നടനാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും നെടുമുടിക്കാരന്‍ കെ. വേണുഗോപാല്‍, നെടുമുടിവേണു എന്ന സിനിമാനടനാകുമെന്ന് കരുതിയതേയില്ല. സിനിമാ നടനാകാനായി പ്രത്യേകിച്ച് ശ്രമമൊന്നും നടത്തിയതുമില്ല. പ്രതിഭ മാത്രമായിരുന്നു കൈമുതല്‍. അഞ്ഞൂറിലധികം കഥാപാത്രങ്ങളിലൂടെ നാലര പതിറ്റാണ്ട് സിനിമയില്‍ നിറസാന്നിധ്യമാകാന്‍ കഴിഞ്ഞതും അതിനാലാണ്. നെടുമുടിവേണു അരങ്ങൊഴിയുമ്പോള്‍ വലിയ ശൂന്യതയാണ് നിറയുന്നത്. സിനിമയില്‍ അദ്ദേഹത്തിന്റെ ഇരിപ്പിടം ഒഴിഞ്ഞുതന്നെ കിടക്കും.
വട്ടിയൂര്‍ക്കാവിനടുത്തുള്ള തമ്പ് എന്ന വീട് നെടുമുടിവേണു ഏറെ ആഗ്രഹിച്ചു വച്ചതാണ്. എന്നും ഗ്രാമീണതയെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം നഗരത്തിരക്കില്‍ നിന്നൊഴിഞ്ഞുമാറി വീടുവച്ചു. തമ്പ് എന്നും കലകളുടെ കൂടാരമായിരുന്നു. വേണു അവിടെയിരുന്ന് മൃദംഗം വായിച്ചു, പാട്ടുപാടി, കഥകളിയിലെ കീചകനും ദുശ്ശാസനനും നളനുമായി… അവിടെയത്തുന്നവര്ക്കുമുന്നില് അദ്ദേഹം തികഞ്ഞ കലാകാരനായി. നെടുമുടിയില്ലാത്ത തമ്പിലെ ശൂന്യതയാണ് ഏറെ വേദനിപ്പിക്കുക.
ഒരിക്കല്‍ തമ്പിലിരുന്ന് നെടുമുടിപറഞ്ഞു, ”കഴിഞ്ഞ നാല്പതു വര്‍ഷം സ്വപ്നസമാനമായ ജീവിതമായിരുന്നു. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു സിനിമാതാരമാകണമെന്ന് ആഗ്രഹിച്ചതേയില്ല. നാടകത്തിലായിരുന്നു കമ്പം. നാടകമാണ് സിനിമയിലേക്ക് വഴിയൊപ്പിച്ചത്. ‘അവനവന് കടമ്പ’ നാടകം ജി. അരവിന്ദനാണ് ചെയ്തത്. അതിലൂടെയുണ്ടായ ആത്മബന്ധം സിനിമയിലേക്കെത്തിക്കുകയായിരുന്നു. അരവിന്ദന്റെ ‘തമ്പി’ല്‍ അഭിനയിച്ചത് അങ്ങനെയാണ്. തമ്പില്‍ തുടങ്ങിയ ജീവിതം നാല്പതുവര്ഷം കഴിഞ്ഞു എന്ന് വിശ്വസിക്കാനാകുന്നില്ല. ഇടയ്ക്ക് സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണരുമ്പോഴാണ് ഞാന്‍ തനി കുട്ടനാട്ടുകാരനാകുന്നത്. ഞാറ്റുപാട്ടിന്റെയും വള്ളംകളിയുടെയും ഈണത്തിലും ബഹളത്തിലും ജീവിക്കുന്ന തനി കുട്ടനാട്ടുകാരന്….”
ആരവമുയരുന്നു
കോളേജ് വിദ്യാഭ്യാസത്തിനുശേഷം ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായി. അധ്യാപനത്തോടൊപ്പം പ്രൊഫഷണല്‍ നാടകങ്ങളിലും അമച്വര്‍ നാടകങ്ങളിലും പ്രവര്‍ത്തിച്ചു. പഠനകാലത്തുതന്നെ നാടകപ്രവര്‍ത്തനം തുടങ്ങി. പത്രപ്രവര്‍ത്തകനായാണ് തിരുവനന്തപുരത്തെത്തിയത്. കലാകൗമുദിയിലായിരുന്നു. തിരുവനന്തപുരത്ത് താമസമാക്കിയപ്പോള്‍ കാവാലവുമായുള്ള ബന്ധത്തിന് ആഴം കൂടി. അരവിന്ദന്, പദ്മരാജന്, ഭരത്ഗോപി തുടങ്ങിയ അതുല്യ പ്രതിഭകളുമായി സൗഹൃദത്തിലാകുന്നതും തിരുവനന്തപുരം വാസകാലത്താണ്. അവനവന് കടമ്പയില്‍ നിന്ന് ജി. അരവിന്ദന് വേണുവിനെ തമ്പിലെത്തിച്ചു. 1978 സപ്തംബര്‍ ഒന്നിനാണ് തമ്പ് വെള്ളിത്തിരയിലെത്തുന്നത്. ഭരത്ഗോപിയും വി.കെ. ശ്രീരാമനും ജലജയുമായിരുന്നു മറ്റ് പ്രധാന അഭിനേതാക്കള്‍. ഗോപിയുമായി അന്നുമുതല്‍ ഒരാത്മബന്ധം നെടുമുടി കാത്തുസൂക്ഷിച്ചു.
തമ്പിന് പിന്നാലെയാണ് ഭരതന്റെ ആരവം. അതില്‍ വളരെ പ്രാധാന്യമുള്ള വേഷം നെടുമുടിക്ക് കിട്ടി. ഗ്രാമത്തിലൂടെ അലഞ്ഞുനടന്ന് പക്ഷികളെ വെടിവച്ച് പിടിക്കുന്ന മരുത് എന്ന കഥാപാത്രം. ഇതിലെ മുക്കുറ്റീ തിരുതാളീ… എന്ന കാവാലം നാരായണപ്പണിക്കരുടെ വരികള്‍ പാടിയഭിനയിക്കുന്ന നെടുമുടിവേണുവിനെ ആര്‍ക്കും മറക്കാനാകില്ല. ആരവം പ്രേക്ഷകര്‍ സ്വീകരിച്ചതോടെ നെടുമുടി മലയാള ചലച്ചിത്രലോകത്ത് ഇരിപ്പിടം സ്ഥാപിക്കുകയായിരുന്നു. പദ്മരാജന്റെ ‘ഒരിടത്തൊരു ഫയല്വാന്’ മലയാള സിനിമയിലെ പുതിയ ചുവടുവയ്പ്പായിരുന്നു. അന്നുവരെയുള്ള സമാന്തര സിനിമാസങ്കല്പങ്ങളെ ആ ചിത്രം മാറ്റിമറിച്ചു. ഒരിടത്തൊരു ഫയല്‍വാനിലെ നായകന്, ഫയല്‍വാനായി അഭിനയിച്ച റഷീദായിരുന്നെങ്കിലും നെടുമുടിയുടെ കേശവപിള്ളയെന്ന തയ്യല്ക്കാരന് മേസ്ത്രിയായിരുന്നു പ്രധാനകഥാപാത്രം. നെടുമുടിയിലെ പ്രതിഭയെ ഉരച്ചുനോക്കിയ ചലച്ചിത്രമായിരുന്നു പദ്മരാജന്റെ ഫയല്വാന്. പിന്നീടിങ്ങോട്ട് മലയാള ചലച്ചിത്രലോകമെന്നല്ല, ഇന്ത്യന്‍ സിനിമകണ്ടത് അഭിനയകലയുടെ വിസ്മയിപ്പിക്കുന്ന മിന്നല്‍പ്പിണറുകള്‍ തീര്‍ത്ത നെടുമുടിക്കാലമാണ്.
ഭരതന്-പദ്മരാജന് കൂട്ടുകെട്ടിലുണ്ടായ തകരയിലെ ചെല്ലപ്പനാശ്ശാരിയെ ആര്‍ക്കുമറക്കാനാകും. എന്നും മനസിലൊരു നീറ്റലാണ് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ മാഷ്, പദ്മരാജന്റെ കള്ളന് പവിത്രനിലെ പവിത്രന്, ഭരതന്റെ പാളങ്ങളിലെ എഞ്ചിന് ഡ്രൈവര്‍, ഓര്മയ്ക്കായിയിലെ ബാലു, ഇത്തിരിപ്പൂവേ ചുവന്നപൂവിലെ പോറ്റി, ചിലമ്പിലെ സഹദേവന്, ചാമരത്തിലെ ഫാദര്‍, അരപ്പെട്ടകെട്ടിയ ഗ്രാമത്തിലെ ഗോപി, വൈശാലിയിലെ രാജഗുരു, ഈ തണുത്തവെളുപ്പാന്കാലത്തിലെ വാര്യര്‍, ഭരതത്തിലെ കല്ലൂര്‍ രാമനാഥന്, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഉദയവര്‍മ്മ… എത്രയോ കഥാപാത്രങ്ങള്‍.
പ്രതിനായകനായും പകര്‍ന്നാട്ടം
പദ്മരാജന്റെയും ഭരതന്റെയും സത്യന്‍അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും സിബിമലയിലിന്റെയും ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളോരോന്നും വിസ്മയക്കാഴ്ചകളായിരുന്നു. പ്രിയദര്‍ശന്റെ പല ചിത്രങ്ങളിലും ഹാസ്യപ്രധാനമായ വേഷങ്ങള്‍ അദ്ദേഹം അനശ്വരമാക്കി. ഒപ്പം, ചന്ദ്രലേഖ, വന്ദനം, ചിത്രം, താളവട്ടം പോലെയുള്ള ചിത്രങ്ങളിലെ വേഷങ്ങളും. സത്യന് അന്തിക്കാട് ചിത്രങ്ങളില്‍ പലതിലും നെടുമുടിക്ക് നല്ലവേഷങ്ങള്‍ ലഭിച്ചു. തന്റെ രണ്ടാമത്തെ ചിത്രമായ കിന്നാരം മുതല്‍ സത്യന് നെടുമുടിയെ ഒപ്പം കൂട്ടി. വികെഎന്നിന്റെ കഥയെ ആസ്പദമാക്കി സത്യന് സംവിധാനം ചെയ്ത അപ്പുണ്ണിയിലെ അപ്പുണ്ണി എന്ന കഥാപാത്രം വേണുവിന്റെ സിനിമാജീവിതത്തില്‍ ഏറെ വഴിത്തിരിവുണ്ടാക്കി. കെ.ജി. ജോര്‍ജ്ജും പി.ജി. വിശ്വംഭരനും ഐ.വി. ശശിയും സിബിമലയിലും മോഹനനും ലെനിന് രാജേന്ദ്രനും മുതല്‍ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളില്‍വരെ നെടുമുടിവേണു വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി. നായകനായും സഹനടനായും വില്ലനായും പകര്‍ന്നാടി. പഞ്ചവടിപ്പാലത്തിലെയും മുത്താരം കുന്ന് പിഒയിലേയും കഥാപാത്രങ്ങള്‍ ഹാസ്യാഭിനയത്തിന്റെ മനോഹരദൃശ്യങ്ങളാണ്. ചമ്പക്കുളം തച്ചനും ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയും അടക്കം എത്രയോ ചിത്രങ്ങളില്‍ പ്രതിനായകനായും സ്ക്രീനില്‍ വന്നു. തമിഴത്തെ പ്രമുഖ താരങ്ങളും സംവിധായകരും നെടുമുടി വേണുവിന്റെ സാന്നിധ്യം ആഗ്രഹിച്ചെങ്കിലും മലയാളത്തില്‍ ഉറച്ചു നില്‍ക്കാനായിരുന്നു ആഗ്രഹം. ഇന്ത്യന്‍ എന്ന ചിത്രത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ നല്‍കിയാണ് കമല്ഹാസന് ആദരവു പ്രകടിപ്പിച്ചത്. ഷങ്കറിന്റെ അന്യനിലും അവതരിപ്പിച്ചത് മികച്ച കഥാപാത്രത്തെ.
സിനിമയോടൊത്തുള്ള ജീവിതം
പലര്‍ക്കും സിനിമ പ്രശസ്തിക്കും പണത്തിനും വേണ്ടിയുള്ള മാര്‍ഗമായപ്പോള്‍ നെടുമുടി അത്തരത്തില്‍ പണമുണ്ടാക്കാന്‍ തിടുക്കം കാട്ടിയില്ല. പ്രതിഫലത്തിനായി ആരോടും വഴക്കടിച്ചില്ല. ചെറിയ വേഷമാണെങ്കില്‍ പോലും നന്നായി ചെയ്ത് ഇത് തന്റെ കര്‍മമാണെന്ന് ഉറപ്പിക്കും. സിനിമയ്ക്ക് വേണ്ടിമാത്രം ജീവിതം. സിനിമയോടൊത്തുള്ള ജീവിതം. അതായിരുന്നു ആ അതുല്യപ്രതിഭ.
എല്ലാവര്ക്കും സിനിമയെ കര്‍മമായി കാണാനാകില്ലെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. പണം ധാരാളം മുടക്കുമുതലുള്ള വലിയ വ്യവസായമാണിത്. എനിക്ക് ആവശ്യങ്ങള്‍ കുറവായിരുന്നു. അതുകൊണ്ട് സിനിമയില്‍ മാത്രം ഉറച്ചുനിന്നു. മറ്റ് വ്യവസായങ്ങള്‍ ചെയ്ത് ലാഭം ഉണ്ടാക്കാനുള്ള മനസ്സ് എനിക്കില്ലായിരുന്നു. കൂടുതല്‍ പണം വേണമെന്ന് തോന്നിയിട്ടില്ല. മക്കളെ ആ വഴിക്ക് വിടണമെന്നും തോന്നിയില്ല. ആദ്യമൊക്കെ അഭിനയത്തിന് പ്രതിഫലം ചോദിച്ചു വാങ്ങുകപോലുമില്ലായിരുന്നു. തരുന്നത് വാങ്ങും. പലരും വഴക്ക് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ പണം ചോദിച്ചു വാങ്ങണമെന്ന് പലരും നിര്‍ബന്ധിച്ചിട്ടുണ്ട്. വാങ്ങാതിരുന്നതുകൊണ്ട് ഒരിക്കലും എനിക്ക് നഷ്ടം ഉണ്ടായിട്ടില്ല. സിനിമയില്‍ നിന്നുള്ള വരുമാനത്തിന്റെ ഗ്രാഫ് ഉയര്‍ന്നു തന്നെയാണ് നിന്നത്. ഓരോ സിനിമ കഴിയുമ്പോഴും അത് കൂടിക്കൂടി വന്നു. നാലഞ്ച് സിനിമകളില്‍ അഭിനയിച്ചപ്പോഴും സിനിമാനടനാണെന്ന് തോന്നിയില്ല. ആരും എന്നെ തിരിച്ചറിഞ്ഞതുമില്ല. യാത്രയൊക്കെ സാധാരണ പോലെയായിരുന്നു. ബസ് കാത്തു നിന്ന് ആലപ്പുഴയ്ക്കും ബോട്ടില്‍ കയറി നെടുമുടിക്കും പോയി. ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്നു. ആരും എന്നെ തിരിച്ചറിഞ്ഞില്ല. പിന്നീടെത്രയോ കഴിഞ്ഞാണ് സിനിമാനടനാണെന്ന തോന്നല്‍ ഉണ്ടായത്. ‘വിടപറയും മുമ്പേ’ തീയേറ്ററിലെത്തുകയും പ്രദര്‍ശനവിജയം നേടുകയും ചെയ്തപ്പോള്‍ ആളുകള്‍ എന്നെയും തിരിച്ചറിയാന്‍ തുടങ്ങി…”
തമ്പില്‍ നെടുമുടിയുടെ ശരീരസാന്നിധ്യം ഇനിയുണ്ടാകില്ലെങ്കിലും ആ ചാരുപടിയില്‍ അദ്ദേഹമുണ്ട്. എന്നും പൂമുഖത്ത് വച്ചിരിക്കുന്ന ആല്‍ബങ്ങളിലെ ചിത്രങ്ങള്‍ മറിച്ചുനോക്കികൊണ്ട്… അതില്‍ അപ്പുണ്ണിയുണ്ട്, ചെല്ലപ്പനാശ്ശാരിയുണ്ട്, കള്ളന് പവിത്രനുണ്ട്, ബാലുവുണ്ട്, ഗോപിയുണ്ട്, സഹദേവനുണ്ട്, രാജഗുരു ഉണ്ട്…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: