തിരുവനന്തപുരം: ശബരിമലയിലെ ആധികാരിക രേഖയെന്ന പേരില്‍ മോന്സണ് കൈവശംവച്ചിരുന്ന ചെമ്പോല വ്യാജമെന്ന് നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് വിവാദ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ചെമ്പോല വ്യാജമാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ടെന്നും വ്യാജ ചെമ്പോല പ്രചരിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഷയത്തില്‍ ഗൗരവകരമായ അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. സ്പെഷ്യല്‍ ടീമിനെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തട്ടിപ്പിന് കൂട്ട് നിന്നവരേയും കണ്ടെത്തുമെന്നും അവര്‍ക്കും ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ മോന്‍സന്റെ വീട്ടില്‍ എന്തിനാണ് പോയതെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇന്റലിജന്‍സ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. മോന്‍സന്റെ വ്യാജ പുരാവസ്തുക്കള്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയതെന്തിനാണെന്ന് അന്വേഷിക്കുമെന്നും പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്കി.
മോന്‍സന്റെ വ്യാജ ചെമ്പോല ആധികാരികമാണെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. ട്വന്റിഫോര്‍ ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടറും മോന്‍സന്റെ സുഹൃത്തുമായ സഹിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രചരണം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് ആയതോടെ വിശ്വസ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പാര്‍ട്ടി മുഖപത്രങ്ങളും സൈബര്‍ പോരാളികളും ചെമ്പോല ആധികാരികമാണെന്ന തരത്തില്‍ വ്യാപക പ്രചരണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: