തിരുവനന്തപുരം : കോവിഡിനും സാമ്പത്തിക പ്രതിസന്ധിക്കുമിടയില്‍ വീണ്ടും ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുക്കാനായി ടെന്‍ഡര്‍ വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ തവണ ഹെലിക്കോപ്ടര്‍ വാടകയിനത്തില്‍ 22 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്. അടിയന്തിര സാഹചര്യങ്ങളില്‍ പോലും ഉപയോഗിക്കാതെ ഇത്രയും തുക വാടകയിനത്തില്‍ ചെലവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വീണ്ടും ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുക്കാന്‍ ഒരുങ്ങുന്നത്.
ഒമ്പത് പേര്‍ക്ക് ഇരുന്ന യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിന്‍ ഹെലികോപ്ടര്‍ ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മണിക്കൂര്‍ നിരക്കില്‍ അധിക ചെലവായി ഹെലിക്കോപ്ടര്‍ വീണ്ടും വാങ്ങിക്കണോയെന്നാണ് ചോദ്യം ഉയരുന്നത്.
കോവിഡിന്റെ ആരംഭത്തില്‍ 2020 ഏപ്രിലിലാണ് പോലീസിനെന്ന പേരില്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. പൈലറ്റ് ഉള്‍പ്പടെ മൂന്ന് ജീവനക്കാരുമായി ദല്‍ഹിയിലെ പവന്‍ഹന്‍സില്‍ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. 20 മണിക്കൂര്‍ പറത്താന്‍ 1.44 കോടി വാടകയും അതില്‍ കൂടുതലായാല്‍ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.
ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ ഇതുവരെ ജിഎസ്ടി ഉള്‍പ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകള്‍ക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്. എന്നാല്‍ ഇത്രയും കൂടിയ തുകയ്‌ക്ക് ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുത്തെങ്കിലും അടിയന്തിര സാഹചര്യങ്ങളിലൊന്നും ഇതിന്റെ ഉപയോഗം നടന്നില്ല.
വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങള്‍ക്ക് പോലീസിന് വ്യക്തമായ മറുപടിയില്ല. കൂടാതെ പവന്‍ ഹാന്‍സില്‍ നിന്നും ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുത്തതിനെതിരേയും ആരോപണമുണ്ട്. ഇതിലും കുറഞ്ഞ തുകയ്‌ക്ക് വാഗ്ദാനം ചെയ്‌തെങ്കിലും ഇത് നോക്കാതെ പവന്‍ ഹാന്‍സിന്റേത് സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്ക് എടുക്കുകയായിരുന്നു. ഈ ആരോപണങ്ങള്‍ക്കെല്ലാം പിന്നാലെയാണ് ഹെലികോപ്ടര്‍ വാടകയ്‌ക്ക് എടുക്കാന്‍ സര്‍ക്കാര്‍ വീണ്ടും നീക്കം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: