പൊലീസ് എന്ന് ആംഗലേയത്തില്‍ എഴുതിയാല്‍ അതിലെ ഓരോ അക്ഷരവും ഓരോ സംസ്കാരത്തെ സൂചിപ്പിക്കുന്നു എന്നു പറയാറുണ്ട്. സമൂഹത്തിലെ ഗുണാത്മകവും പുരോഗമനപരവുമായ ആറ് സ്വഭാവവിശേഷങ്ങളെ ദ്യോതിപ്പിക്കുന്ന ആറ് അക്ഷരങ്ങളില്‍ വിളങ്ങി നില്ക്കുന്ന സംവിധാനമാണ് മേപ്പടി പൊലീസ്. ആ ഗുണവിശേഷങ്ങളുമായി സമൂഹത്തെ കാത്തു സംരക്ഷിക്കണമെന്നാണ് വിവക്ഷ. അതില്‍ എത്രയെണ്ണം നമ്മുടെ സ്വന്തം നാട്ടിലെ പൊലീസിലുണ്ട് എന്നു ചോദിച്ചാല്‍ ആര്‍ക്കുണ്ട് മറുപടി? ഇല്ലെന്നല്ലേ ഇതുവരെയുള്ള അനുഭവം.
പൊലീസിന്റെ ഈദൃശ സ്വഭാവരീതി സൂക്ഷ്മമായി വിശകലനം ചെയ്തത് ജുഡീഷ്യറിയാണ്. അടുത്ത കാലത്ത് ഒട്ടേറെ സംഭവങ്ങളിലായി പൊലീസ് സംവിധാനത്തെ ശരിക്കും കുത്തിപ്പിഴിഞ്ഞു ജുഡീഷ്യറി. ന്യായാധിപന്മാര് വാക്കാലും അല്ലാതെയും നടത്തിയ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പൊലീസിനാവുന്നില്ല എന്നാണ് പിന്നീടുണ്ടായ ഒട്ടേറെ സംഭവഗതികള്‍ തെളിയിക്കുന്നത്.
ഏറ്റവും ഒടുവില്‍ തെക്കന്‍കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനില്‍ സംഭവിച്ചത് ഞെട്ടിക്കുന്നതല്ലേ? തന്നെ നിരന്തരം അപമാനിച്ച വ്യക്തിക്കെതിരെ പരാതി പറയാന്‍ തെന്മല പൊലീസ് സ്റ്റേഷനിലെത്തിയ ദുര്‍ബല വിഭാഗത്തിലെ യുവാവിനെ അക്ഷരാര്‍ത്ഥത്തില്‍ കൊല്ലാക്കൊല ചെയ്യുകയായിരുന്നില്ലേ പൊലീസുകാര്‍? വാദിയെ പ്രതിയാക്കുക എന്ന നാട്ടുപ്രയോഗം ശരിക്കും ആ സ്റ്റേഷനിലെ പൊലീസുകാര്‍ നടപ്പാക്കിയെന്നു ചുരുക്കം! പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതും പോരാഞ്ഞ് സ്റ്റേഷന്റെ കൈവരിയില്‍ കൈയാമം വെച്ചു നിര്‍ത്തി എന്നറിയുമ്പോള്‍ ഈ കേരളം എവിടെയെത്തിയെന്ന് ഒരുവേള ഞെട്ടിത്തരിക്കേണ്ടിവരുന്നു. പരാതിക്കാരനെ മര്‍ദ്ദിച്ചവശനാക്കിയ പൊലീസ് അയാള്‍ക്കെതിരെ കേസുമെടുത്തു എന്നു മനസ്സിലാക്കുമ്പോള്‍ എന്ത് ജനാധിപത്യ സംവിധാനമാണിവിടെ തഴച്ചുവളരുന്നത് എന്ന് ചോദിച്ചു പോകുന്നില്ലേ?
മനുഷ്യരോട് ഇടപെടുമ്പോള്‍ മൃഗങ്ങളെക്കാളും അധപ്പതിച്ച സ്വഭാവം പുറത്തെടുക്കുന്ന ഇത്തരം പൊലീസ് സംവിധാനത്തെ എന്തടിസ്ഥാനത്തിലാണ് ഒരു ജനാധിപത്യ സംവിധാനം താങ്ങിത്താലോലിച്ചു നിര്‍ത്തുന്നത്? കര്‍ക്കശമായ ഭാഷയില്‍ കോടതി ചോദിച്ചത് ഇവിടുത്തെ ഭരണാധികാരികള്‍ കേട്ടോ ആവോ? കാലാകാലങ്ങളില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ അവരുടെ ‘ആക്ഷന്‍ ഗാങ്’ ആയി പൊലീസിനെ മാറ്റുമ്പോള്‍ സാധാരണക്കാരും ദുര്‍ബലരും നിസ്സഹായരുമായ ജനങ്ങള്‍ തീ തിന്നു കഴിയേണ്ട സ്ഥിതിയിലേക്കു കുഴഞ്ഞു വീഴുന്നു. നീതിയും നിയമവും നടപ്പാക്കേണ്ടവര്‍ അവര്‍ക്കു രുചിക്കുന്ന നിയമവും നീതിയും കൊണ്ട് നാട് കുട്ടിച്ചോറാക്കുന്നു. സമൂഹത്തിന്റെ ‘വാച്ച്ഡോഗാ’ണ് പൊലീസ് എന്നത് പരിഹാസ്യപ്രയോഗമാവുന്നു. ഭരണകൂടത്തിന് ഒത്താശ ചെയ്തു കൊടുക്കുന്നതിനാലാവാം മനുഷ്യരെ ചവിട്ടിമെതിക്കുന്ന പൊലീസുകാര്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. ദിനംപ്രതി അത്തരക്കാര്‍ കാളക്കൂറ്റന്മാരെപ്പോലെ സൈ്വരവിഹാരത്തിലാണ്. ഇത്തരം അവസ്ഥ തുടരുമ്പോള്‍ സാധാരണക്കാര്‍ സ്വയരക്ഷയ്ക്ക് മറ്റുമാര്‍ഗം തേടുന്ന നിലയിലേക്കു പോകും. അത് സമൂഹത്തെ അരാജകത്വത്തിലേക്കായിരിക്കും കൈപിടിച്ചു കൊണ്ടുപോവുക.
സാധാരണക്കാരുടെ സര്‍ക്കാര്‍ എന്നവകാശപ്പെടുന്ന ഭരണസംവിധാനം വാസ്തവത്തില്‍ ആദ്യം ശ്രദ്ധിക്കേണ്ടതും യുക്തമായ നടപടിക്രമങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതും പൊലീസ് സംവിധാനത്തിലാണ്.കാരണം ക്രമസമാധാനത്തകര്ച്ചയുണ്ടായാല് എല്ലാ മേഖലയും താളംതെറ്റി അലങ്കോലമാവും. എന്നാല്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവവും നിഷ്ക്രിയത്വവുമാണ് സര്‍ക്കാറിനുള്ളത്. അതു കണക്കിലെടുത്താവാം അടുത്തയിടെ കോടതി ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യങ്ങള്‍ വിലയിരുത്തിയത്. അതിരൂക്ഷമായ ഭാഷയിലാണ് ന്യായാധിപന്മാര് പൊലീസിലെ അക്രമവാസനയും കൊള്ളരുതായ്മയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി പ്രതികരിച്ചത്. ജനാധിപത്യ സംവിധാനത്തിലെ ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം നിവൃത്തിയില്ലാതെ ജുഡീഷ്യറി ഏറ്റെടുക്കുമ്പോള്‍ അത് താക്കീതും ഓര്‍മപ്പെടുത്തലുമാണ് എന്നറിയണം. ഒരു ഭൂലോക ഫ്രോഡിന്റെ കൊട്ടാരത്തില്‍ പോയി കൈകൊടുത്ത് കെട്ടിപ്പിടിച്ച് സൗഹൃദം ദൃഢപ്പെടുത്തിയത് മുന്‍ പൊലീസ് ചീഫായിരുന്നു. അദ്യം അടുത്തൂണ്‍ പറ്റിയപ്പോള്‍ കീശ നിറച്ച് പുതുലാവണം തരപ്പെടുത്തിയത് ഭരണത്തലവനും. ഇതിന്റെ ഉള്ളുകള്ളി പ്രജകളും കോടതിയും നന്നായി മനസ്സിലാക്കിയിട്ടുണ്ട്. സംരക്ഷിക്കേണ്ടവരെ പെരുവഴിയിലും അകറ്റിനിര്‍ത്തേണ്ടവരെ അണിയറയിലും നിര്‍ത്തുന്നയാള്‍ നയിക്കുന്ന പൊലീസില്‍ നിന്ന് കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍ എന്ന പൊതുമനസ്സായിരിക്കുന്നു ജനങ്ങള്‍ക്ക്. എന്തു കൊള്ളരുതായ്മ ചെയ്താലും അത്തരക്കാരെ ചിറകിനുള്ളില്‍ കാത്തു വെക്കുന്ന ഭരണത്തലവനും ജുഡീഷ്യറി വിരല്‍ ചൂണ്ടിയതിലെ വസ്തുത വിലയിരുത്തണം. പൊലീസ് എന്താണെന്നു പറഞ്ഞുകൊടുക്കാനെങ്കിലും ഇടയ്ക്കിടെ യോഗം വിളിക്കുമ്പോള്‍ സമയം കണ്ടെത്തണം. ഇല്ലെങ്കില്‍ സര്‍വനാശത്തിന്റെ വക്കത്ത് ഇങ്ക്വിലാബ് വിളിച്ചിരിക്കേണ്ടിവരും, ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: