തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ ഉത്ര കൊലക്കേസിന്റെ വിധി എന്തെന്ന് അറിയാന്‍ കോടതിയില്‍ എത്തി വാവ സുരേഷ്. അതേസമയം, ഉത്രയ്ക്ക് ആദ്യമായി പാമ്പ്കടിയേറ്റ വിവരം അറിഞ്ഞപ്പോള്‍ തന്നെ സംഭവം കൊലപാതകമാണെന്ന് ഉറപ്പിച്ചിരുന്നുവെന്ന് വാവ സുരേഷ് ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. രണ്ടാം നിലയിലെ മുറിയില്‍ വെച്ച് യുവതിക്ക് പാമ്പ്കടിയേറ്റുവെന്ന് അറിഞ്ഞപ്പോള്‍ സംശയം തോന്നി. ഇത്രയും കാലമായി ഒരിക്കല്‍ പോലും അങ്ങനെ ഒരു പാമ്പിനെ രണ്ടാം നിലയില്‍ നിന്ന് പിടിക്കാന്‍ ആര്‍ക്കും അങ്ങനെ കഴിഞ്ഞിട്ടില്ല എന്നതിനാലാണ് കൊലപാതകം ആണെന്ന് തോന്നിയതെന്ന് വാവ സുരേഷ് പറയുന്നു. അണലിയുടെ സാന്നിധ്യം മുന്‍പ് പ്രദേശത്ത് ഉണ്ടായിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ പാമ്പിനെ ആരോ എത്തിച്ചതാണെന്ന് ഉറപ്പായിരുന്നു. ഉറക്കത്തിലാണ് പാമ്പുകടിയേറ്റതെന്നും ഉത്ര അത് അറിഞ്ഞില്ലെന്നും പറഞ്ഞപ്പോള്‍ സംശയം ബലപ്പെട്ടു. ഉറക്കത്തില്‍ ഒരു കൊതുക് കടിച്ചാല്‍ പോലും ഞെട്ടി ഉണരാറുള്ള മനുഷ്യര്‍ മൂര്‍ഖനോ അണലിയോ കടിച്ചാല്‍ തീര്‍ച്ചയായും ഉണരേണ്ടതാണ്. ആരെങ്കിലും മനപൂര്‍വം മയക്കികിടത്തിയാല് മാത്രമേ ഉത്തരത്തില്‍ ഉണരാതെ ഇരിക്കൂ.
പറക്കോട് തന്നെയുള്ള സൂരജിന്റെ ബന്ധുവിന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് ഒരു പാമ്പിനെ പിടിക്കാന്‍ പോയപ്പോഴാണ് ഉത്ര കേസിനെക്കുറിച്ച് ആദ്യമായി അറിഞ്ഞതെന്നും അപ്പോള്‍ അവിടെ വെച്ച് തന്നെ ഇത് യുവതിയുടെ ഭര്‍ത്താവ് അല്ലെങ്കില്‍ വീട്ടിലുള്ള മറ്റാരോ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ചെയ്തതാണെന്ന് പറഞ്ഞിരുന്നു. അണലി ഒരിക്കലും രണ്ടാം നിയില്‍ തനിയെ എത്തില്ല. പിന്നീട് താന്‍ ചെയ്തത് പ്രദേശത്ത് മുന്‍പ് ആര്‍ക്കെങ്കിലും അണലിയുടെ കടിയേറ്റിയിട്ടുണ്ടോ,സാന്നിധ്യമുണ്ടോ എന്നീ കാര്യങ്ങളാണ്. അത്തരത്തില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
ഉത്രയുടെ മരണത്തിന് പിന്നാലെ കുറച്ച് ദിവസം കഴിഞ്ഞ് വീട് സന്ദര്‍ശിച്ചിരുന്നു. പാമ്പ് ജനലിലൂടെ ഇഴഞ്ഞ് പോയതിന്റെ അടയാളം ഇല്ലായിരുന്നു. പാമ്പിന് എത്താന്‍ കഴിയുന്നതിലും കൂടുതലായിരുന്നു ഉയരം. ശുചിമുറിയുടെ വെന്റിലേഷന് വഴി പാമ്പ് അകത്തേക്ക് കയറിയോ എന്നുള്‍പ്പെടെ പരിശോധിച്ചിരുന്നു. സാധാരണഗതിയില്‍ ഒരു പാമ്പ് എത്താനുള്ള ഒരു സാധ്യതയുമില്ലെന്നും അവിടെ നിന്ന് മനസ്സിലാക്കുകയും ഇത് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തുവെന്നും വാവ സുരേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: