കോഴിക്കോട്: വ്യാജരേഖകള്‍ ഉണ്ടാക്കി ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന ചില രാഷ്ട്രീയക്കാരുടെ ചെയ്തികള്‍ക്ക് ചരിത്ര പണ്ഡിതര്‍ കൂട്ടുനില്‍ക്കുന്നത് തികഞ്ഞ അധാര്മികതയാണെന്ന് തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു.
ശബരിമലയെ സംബന്ധിച്ച് മോന്സണ് മാവുങ്കല്‍ എന്നയാളുടെ കൈവശമുണ്ടായിരുന്നതും 2018ല്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച വ്യവഹാരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയതെന്നു കരുതുന്നതുമായ ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രിതന്നെ സമ്മതിച്ചുകഴിഞ്ഞു. ശബരിമലക്കെതിരായ നീക്കങ്ങള്‍ക്ക് ആ ചെമ്പോല ഉപയോഗിക്കാന്‍ ചില മാധ്യമങ്ങളും തയാറായി. ചെമ്പോലയുടെ ആധികാരികത പരിശോധിച്ച ചരിത്രപണ്ഡിതന്‍ അത് യഥാര്‍ത്ഥമാണെന്ന് വിലയിരുത്തിയത് ചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നു വേണം കരുതാന്‍.
ഇത്തരം വ്യാജനിര്‍മിതികള്‍ ചരിത്രത്തിന്റെയും പുരാവസ്തുക്കളുടെയും കാര്യത്തില്‍ ഇതിന് മുമ്പും നടന്നതായാണ് അറിയന്നത്. വ്യാജ ചെമ്പോല നിര്‍മിക്കാന്‍ സഹായിച്ചത് വട്ടെഴുത്തില്‍ വിദഗ്ധനായ തിരുവനന്തപുരത്തെ ഒരു പണ്ഡിതനാണെന്ന് ഈയിടെ പ്രൊഫ. എം.ജി. ശശിഭൂഷണ്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ കള്ളത്തരത്തിന് ചൂട്ടുപിടിക്കുന്ന ജോലി ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഏറ്റെടുക്കരുതെന്നും തപസ്യ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: