ന്യൂദല്‍ഹി: കേന്ദ്ര യുവകായികമന്ത്രിയായ അനുരാഗ് താക്കൂറിന്റെ കയര്‍ ചാട്ടം വൈറലായി. ഇന്ത്യാടൂഡേ സംഘടിപ്പിച്ച പ്രത്യേക കോണ്‍ക്ലേവിലായിരുന്നു അതിശയിപ്പിക്കുന്ന വേഗതയില്‍, ഒറ്റക്കാലിലും മാറിമാറിയും യുവകായിക മന്ത്രി റോപ് ട്രിക് നടത്തിയത്.
ഇന്ത്യക്കാരോട് ഫിറ്റ്നസില്‍ ശ്രദ്ധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ ഈ സ്കിപ്പിങ് റോപ്പുപയോഗിച്ചുള്ള പ്രകടനം. ഇതുപോലെ ചെയ്യാനാവുമോ എന്ന് ഇന്ത്യടുഡേയുടെയും ആജ് തക്കിന്റെയും വാര്‍ത്താ ഡയറക്ടറായ യുവ പത്രപ്രവര്ത്തകന് രാഹുല്‍ കന്‍വാറിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു അനുരാഗ് താക്കൂര്‍ സ്റ്റേജില്‍ പരസ്യമായി സ്കിപ്പിംഗ് റോപ്പുപയോഗിച്ച് എല്ലാവരേയും അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്തത്. വൈകാതെ യുവകായികമന്ത്രിയുടെ ഈ പ്രകടനം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. മന്ത്രിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട് അതനുകരിക്കാനല്ല, പകരം സ്റ്റേജില്‍ അമ്പരന്ന് നില്‍ക്കാനേ രാഹുല്‍ കന്‍വാറിന് കഴിഞ്ഞുള്ളൂ.
അനുരാഗ് താക്കൂര്‍ തന്നെ പിന്നീട് ഈ വീഡിയോ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു.
ഇതോടെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള യുവാക്കള്‍ ഈ പോസ്റ്റിനെ അങ്ങേയറ്റം വാഴ്ത്തി കുറിപ്പുകളിട്ടതോടെ ഈ പോസ്റ്റ് വൈറലാവുകയായിരുന്നു. കുര്‍ത്തയും പൈജാമയും ധരിച്ച മന്ത്രി ഇടതുകാല് മാത്രമുപയോഗിച്ചും വലതുകാല്‍ മാത്രമുപയോഗിച്ചും അതിവേഗം സ്കിപ്പിംഗ് റോപ്പില്‍ ചാടുന്നത് കണ്ട് സദസ്സ് എഴുന്നേറ്റ് കയ്യടിച്ചു. ‘ഫിറ്റ് ഇന്ത്യ’ എന്ന പ്രധാനമന്ത്രി മോദിയുടെ മുദ്രാവാക്യത്തെ എല്ലാ അര്‍ത്ഥത്തിലും ഏറ്റെടുക്കുന്നതായി യുവമന്ത്രിയുടെ സ്റ്റേജിലെ പ്രകടനം.
ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ കായികരംഗത്തെ ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ച് പിന്നീട് അനുരാഗ് താക്കൂര്‍ പ്രസംഗിച്ചു. കൂടുതല്‍ മത്സരങ്ങളും കായിക താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരേയും തടഞ്ഞുനിര്‍ത്തുന്ന സംസ്കാരത്തിന് പകരം കായികപ്രകടനം നടത്താന്‍ പ്രേരിപ്പിക്കുന്ന സംസ്കാരമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ കായികഇനങ്ങളോടുള്ള താല്പര്യത്തെയും അദ്ദേഹം ശ്ലാഘിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: