ന്യൂദല്‍ഹി:പാകിസ്ഥാനിലെ തീവ്രവാദസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുള്ള ഒരു ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ലോകമെമ്പാടുമുള്ളവര്‍ക്ക് ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാനാവും.ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
‘അചി ബാതേന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മൊബൈല്‍ ആപില്‍ മുഴുവന്‍ ഇസ്ലാമിക പഠനങ്ങളാണ് ലഭ്യമാകുക. ജെയ്ഷ് ഇ മുഹമ്മദുമായി നേരിട്ട് ബന്ധമുള്ളതായി ഈ ആപ് വ്യക്തമാക്കുന്നില്ലെങ്കിലും ഈ ആപ് ഡവലപറുടെ പേജില്‍ ജെയ്ഷ് -ഇ- മുഹമ്മദ് മേധാവി മൗലാന മസൂദ് അസ്ഹറുമായി ബന്ധപ്പെട്ടുള്ള ഉള്ളടക്കങ്ങള്‍ കാണാം.
പുറത്തുള്ള ചില വെബ് പേജുകളുമായും ഇതിനെ ലിങ്ക് ചെയ്തിട്ടുണ്ട്. അതില്‍ മസൂദ് അസ്ഹറും കൂട്ടാളികളുമായി ബന്ധമുള്ള ഓഡിയോ സന്ദേശങ്ങളും പുസ്തകങ്ങളും സാഹിത്യവും ലഭ്യമാണ്. ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ 2001 മുതല്‍ ജെയ്ഷ് ഇ മുഹമ്മദിനെ നിരോധിച്ചിട്ടുണ്ട്. അമേരിക്കയുടെ ആഭ്യന്തരവകുപ്പും ഇതിനെ ഒരു വിദേശ തീവ്രവാദ സംഘടനയായി കണക്കാക്കിയിട്ടുണ്ട്.
ആപ് ഡവലപ് ചെയ്യുന്നവര്‍ ഒരു ബ്ലോഗ് പേജ് സൃഷ്ടിച്ചിട്ടുണ്ട്. ഈ പേജ് ആപിനെക്കുറിച്ച് വിശദീകരിക്കുന്ന പേജിലേക്ക് ഹൈപര്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ഈ വെബ് പേജില്‍ ജെയ്ഷ് ഇ മുഹമ്മദ് മേധാവി മസൂദ് അസ്ഹര്‍ എഴുതിയ ലേഖനം കാണാം. സാഡി എന്ന തൂലികനാമത്തിലാണ് മസൂദ് അസ്ഹര്‍ ലേഖനമെഴുതിയിരിക്കുന്നത്. മസൂദ് അസ്ഹറിന്റെ സാഡി എന്ന തൂലികാനാമം പ്രസിദ്ധമാണ്.
പ്ലേ സ്റ്റോറില്‍ 2020 ഡിസംബര്‍ നാലിനാണ് ഈ ആപ് ആദ്യമായി എത്തുന്നത്. ഇതുവരെ 5,000 പേര്‍ ഈ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. സ്വതന്ത്ര വിദ്യാഭ്യാസ ആപില്‍ സന്ദേശങ്ങളും പ്രമുഖരുടെ ആപ്തവാക്യങ്ങളും പാകിസ്ഥാനില്‍ നിന്നുള്ള നിരവധി ഇസ്ലാമിക മതപണ്ഡിതരുടെ പുസ്തകങ്ങളുടെ ലിങ്കുകളും കാണാം. മൗലാന താരിഖ് ജമില്‍ മുതല്‍ കൊല്ലപ്പെട്ട തീവ്രവാദി റാഷിദ് അഹമ്മദിന്റെ വരെ ലേഖനങ്ങള്‍ ഉണ്ട്.
പുറത്തേക്കുള്ള പേജുകളിലേക്കുള്ള രണ്ട് ലിങ്കുകളില്‍ ഒന്നില്‍ മസൂദ് അസ്ഹറിന്റെ 2001 നും 2019നും ഇടയില്‍ റെക്കോഡ് ചെയ്ത ശബ്ദസന്ദേശങ്ങളാണ്. മസൂദ് അസ്ഹറിന്റെ ഇളയസഹോദരനും ജെയ്ഷിന്റെ പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിക്കുന്ന മേധാവിയുമായ അബ്ദുല്‍ റൗഫ് അസ്ഗറിന്റെയും അദ്ദേഹത്തിന്റെ അനുയായി തല്‍ഹ സെയ്ഫിന്റെയും ശബ്ദസന്ദേശങ്ങളുണ്ട്. മറ്റൊരു ലിങ്കില്‍ നിറയെ മസൂദ് അസ്ഹര്‍ എഴുതിയ പുസ്തകങ്ങളാണ്.
ഈ ആപ് ജര്‍മ്മനിയിലെ ഒരു സെര്‍വറുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഒരു സാങ്കേതിക വിശകലനത്തില്‍ വ്യക്തമായിട്ടുണ്ട്. ജര്‍മ്മനിയിലെ കൊന്‍ടാബോ ഡേറ്റ സെന്ററിന്റെ സെര്‍വറുമായാണ് ഈ ആപ് ബന്ധപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: