അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കില്ലെന്ന് വെച്ചാല്‍……… അതെ, ചൈനയെക്കുറിച്ചാണ്. അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഇന്ത്യയില്‍ ചര്‍ച്ച ചെയ്യാതെ പോയ ഒരു സംഭവമാണ്. കഴിഞ്ഞാഴ്ച അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് കടന്നുകയറാന്‍ ചൈനീസ് സൈന്യം ഒരു വിഫല ശ്രമം നടത്തിയതാണ് കാര്യം. മുന്‍കാലങ്ങളില്‍ അവര്‍ പലപ്പോഴും ഇത്തരം ഒളിനീക്കങ്ങള്‍ നടത്താറുണ്ട്; എന്നാല്‍ ദല്‍ഹിയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പഴയപോലെ അത്തരം ശ്രമങ്ങള്‍ അവര്‍ നടത്തിയിരുന്നില്ല അഥവാ അതില്‍ വലിയതോതില്‍ കുറവുവന്നു. കാരണം വ്യക്തം; അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ സദാ ജാഗരൂകരാണ്; മോദി ഭരണകൂടം അവര്‍ക്ക് എല്ലാ ആധുനിക യുദ്ധോപകരണങ്ങളും സൗകര്യങ്ങളും ലഭ്യമാക്കി. അതിലുപരി സൈനികരുടെ ആത്മവിശ്വാസം വാനോളമുയര്‍ത്താന്‍ നരേന്ദ്ര മോദിക്കായി. ശരിയാണ്, ഇതൊക്കെ അറിഞ്ഞിട്ടും ചൈന എന്തിനൊക്കെയോ ശ്രമിക്കുന്നു അഥവാ എന്തൊക്കെയോ ആഗ്രഹിക്കുന്നു.
മോദി സര്‍ക്കാര്‍ പ്രതിരോധ രംഗത്ത് നടത്തിയ വിവിധ പരിഷ്കാരങ്ങള്‍ പലവട്ടം ഇവിടെ മുന്‍പ് ചര്‍ച്ച ചെയ്തതാണ്. സൈന്യത്തിനാവശ്യമുള്ള ആധുനിക ആയുധങ്ങള്‍, കവചങ്ങള്‍, യുദ്ധ വിമാനങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയൊക്കെ സമ്പാദിക്കലായിരുന്നു ആദ്യമേ ചെയ്തത്. സൈന്യം എന്താവശ്യപ്പെട്ടോ അതൊക്കെ നല്കി എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാനായി സ്ഥിരം വേലികള്‍ നിര്‍മ്മിച്ചു. സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കി. ചൈനീസ് അതിര്‍ത്തി നമുക്കറിയാം, ഇനിയും കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല; ആ മേഖലയില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വാഹനങ്ങള്‍ക്ക് പോകാനാവുന്ന റോഡുകള്‍ നിര്‍മ്മിച്ചു. അതായത് അതിര്‍ത്തി സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇനി മേലിലെങ്കിലും ആ റോഡുകള്‍ക്കിപ്പുറത്തേക്ക് ശത്രു സൈന്യത്തിന് കടക്കാനാവുകയില്ലെന്ന് ഉറപ്പുവരുത്തുകയും കൂടിയാണ് സര്‍ക്കാര്‍ ചെയ്തത്. ഏതാണ്ട് 3,488 കിലോമീറ്റര്‍ വരുന്നതാണ് ഇന്തോ-ചൈന അതിര്‍ത്തി എന്നതാണ് ഒരു കണക്ക്. അതിനിടയിലൊക്കെ അനവധി ഹെലിപ്പാഡുകളും ഉണ്ടാക്കി. മറ്റൊന്ന് സൈനികര്‍ക്ക് പ്രതികൂല കാലാവസ്ഥയിലും കഴിഞ്ഞുകൂടാന്‍ സൗകര്യമൊരുക്കലാണ്; അതിനായി കെട്ടിടങ്ങളും ബങ്കറുകളുമൊക്കെ നിര്‍മ്മിച്ചു. 2014 വരെ ഇതൊന്നുമായിരുന്നില്ല അവസ്ഥ. നടക്കുന്നത് പോലെ പോട്ടെ എന്നതായിരുന്നല്ലോ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സമീപനം; സൈനികര്‍ക്കാവട്ടെ ജീവിതം ദുരിതപൂര്‍ണ്ണവും.
ഇപ്പോള്‍ പ്രശ്നമുണ്ടായത് അരുണാചല്‍ അതിര്‍ത്തിയിലാണ് എന്ന് പറഞ്ഞുവല്ലോ. അരുണാചല്‍ പ്രദേശ് സംബന്ധിച്ച് ചൈന കുറെയേറെ മോഹങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. അത് തങ്ങളുടേതാണ് എന്നതാണ് അവര്‍ പറഞ്ഞുനടക്കുന്നത്. തെക്കന്‍ തിബത്ത് എന്നവര്‍ അതിന് പേരുമിട്ടിട്ടുണ്ട്. മുന്‍പ് പലവട്ടം അക്കാര്യം അവര്‍ പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. മന്മോഹന് സിങ് സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി അരുണാചല്‍ സന്ദര്‍ശിക്കുന്നതിനെതിരെ പോലും ചൈന ബഹളമുണ്ടാക്കി; എന്തായാലും ആദ്യമൊക്കെ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും അവസാനം മന്മോഹന് സിങ് അവിടെ പോയി. ആ മോഹങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ കടന്നുകയറ്റ ശ്രമങ്ങള്‍ക്കും പിന്നിലെന്ന് വേണം കരുതാന്‍. എന്നാല്‍ ഇന്നിപ്പോള്‍ അവിടെയൊക്കെ ഇന്ത്യന്‍ സൈന്യം വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഒരു ഭരണാധികാരിക്ക് സൈന്യത്തെ എത്രത്തോളം ജീവസ്സുറ്റതായി മാറ്റാനാവുമെന്നതിന് സാക്ഷ്യപത്രമാണ് ഇന്തോ-ഭൂട്ടാന് അതിര്‍ത്തിയില്‍ ഡോക് ലാമില്‍ കണ്ടത്. അവിടെയാണ്, മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം, ചൈന ആദ്യം ഒരു വിഫലശ്രമം നടത്തിയത്. 2017 ആദ്യമായിരുന്നു അത്. അവിടെ അവര്‍ നടത്തിയ നീക്കങ്ങള്‍ക്ക് വേറെയും ചില താല്പര്യങ്ങളുണ്ടായിരുന്നു; ഭൂട്ടാനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ഭൂപ്രദേശം കയ്യടക്കാന്‍. അതൊക്കെ ഇന്ത്യന്‍ സേന പരാജയപ്പെടുത്തി. ഒരു പക്ഷെ അടുത്തകാലത്ത് മുന്നോട്ടുവെച്ച കാല് ചൈനീസ് പട്ടാളത്തിന് ആദ്യമായി പിന്നാക്കം എടുക്കേണ്ടിവന്നതും അവിടെയാവണം. ഒരര്‍ഥത്തില്‍ തോറ്റോടുകയായിരുന്നു. അതുവരെ അവര്‍ എന്നും എവിടെയും പതുക്കെപ്പതുക്കെ നുഴഞ്ഞു കയറുകയായിരുന്നല്ലോ ചെയ്തിരുന്നത്. ഇവിടെ മറ്റുചിലത് കൂടി ഓര്‍ക്കേണ്ടതുണ്ട്. ഡോക് ലാം പ്രശ്നമുണ്ടായപ്പോള്‍ ഇന്ത്യയിലെ ചില പ്രതിപക്ഷ കക്ഷികള്‍ സ്വീകരിച്ച നിലപാടാണിത്. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ പരസ്യമായി ഇന്ത്യ വിരുദ്ധ നിലപാടെടുത്തു; ചൈനക്ക് വേണ്ടി ജയ് വിളിച്ചു. അന്നാണ് രാഹുല്‍ ഗാന്ധി രാത്രിയുടെ മറവില്‍ ചൈനീസ് എംബസിയിലെത്തി ചര്‍ച്ച നടത്തിയതും. ഇന്ത്യന്‍ പട്ടാളക്കാര്‍ ജീവന് കൊടുക്കാന്‍ തയ്യാറായിക്കൊണ്ടും അതിര്‍ത്തി കാക്കുമ്പോള്‍ നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ രാജ്യവിരുദ്ധ നിലപാടെടുത്തു എന്നത് അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്.
ഡോക് ലാമിന് ശേഷമാണ് കിഴക്കന്‍ ലഡാക്കിലെ അയല്‍രാജ്യത്തിന്റെ വിഫല ശ്രമങ്ങള്‍. അന്നും വലിയ ആള് നാശം നേരിടേണ്ടിവന്നത് ചൈനക്കാണ്; പട്രോളിംഗ് നടത്തുന്നതിനിടെ രണ്ടു രാജ്യത്തെയും സൈനികര്‍ ഏറ്റുമുട്ടിയ സംഭവമോര്‍ക്കുക. നമുക്കുണ്ടായ വലിയ വിഷമം മറക്കുകയല്ല. പക്ഷെ ശത്രുസൈന്യത്തിന് വലിയ ആള് നഷ്ടമുണ്ടാക്കാന്‍ നമ്മുടെ ധീര ജവാന്മാര്ക്കായി. വളരെ വൈകിയാണെങ്കിലും അത് ചൈന സമ്മതിച്ചിട്ടുണ്ട്. ഉത്തരഖണ്ഡിലെ ബരഹോട്ടി മേഖലയിലെ കടന്നുകയറ്റ ശ്രമവും ഇതിനിടയില്‍ കണ്ടു. അത് തുടങ്ങിയപ്പോഴേ ഇന്തോ-തിബറ്റന്‍ അതിര്‍ത്തിയില്‍ നാം സജ്ജമായിരുന്നു. അവര്‍ക്ക് പിന്നാക്കം ഓടേണ്ടിവന്നു.
ശൈത്യകാലം വരാന്‍ പോകുന്നു എന്നതാവണം ഇപ്പോള്‍ അതിര്‍ത്തിയില്‍ പട നീക്കങ്ങള്‍ നടത്താന്‍ ചൈനയെ നിര്‍ബന്ധിതമാക്കുന്നത്. അത് ഇന്ത്യയെ ആക്രമിക്കാനുള്ള പുറപ്പാടാണ് എന്ന നിലക്കുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്, പ്രത്യേകിച്ചും ബിജെപി വിരുദ്ധ ഇന്ത്യന്‍ മാധ്യമങ്ങളില്‍. ചില വിദേശ പ്രസിദ്ധീകരണങ്ങളും ആ നിലയില്‍ അതിനെ വിലയിരുത്തിയത് കണ്ടു. അതില്‍നിന്ന് തന്നെ വ്യക്തം, അതൊരു ആസൂത്രിത ചൈനീസ് പ്രചാരണമാണ് എന്ന്. യഥാര്‍ഥത്തില്‍ ചൈന ഇന്ത്യയെ ഭയപ്പെടുന്നു എന്നതാണ് വസ്തുത. ശൈത്യകാലത്ത് ഇന്ത്യ എന്തെങ്കിലും സൈനിക നീക്കങ്ങള്‍ നടത്തിയാലോ എന്ന ഭയം. പാക് അധീന കശ്മീര്‍ ഇന്ത്യ തിരികെ പിടിക്കുമെന്ന തോന്നല്‍ ബീജിങ്ങിനുണ്ട്. ഇക്കാര്യം പാക്കിസ്ഥാന് ഇടയ്ക്കിടെ സ്വയം പറയുന്നുമുണ്ടല്ലോ. മുന്‍പ് ഇന്ത്യയിലെത്തിയ വേളയില്‍ ചൈനീസ് മേധാവിക്ക് ഇക്കാര്യം വേണ്ടവിധം വിവരിച്ചുകൊടുത്തിട്ടുണ്ട് എന്നതാണ് സൂചനകള്‍. അപ്പോള്‍ സ്വന്തം മാത്രമല്ല പാക്കിസ്ഥാന്റെയും താല്പര്യം സംരക്ഷിക്കുക എന്നതാണ് ഇപ്പോള്‍ ചൈനയുടെ പ്രശ്നം.
മഞ്ഞുവീണാല്‍ സൈനിക നീക്കങ്ങള്‍ പ്രയാസമാവുമെന്നതിനാല്‍ അവര്‍ നേരത്തെ സൈന്യത്തെ അയക്കുന്നു. അത് ഇതിനുമുന്‍പും നാം കണ്ടിട്ടുണ്ട്. മഞ്ഞുകാലമാവും മുന്‍പ് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റം ശക്തമാക്കാനുള്ള പാക് ഭീകരരുടെ ശ്രമങ്ങള്‍ നടക്കാറുണ്ടല്ലോ. അവരെയും ചൈനീസ് പട്ടാളത്തെയും ചിന്തിപ്പിക്കുന്നത് ഒരു പോലെയാണ്. അതിനപ്പുറം ഒരു പ്രശ്നവും അവിടെയുണ്ട് എന്ന് കരുതേണ്ടതില്ല. എന്നാല്‍ ഒന്നുണ്ട്; ഇന്ത്യ 24 മണിക്കൂറും 365 ദിവസവും സജ്ജമാണ്. അയല്‍രാജ്യം കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ അണിനിരത്തിയതായി കണ്ടപ്പോള്‍ തന്നെ നാം വേണ്ടതൊക്കെ ചെയ്തുവല്ലോ. ഇത്തവണ മുമ്പത്തേതില്‍ നിന്ന് വിഭിന്നമായി 16,000 അടി ഉയരത്തിലും ഇന്ത്യന്‍ സേന ടി 90, ടി 72 ടാങ്കുകള്‍ അടക്കം എത്തിച്ചുകഴിഞ്ഞു. ഭയത്തിലായിരിക്കുന്നത് ചൈനയാണ് എന്നര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: