ജി. പ്രഭ (സിനിമാ സംവിധായകന്‍, സംസ്‌കൃതം പ്രൊഫസര്‍)
എന്റെ രണ്ട് സിനിമകളിലും വേണുച്ചേട്ടന്‍ അഭിനയിച്ചു. അഭിനയിച്ചുവെന്നല്ല ആ രണ്ട് സംസ്‌കൃത സിനിമകളുടെയും ഭാഗമായി. ആദ്യ സിനിമ ‘ഇഷ്ടി’യില്‍ രാമവിക്രമന്‍ നമ്പൂതിരിയായി. ഇനി വരാന്‍ പോകുന്ന ‘തയാ’ യില്‍ ഈശ്വരന്‍ നമ്പൂതിരി. പ്രധാന കഥാപാത്രമായ താത്രിക്കുട്ടിയുടെ അച്ഛന്‍. അദ്ദേഹം അവസാനമായി അഭിനയിച്ച് പൂര്‍ത്തിയാക്കിയ കഥാപാത്രം അതായിരുന്നു.
2021 ആഗസ്റ്റ് ഒന്നിനായിരുന്നു ഡബ്ബിങ്, ചിത്രാഞ്ജലി സ്റ്റുഡിയോയില്‍. ലോക്ഡൗണ്‍ ഇളവുകള്‍ വന്ന വേളയില്‍ അദ്ദേഹം ധൃതിപിടിച്ച് അത് പൂര്‍ത്തിയാക്കുകയായിരുന്നു. ആശുപത്രിയില്‍ പോകുന്നതിന് ഒരാഴ്ചമുമ്പും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, സിനിമയെക്കുറിച്ച്.
അസാമാന്യമായിരുന്നു രണ്ട് ചിത്രീകരണ വേളകളും. തയായില്‍ അഭിനയിക്കുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അവശതയേറെ. പക്ഷേ, സംസ്‌കൃതത്തില്‍ ഒരു സിനിമ, അതില്‍ അഭിനയിക്കാനുള്ള അവസരം പാഴാക്കരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനായിരുന്നു. അതാണ് നെടുമുടി വേണു. കച്ചവട സിനിമയുടെ ഭാഗമായിരിക്കെ, തട്ടുപൊളിപ്പന്‍ സിനിമകളില്‍ തകര്‍ത്തഭിനയിക്കെ, സംസ്‌കൃത നാടകത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തുക. പഴയ തട്ടകമായ സോപാനത്തിന്റെ പരിപാടികള്‍ക്ക് കൃത്യമായി എത്തുക. സംസ്‌കൃത സിനിമയില്‍ സര്‍വ്വം മറന്ന് സഹകരിക്കുക- പ്രതിഭയ്‌ക്കും അര്‍പ്പണ മനസ്‌കനുമേ അതൊക്കെ സാധ്യമാകൂ.
ബിഎ ഡിഗ്രിക്ക് സംസ്‌കൃതമായിരുന്നു ഉപഭാഷ. പരന്ന വായനയും കാവാലം നാടകക്കളരിയിലെ ശീലങ്ങളും നാടന്‍ സംസ്‌കാരത്തെ വളര്‍ത്തി. ഭാരതീയ നാടക സങ്കല്‍പ്പങ്ങളും നാടോടി വിജ്ഞാനീയവും രംഗവിജ്ഞാനവും അഭിനയ കലയില്‍ അദ്ദേഹത്തെ പ്രഗത്ഭനാക്കി. സംസ്‌കാരവും സ്വത്വത്തിന്റെ വേരുകളും തമ്മിലുള്ള ആത്മബന്ധം ഏറെയായിരുന്നു. അഭിനയ മുഹൂര്‍ത്തങ്ങളില്‍ നിര്‍ദേശങ്ങള്‍ സ്വാംശീകരിച്ച് ആവശ്യപ്പെട്ടതിനപ്പുറം സംവിധായകന് നല്‍കുന്ന കലാ വിരുതായിരുന്നു അദ്ദേഹത്തിന്.
ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുമ്പോഴും അതിസാധാരണക്കാര്‍ക്കും സമീപിക്കാവുന്ന കലാകാരനായിരുന്നു. മറ്റൊന്നും നോക്കാതെ ഏറ്റെടുക്കുന്ന ദൗത്യം പൂര്‍ത്തിയാക്കുകയും മറ്റുള്ളവര്‍ക്ക് സഹായകവും പ്രോത്സാഹനവും നല്‍കുന്ന അഭിനേതാവ്, ഒപ്പം നടിക്കുന്നവരും സംവിധായകരും ലൈറ്റ് ബോയിയും വരെയുള്ളവരോട് സൗഹാര്‍ദ്ദത്തോടെ പെരുമാറിയിരുന്ന നടന്‍.
ഇന്ത്യന്‍ സിനിമയില്‍ ഇത്രത്തോളം വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാര്‍ കുറവാണ്. അഭിനയ ശൈലിയില്‍ നാട്യശാസ്ത്രം പറയുന്ന ചതുരഭിനയത്തിലും അഗ്രഗാമിയായിരുന്നു. നോട്ടം, ചലനം, സംഭാഷണം തുടങ്ങി സകലതിലും നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. ആ വലിയ കലാകാരന് ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: