ശ്രീനഗര്‍: പൂഞ്ചില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. പൂഞ്ച് ജില്ലയിലെ സുരാന്‍ഘോട്ട് പ്രവിശ്യയിലെ ധേരാ കി ഗലിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സൈന്യം ഇവിടെ പ്രതിരോധവും ആയുധങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലും ഒന്നിച്ചു നടത്തുന്ന കാസോ ഓപ്പറേഷന്‍ എന്ന കാര്‍ഡന്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷന്‍ ഇന്ന് രാവിലെ നടത്തിയത്. തിരച്ചിലിനിടയില്‍ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ തിരിച്ചടിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് ജമ്മുവിലെ പതിരോധ വകുപ്പ് പി ആര്‍ ഒ ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള പൂഞ്ച്, രജൗരി ജില്ലകളില്‍ അടുത്ത കാലത്തായി ഭീകര പ്രവര്‍ത്തനങ്ങള്‍ ഏറി വരികയാണെന്നും കേണല്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ആഗസ്റ്റ് ഒന്‍പതിന് അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്), കരസേന, സ്പഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്.ഒ.ജി) എന്നീ സേനകള്‍ സംയുക്തമായി പൂഞ്ചില്‍ നടത്തിയ സൈനിക നീക്കത്തില്‍ മെന്ദര്‍ പ്രവിശ്യയിലെ ഭീകരരുടെ ഒരു ഒളിത്താവളം തകര്‍ക്കുകയും നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ആയുധങ്ങളില്‍ എകെ47, ചൈനീസ് നിര്‍മിത പിസ്റ്റളുകള്‍, ചൈനീസ് ഗ്രനേഡുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: