കോഴിക്കോട്: ഭാരതീയ സംസ്കാരത്തില്‍ സ്ത്രീപുരുഷ ഭേദമില്ലെന്ന് സ്വാമിനി ശിവാനന്ദപുരി. കേസരി ഭവനില്‍ നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തില്‍ ‘ഭാരതീയ ഉപാസനാ പദ്ധതിയിലെ ലിംഗസമത്വം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
സ്ത്രീത്വത്തിന് ഏറ്റവും മഹനീയമായ സ്ഥാനം കല്പിച്ചിട്ടുള്ള സംസ്കാരമാണ് ഭാരതത്തിന്റേത്. നവരാത്രി ആഘോഷം തന്നെ സ്ത്രീത്വത്തിന് ഭാരതം നല്കുന്ന പരിഗണനയുടെ പ്രതീകമാണ്. വേദകാലം മുതല്‍ നമ്മുടെ നാട് സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനം നല്‍കിയിരുന്നു. ഭാരതത്തില്‍ ഋഷികളോടൊപ്പം ഋഷികകളും ബ്രഹ്മചാരിണികളും ഉണ്ടായിരുന്നു. ആദരിക്കാനുള്ള എന്തിനും മാതൃഭാവവും ദേവീ ഭാവവും നല്കിയ പാരമ്പര്യമാണ് സനാതനധര്‍മ്മം അനുവര്‍ത്തിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
ബാലഗോകുലം സംസ്ഥാന സഹഭഗിനി പ്രമുഖ്, ജയശ്രീ ഗോപീകൃഷ്ണന് അദ്ധ്യക്ഷയായി. ഉള്ളൂര്‍ എം. പരമേശ്വരന് വിവര്‍ത്തനം ചെയ്ത കുലശേഖര ആഴ്വാരുടെ പെരുമാള്‍ തിരുമൊഴി എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. സുകന്യ മോഹന്‍, ബിന്ദു അനൂപ്, ഉള്ളൂര്‍ എം. പരമേശ്വരന് എന്നിവര്‍ സംസാരിച്ചു. വി.എച്ച്.പി മാതൃശക്തിയുടെ ഭജനയും സുധീര്‍ കടലുണ്ടിയും സംഘവും അവതരിപ്പിച്ച ജുഗല്ബന്ധിയും സര്‍ഗോത്സവത്തില്‍ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: