്ഥാന ആശയമാണ്. എന്നാല്‍ ഇത് ആര്‍എസ്എസ് പുതുതായി സൃഷ്ടിച്ചതാണെന്നും ഹിന്ദു എന്ന തരത്തില്‍ ഒരു സങ്കുചിതത്വം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍ജി ഈ രാഷ്ട്രം ഹിന്ദുരാഷ്ട്രമാണെന്ന് പൊതുവേദിയില്‍ ഉറക്കെ പ്രഖ്യാപിച്ചതാണ്. ഇത് ചിരപുരാതന രാഷ്ട്രമാണ്. ഇത് അന്നും ഇന്നും ഭാവിയിലും ഹിന്ദുരാഷ്ട്രം തന്നെയായിരിക്കുമെന്ന് പറയാന്‍ മടികാണിച്ചിരുന്നില്ല. ഹിന്ദുരാഷ്ട്രമെന്നതില് നമുക്ക് അഭിമാനമാണ് ഉണ്ടാകേണ്ടതെന്നും അത് ഒരു അനുഭൂതിയായി മാറണമെന്നും, അതിലൂടെ പ്രേരണ നേടണമെന്നും ഡോക്ടര്‍ജി എന്നും പറയുമായിരുന്നു. ഹിന്ദുരാഷ്ട്രം എന്നത് ഒരു ശാശ്വത സത്യമാണ്. ഐസക് ന്യൂട്ടന്, തന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ കണ്ടെത്തിയ ഗുരുത്വാകര്‍ഷണ സിദ്ധാന്തം യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയുണ്ടായ കാലം മുതലുള്ള ശക്തിയാണല്ലോ. ന്യൂട്ടന് കണ്ടെത്തുന്നതിന് മുമ്പും ആപ്പിള്‍ ഞെട്ടറ്റാല്‍ ഭൂമിയിലേക്ക് തന്നെയാണ് പതിച്ചിരുന്നത്. അതുപോലെ ഹിന്ദുരാഷ്ട്രത്തിന് സര്‍വ്വകാലിക പ്രസക്തിയാണുള്ളതെന്നും അദ്ദേഹം സുവ്യക്തമായി പറഞ്ഞിരുന്നു.
ഒരു ദശകത്തിനിപ്പുറം പരിശോധിച്ചാല്‍ ലോകത്താകമാനം ഹിന്ദുത്വത്തിന്റേതായ ഉണര്‍വ്വ് ദൃശ്യമാണ്. ഭാരതം മുന്നോട്ടു വയ്ക്കുന്ന ഹൈന്ദവ പാരമ്പര്യങ്ങളിലൂന്നിയ എല്ലാത്തിനും വ്യാപക സ്വീകാര്യത അനുഭവപ്പെടുന്നുണ്ട്. അന്താരാഷ്ട്ര യോഗാദിനം ഇന്ന് ലോകമെമ്പാടുമുള്ളവര്‍ ഏറ്റെടുത്തിരിക്കുന്നു. ജീവിതശൈലിയായി യോഗസാധനയെ മാറ്റിയിരിക്കുന്നു. ഇതേകാര്യം ആയുര്‍വ്വേദത്തിന്റെ പ്രചാരത്തിലും കാണാം.
ഹൈന്ദവജാഗരണം
രണ്ടു സംഭവങ്ങളിലൂടെ ഇവിടെ ജനസമൂഹത്തിലുണ്ടായ ഹൈന്ദവജാഗരണം കാണാം. ഒന്നാമത്തേത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അയോദ്ധ്യയിലെ ഭവ്യമായ ശ്രീരാമക്ഷേത്ര നിര്‍മ്മാണമാണ്. വിവിധ സമയങ്ങളില്‍ നടന്ന അയോദ്ധ്യാ പ്രക്ഷോഭങ്ങളിലൂടെയുണ്ടായ ജനജാഗരണമാണ് സമൂഹ മനസ്സിനെ പാകപ്പെടുത്തിയത്. രാമസേതു വിഷയത്തിലും ജനകീയ മുന്നേറ്റമുണ്ടായി. ഇതുപോലെയാണ് അമര്‍നാഥ് തീര്ത്ഥാടനത്തിനുവേണ്ടിയുണ്ടായ അഭൂതപൂര്‍വ്വമായ ജനജാഗരണം. തീര്‍ത്ഥാടനം നിരോധിച്ചതിനെതിരെ ജനങ്ങള്‍ റോഡിലിറങ്ങിയതോടെ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. ഇതിലൂടെ എങ്ങനെയാണ് ഹിന്ദുഉണര്വിലൂടെ ഹൈന്ദവസമൂഹത്തിന്റെ ചിരകാലസ്വപ്നങ്ങള്‍ സഫലമാകുന്നതെന്നും കാണാന്‍ സാധിക്കും.
ഒരു കാലത്ത് ഹിന്ദു എന്ന് പറയുന്നത് മതേതരവിരുദ്ധവും പിന്തിരിപ്പന് ചിന്താഗതിയും ആയിരുന്നെങ്കില്‍ ഇന്ന് സ്വയം ഹിന്ദുവെന്ന് സ്ഥാപിക്കാന്‍ മത്സരിക്കുകയാണ്. ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരുമൊക്കെ ഹിന്ദുവെന്ന് സ്ഥാപിക്കാന്‍ മത്സരിക്കുന്നു. എന്നാല്‍ അതോടൊപ്പം അത് ആര്‍എസ്എസ്സിന്റെ ഹിന്ദുത്വമല്ല, തങ്ങളാണ് യഥാര്‍ത്ഥ ഹിന്ദുക്കളെന്ന് സ്ഥാപിക്കാനും അവര്‍ വെമ്പല്‍ കൊള്ളുന്നു. ഇത് പ്രകടമായ ഹൈന്ദവജാഗരണത്തിന്റെ ലക്ഷണമാണ്. ആ ചൂട് എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുന്നു. ഇതുകൊണ്ടാണ് പത്തുവര്‍ഷത്തിനിടയില്‍ ഹിന്ദു-ഹിന്ദുത്വം-ഹിന്ദുയിസം, ആര്‍എസ്എസ്, ഭാരതം തുടങ്ങിയ വിഷയങ്ങളില്‍ നൂറുകണക്കിന് പുസ്തകങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ഭാരതീയ ഭാഷകളിലുമായി മാര്‍ക്കറ്റില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതൊന്നും സംഘപ്രവര്‍ത്തകര്‍ രചിക്കുന്നവയുമല്ല. തിരുവനന്തപുരത്തുനിന്നുള്ള ലോകസഭാംഗമടക്കമുള്ളവര് ഹിന്ദുത്വവിഷയത്തില്‍ പുസ്തകം രചിച്ചിരിക്കുന്നു. നിരവധിപേര്‍ അന്താരാഷ്ട്ര സെമിനാറുകളിലും പ്രസംഗിക്കുന്നു.
ഉണരുന്ന ഹിന്ദുത്വ ബോധം
വനവാസി മേഖലയിലാണ് മറ്റൊരു പ്രകട മാറ്റം ദൃശ്യമായത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വനവാസി-ഗോത്രമേഖലയിലും ഒരു കാലത്ത് തങ്ങള്‍ ഹിന്ദുക്കളേയല്ല, എന്ന വ്യാപകമായ തെറ്റിദ്ധാരണയുണ്ടായിരുന്നു. ഉത്തരാഞ്ചല്‍, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, മേഘാലയ, മിസോറം തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഹിന്ദുത്വത്തിനെതിരായ ചിന്താഗതിയാണ് ഇത്തരം സമൂഹങ്ങളെ നയിച്ചിരുന്നത്. എന്നാലിന്ന് അവര്‍ക്കിടയില്‍ എല്ലാവരും ഹൈന്ദവരാണ് എന്ന ചിന്ത വ്യാപിച്ചിരിക്കുന്നു. വനവാസി വികാസ കേന്ദ്രത്തിന്റെ നിരവധി പരിപാടികളിലൂടെ എല്ലാവരും ഹിന്ദുക്കളാണെന്ന് പറയുവാനും ഒത്തുകൂടുവാനും വനവാസി വിഭാഗം സന്നദ്ധരായി. വൈചാരിക മേഖലയിലും ചരിത്രരചനയിലും കാലങ്ങളായി ഉണ്ടായിരുന്ന തെറ്റായ പ്രചാരണങ്ങളെ ഗോത്രസമൂഹം തിരിച്ചറിഞ്ഞ് തള്ളിയിരിക്കുന്നു.
ഹൈന്ദവതയെ ആഗോളതലത്തില്‍ വേരോടെ പിഴുതെറിയുക എന്ന ഉദ്ദേശ്യത്തോടെ ഡിസ്മാന്റില് ദ വേള്‍ഡ് ഹിന്ദുയിസം എന്ന പേരില്‍ അമേരിക്ക കേന്ദ്രീകരിച്ച് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കാന്‍ ഒരു കൂട്ടര് ഒരുങ്ങിയത് അടുത്തിടെയാണ്. എന്നാല്‍ അതിനെതിരെ പ്രതികരിച്ചവര്‍ ലക്ഷക്കണക്കിനാണ്. അവര്‍ പ്രമുഖ വ്യക്തികളെ വിളിച്ച് വിയോജിപ്പും ശക്തമായ എതിര്‍പ്പും രേഖപ്പെടുത്തി. സെമിനാറുകള്‍ സ്പോണ്സര് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ഗവേഷണകേന്ദ്രങ്ങള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും കത്തെഴുതി. കോടാനുകോടി ജനങ്ങള്‍ ഇന്ന് ഹൈന്ദവത ഇഷ്ടപ്പെടുന്നുവെന്നും അതിനെതിരായ നീക്കം അപലപനീയമാണെന്നും അവര്‍ ഒന്നടങ്കം പ്രതികരിച്ചതോടെ ആ പരിപാടികള്‍ പരാജയപ്പെട്ടു. സമൂഹമാദ്ധ്യമങ്ങളും മുഖ്യധാര മാദ്ധ്യമങ്ങളും വഴി വലിയ ഹൈന്ദവാനുകൂല പ്രചാരണം ആരംഭിച്ചതോടെ സര്‍വ്വകലാശ ാലകള്‍ നിഷേധക്കുറിപ്പിറക്കി തലയൂരി. സംഘാടകരാകട്ടെ ആര്‍എസ്എസ് വ്യാപകമായ രീതിയില്‍ തങ്ങളുടെ പരിപാടി പരാജയപ്പെടുത്താന്‍ ചരടുവലിച്ചുവെന്ന് പറഞ്ഞ് രക്ഷപ്പെട്ടു.
കൊവിഡ് കാലത്ത് സമൂഹം ഒത്തുചേര്‍ന്നത് മാതൃകാപരമായി. സംഘപ്രവര്‍ത്തകര്‍ എന്നത്തേയും പോലെ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അത് സ്വാഭാവികമാണ്. എന്നാല്‍ പൊതുസമൂഹം നടത്തിയ സാന്ത്വന ശ്രമം ലോകത്തിലെല്ലായിടത്തും ഉണ്ടായ ഉണര്‍വ്വാണ്. സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുപരിയായി നടന്ന പരിശ്രമം ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. സംഘടിത സാമൂഹ്യ മുന്നേറ്റത്തിലൂടെ ആത്മനിര്‍ഭരമായി നമുക്ക് എന്തൊക്കെ ചെയ്യാനാകും എന്നും നാം തെളിയിച്ചു.
ദേശീയവികാരമുണരുമ്പോഴുള്ള മാറ്റവും ദേശീയബോധമില്ലായ്മയും തമ്മിലുള്ള വ്യത്യാസത്തിന് താലിബാന്റെ ഭീകരത സമീപകാല ഉദാഹരണമാണ്. സംഘടിതസമൂഹമില്ലെങ്കില് രാജ്യം തകരുമെന്നത് അഫ്ഗാനിസ്ഥാനില്‍ കണ്ടു. സമൂഹം പരിവര്‍ത്തന ശീലരാകണം. കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാകണം.
സമാജഹിന്ദുവും രാഷ്ട്ര രക്ഷയും
രാഷ്ട്രരക്ഷയ്ക്കായി സമാജം സംഘടിക്കണം. ഹൈന്ദവ സമൂഹത്തിനകത്തെ കുറവുകള്‍ പരിഹരിക്കാന്‍ നിരവധി സമൂഹ്യപരിഷ്കര്ത്താക്കളാണ് ജന്മമെടുത്തത്. അവരുടെ നിരന്തര പരിശ്രമങ്ങളിലൂടെ സമൂഹം മാറ്റത്തിന് വിധേയരായി. അതിലൂടെ രാജ്യം ശക്തമായി. സംഘപ്രവര്‍ത്തനങ്ങളിലൂടെ നിരവധി സാമൂഹ്യപരിവര്‍ത്തന പരിശ്രമങ്ങളും സേവന പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്. കുടുംബ പ്രബോധനം, ഗ്രാമവികാസം, ഗോസേവ, പരിസ്ഥിതി, സാമൂഹ്യ സമരസത, ക്ഷേത്ര സംരക്ഷണമടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സംഘടിത ശക്തിയാകുന്നത് ആരേയും അടിച്ചമര്‍ത്താനോ പിഴുതെറിയാനോ അല്ല. മറിച്ച് ഒരുമിച്ചുചേര്‍ന്ന് സമൂഹം നേരിടുന്ന വിഷമതകളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനാണ്. സക്രിയവും രചനാത്മകവുമായ സംഘടിത ശക്തിയെന്തെന്ന് ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
രാഷ്ട്രമെന്ന നിലയില്‍ ആന്തരികവും ബാഹ്യവുമായ വെല്ലുവിളികള്‍ അവസാനിച്ചിട്ടില്ല. അതിര്‍ത്തികള്‍ കാക്കണം, ഒപ്പം രാജ്യത്തിനകത്തെ ജനങ്ങളേയും സംരക്ഷിക്കണം. മതപരിവര്‍ത്തനം പോലെ സമൂഹത്തെ ദുര്‍ബലപ്പെടുത്താനുള്ള പരിശ്രമങ്ങളും നടക്കുന്നു. ഹൈന്ദവരുടെ ജനസംഖ്യ ഉയര്‍ന്നു നില്‍ക്കേണ്ടത് ഈ ഭാരതത്തിന്റെ അസ്തിത്വത്തിന് അനിവാര്യ ഘടകമാണ്. അങ്ങനെയല്ലെങ്കില്‍ ഈ നന്മകളെല്ലാം അസ്തമിക്കും. രാജ്യത്ത് ഇന്നും ജാതീയമായും വര്‍ഗ്ഗീയമായും ഉള്ള സംഘര്‍ഷങ്ങള്‍ വെല്ലുവിളികളാണ്. ഇത്തരം വൈജാത്യങ്ങളില്ലാതാകണം.
ആര്‍എസ്എസ് 100-ാം വര്‍ഷത്തിന്റെ പടിവാതില്ക്കല് എത്തിനില്‍ക്കുന്നു. 2025 ല്‍ ആകുമ്പോഴേയ്ക്കും ഹൈന്ദവ സംഘടിത ശക്തിയുടെ ജാഗരണം ശക്തമാകണം. സേവനം, സംവേദന ക്ഷമത, സാമൂഹ്യ പരിവര്‍ത്തനം എന്നിവയിലൂടെ ഇനിയും മുന്നേറേണ്ടതുണ്ട്. ഹിന്ദു അന്തരീക്ഷം പുലരണം. കവി പാടിയത്, എപ്പോഴൊക്കെ ഹിന്ദു എന്ന ഭാവം ഇല്ലാതായോ അപ്പോഴൊക്കെ വിവിധ തരം വിഷമതകള്‍ ഭാരതം നേരിട്ടു. ഹിന്ദുഭാവം നശിച്ചപ്പോള്‍ ഏകോദരസോദരങ്ങളായി ജീവിച്ചവര്‍ തമ്മില്‍ തല്ലി. ഭാരതഭൂമിക്ക് പലതും നഷ്ടമായി. അതിനാല്‍ ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്ക് ഹൈന്ദവ ഭാവം ഉണരണം. സമൂഹത്തില്‍ ദേശീയതയുടെ അഭിമാനമാണ് ഉണ്ടാകേണ്ടത്. രാഷ്ട്രബോധവുമുള്ള നിരവധി പേരുണ്ട്. ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരെല്ലാം മുന്നോട്ട് വരാന്‍ തയ്യാറാണ്. സമര്ത്ഥരാംദാസ് പറഞ്ഞതുപോലെ സജ്ജനങ്ങള്‍ ശക്തരായി മാറണം. ഒപ്പം ശക്തിയുള്ളവര്‍ സജ്ജനങ്ങളാവുകയും വേണം. അവരെല്ലാം ചേരുമ്പോഴാണ് രാഷ്ട്രവൈഭവം സാധ്യമാകുന്നത്.
എല്ലാവരും ഹിന്ദുക്കളാണ്. കുടുംബത്തിനുള്ളില്‍ ഒതുങ്ങുന്ന ഹിന്ദു സമാജഹിന്ദുവാകണം. ആരാധനയിലും ആഘോഷത്തിലും ഹിന്ദുവായാല്‍ പോര. ദേശീയതയുടെ അഭിമാനം പേറുന്ന ഹിന്ദുവാകണം. അലസനായ ഹിന്ദുവല്ല, സക്രിയ ഹിന്ദുവാകണം. അച്ചടക്കമില്ലാത്ത ഹിന്ദുവല്ല, അനുശാസനമുള്ള ഹിന്ദുവാകണം. ഇങ്ങനെ സമൂഹത്തെ സാമര്‍ത്ഥ്യമുള്ളവരും കര്മ്മശേഷിയുള്ളവരുമാക്കുകയാണ് സംഘകാര്യം. സമൂഹത്തെ ഒരുമിച്ച് ചേര്‍ത്ത് രാഷ്ട്രത്തെ ശക്തമാക്കുക എന്ന പ്രതിജ്ഞയാണ് നാം എടുത്തിരിക്കുന്നത്. രാഷ്ട്രവൈഭവം സാക്ഷാത്കരിക്കുക എന്നത് ജീവിതദൗത്യമായി എടുക്കുക എന്ന സന്ദേശമാണ് നമുക്ക് മുന്നിലുള്ളത്.
പരിഭാഷ: രാജേഷ് ചന്ദ്രന്
8281219403
പ്രതികരിക്കാൻ ഇവിടെ എഴുതുക: