തിരുവനന്തപുരം: ശബരിമലയ്ക്കെതിരായ വ്യാജ ചെമ്പോല വാര്‍ത്ത ചെയ്ത 24 ന്യൂസിനെതിരായ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്ന് അഭിഭാഷകന് ശങ്കു ടി.ദാസ്. ഈ വിഷയത്തില്‍ 24 ന്യൂസ് ചീഫ് എഡിറ്റര്‍ ആര്. ശ്രീകണ്ഠന് നായരുടെ നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതി അഭിഭാഷകനായ അഡ്വ. സി. ഉണ്ണികൃഷ്ണന് അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചെന്ന് ശങ്കു ടി.ദാസ്. 24 ന്യൂസിന് എതിരെ എഴുതിയതോ പറഞ്ഞതോ ആയ ഒരു പോസ്റ്റോ വാചകമോ പോലും പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറല്ല.ഞാന്‍ സമര്‍പ്പിച്ച ഒരു പരാതിയും തിരിച്ചെടുക്കുകയോ അതുമായി ബന്ധപ്പെട്ട് ആരംഭിച്ച എന്തെങ്കിലും നടപടി അവസാനിപ്പിക്കുകയോ ചെയ്യില്ല.നിരുപാധികമായോ ഉപാധിയോടെയോ, പരസ്യമായോ സ്വകാര്യമായോ, ഫേസ്ബുക്കിലൂടെയോ നേരിട്ടോ ഒരു കാരണവശാലും ഞാന്‍ മാപ്പ് പറയുകയുമില്ലെന്ന് ശങ്കു ഫേസ്ബുക്കില്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
24 ന്യൂസ് ചീഫ് എഡിറ്റര്‍ ആര്. ശ്രീകണ്ഠന് നായരുടെ നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതി അഭിഭാഷകനായ അഡ്വ. സി. ഉണ്ണികൃഷ്ണന് എനിക്കെതിരെ അയച്ച വക്കീല്‍ നോട്ടീസ് ഇന്ന് ഉച്ചക്ക് ഇമെയിലിലായി കിട്ടി ബോധ്യപ്പെട്ടു. ‘മൂന്ന് ദിവസത്തിനകം വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വിഷയത്തില്‍ ഞാനിത് വരെ എഴുതിയ എല്ലാ ഫേസ്ബുക് പോസ്റ്റുകളും ഡിലീറ്റ് ചെയ്യുകയും, അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും പരാതികളിലും ഞാന്‍ ഉന്നയിച്ച വാദങ്ങളും നടത്തിയ പ്രസ്താവനകളും മുഴുവന്‍ പിന്‍വലിക്കുകയും, 24 ന്യൂസിന് എതിരെ കേന്ദ്ര സര്‍ക്കാരിന് ഓണ്‍ലൈനായി പരാതികള്‍ അയക്കാന്‍ ആരംഭിച്ച ക്യാമ്പയിന് അടിയന്തിരമായി അവസാനിപ്പിക്കുകയും, ഈ വിഷയത്തില്‍ സമര്‍പ്പിച്ച പരാതികള്‍ എല്ലാം പിന്‍വലിക്കുകയും, അത് കൂടാതെ മറ്റൊരു ഫേസ്ബുക് പോസ്റ്റിലൂടെ ഇത് വരെ നടത്തിയ ഇടപെടലുകള്‍ക്കെല്ലാം പരസ്യമായി നിരുപധികം മാപ്പ് പറയുകയും, ഇനി മേലില്‍ ഈ വിഷയത്തില്‍ 24 ന്യൂസിന് പൊതുസമൂഹത്തിന് മുന്നില്‍ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു നടപടിക്കും മുതിരില്ലെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്യാത്ത പക്ഷം എനിക്കെതിരെ 1 കോടി രൂപക്ക് നിയമ നടപടി സ്വീകരിക്കും എന്നാണ് നോട്ടീസിലെ താക്കീത്.’
നോട്ടീസിന് അടുത്ത ദിവസം തന്നെ വിശദമായ മറുപടി അയക്കുന്നുണ്ട്.
അതില്‍ ഘണ്ടിക തിരിച്ച് തന്നെ തെറ്റായ ആരോപണങ്ങള്‍ നിഷേധിക്കുകയും ശരിയായ വസ്തുതകള്‍ വിശദീകരിക്കുകയും ചെയ്യുന്നതാണ്.
ഇന്നിപ്പോള്‍ ചുരുക്കത്തില്‍ ഇത്ര മാത്രം പറയാം.
ഈ വിഷയത്തില്‍ 24 ന്യൂസിന് എതിരെ എഴുതിയതോ പറഞ്ഞതോ ആയ ഒരു പോസ്റ്റോ വാചകമോ പോലും പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറല്ല.
ഞാന്‍ സമര്‍പ്പിച്ച ഒരു പരാതിയും തിരിച്ചെടുക്കുകയോ അതുമായി ബന്ധപ്പെട്ട് ആരംഭിച്ച എന്തെങ്കിലും നടപടി അവസാനിപ്പിക്കുകയോ ചെയ്യില്ല.
നിരുപാധികമായോ ഉപാധിയോടെയോ, പരസ്യമായോ സ്വകാര്യമായോ, ഫേസ്ബുക്കിലൂടെയോ നേരിട്ടോ ഒരു കാരണവശാലും ഞാന്‍ മാപ്പ് പറയുകയുമില്ല.
ഞാനീ വിഷയത്തില്‍ ഇന്ന് വരെ എഴുതിയതോ പറഞ്ഞതോ ആയ ഓരോ വാക്കും വരിയും എന്റെ പൂര്‍ണ്ണ ബോധ്യത്തിലും ഉത്തമ വിശ്വാസത്തിലും ശരിയായ ധാരണയിലും ഞാന്‍ ഉന്നയിച്ചിട്ടുള്ളതാണ്.
അതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇനിയും ഈ വിഷയത്തില്‍ സാധ്യമായ എല്ലാ തരത്തിലുമുള്ള നടപടികളുമായി മുന്നോട്ട് തന്നെ പോവുകയും ചെയ്യും.
അതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന ഏത് സിവില്‍ ക്രിമിനല്‍ വ്യവഹാരത്തെയും പൂര്‍ണ്ണ മനസ്സാലേ ഞാന്‍ ഇതിനാല്‍ സ്വാഗതം ചെയ്യുന്നു.
തരിമ്പും ഖേദരഹിതനായി,
ശങ്കു തുളസീദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: