ജ്ഞാനപീഠം ലഭിച്ചശേഷം ജന്മനാടായ കൂടല്ലൂരില്‍ എംടി. വാസുദേവന്‍ നായര്‍ക്ക് നല്കിയ സ്വീകരണത്തില്‍ തപസ്യ അധ്യക്ഷനും അതേ നാട്ടുകാരനുമായ മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി നടത്തിയ പ്രഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍.
ഇതില്‍ എംടിയുടെ മൂന്ന് ഭാഗ്യങ്ങളെക്കുറിച്ച് അക്കിത്തം പരാമര്‍ശിക്കുന്നു. നാലാമതൊരു ഭാഗ്യംകൂടി എംടിക്ക് വന്നുചേര്‍ന്നിരിക്കുന്നു; അത് തപസ്യ ഏര്‍പ്പെടുത്തിയ മഹാകവി അക്കിത്തം പുരസ്കാരം ആദ്യമായി ഏറ്റുവാങ്ങാനുണ്ടായ ഭാഗ്യമാണ്. ഇന്ന് കോഴിക്കോട്ട് ആ പുരസ്കാരം സമ്മാനിക്കുകയാണ്.
എംടിയുടെ രചനകള്‍ എല്ലാം മനസിലുണ്ടെന്ന് അഭിമാനിക്കുന്നില്ല. വളര്‍ത്തുമൃഗങ്ങള്‍, പാതിരാവും പകല്‍വെളിച്ചവും, ഇരുട്ടിന്റെ ആത്മാവ്, അക്കല്‍ദാമയിലെ പൂക്കള്‍, ഓപ്പോള്, കുട്ട്യേടത്തി, കാലം ഇങ്ങനെ പലതും മനസ്സില്‍ നിരക്കുന്നു. പിന്നെ മഞ്ഞ്. അവിടെ മനസ്സിലെ ദ്രുതചലനം മരവിച്ചുനില്‍ക്കുന്നു. ഒടുവില്‍ കുടുംബബന്ധങ്ങളുടെ തകര്‍ച്ചയെപ്പറ്റി ഒരു നല്ല കഥ, പേരോര്‍മ്മയില്ല. അതിനുശേഷം ഉപനിഷത്തുപോലെ ഒരു കഥ. പേരോര്മ്മയുണ്ട്, വാനപ്രസ്ഥം.
പാറയില്‍ കിനിവുണ്ടോ എന്നാണ് മൊത്തത്തില്‍ താനന്വേഷിച്ചത് എന്ന് എംടി പറയുന്നു. ആവാം. കല്ലിലെ മദത്തിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ രചനകളില്‍ എന്നുമുണ്ടായിരുന്നു. ഈ കന്മദത്തെയാണല്ലോ നാം സത്യം, സൗന്ദര്യം, ധര്‍മ്മം എന്നോ ഈശ്വരന് എന്നോ കവിത എന്നോ വിളിച്ചുവരുന്നത്. അത് പുറത്തുചാടുന്ന രീതിയും അദ്ദേഹം പറയുകയുണ്ടായി. How old are you? എന്ന ചോദ്യത്തിന് നല്കപ്പെട്ട ഒരു യുവാവിന്റെ I feel hundred എന്ന മറുപടിയിലൂടെ, സാഹിത്യം ഇന്ദ്രിയങ്ങളുടെ കലയല്ല, മനസ്സിന്റെ മാത്രം കലയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയ കാര്യം. എനിക്കിപ്പോള്‍ വയസ്സ് ഏഴുപതാണത്രെ! പക്ഷെ, എന്റെ മനസ്സിപ്പോഴും ഏഴുവയസ്സിന്റെ വിസ്മയത്തിലാണ്. അല്ലെങ്കില്‍ എട്ടിന്റെ (ക ളലലഹ ലെ്ലി ീൃ ലശഴവ)േ. അന്നാണ് ആദ്യം രചിച്ച നാലുവരി, കവിതയാണെന്നറിഞ്ഞ് വിസ്മയിച്ചത്. അവസാനം രണ്ടുമൂന്നാഴ്ച മുമ്പ് രചിച്ച ‘വെണ്ണക്കണ്ണന്റെ കൂടെ’ ‘മുതുകത്ത് വരയില്ലാത്ത അണ്ണാന്’ എന്നിവ വരെ എന്നിലുളവാക്കിയ മുഖ്യഭാവം വിസ്മയമാണ്. എംടിക്ക് ജ്ഞാനപീഠം കിട്ടി എന്നറിഞ്ഞപ്പോഴും ഇതേ വിസ്മയം ഞാനനുഭവിച്ചു. എന്റെ നാലുവരിക്കവിതയുള്ള ക്ഷേത്രച്ചുമരിനടുത്ത് താമസിച്ചിരുന്ന കുഞ്ഞിക്കടുക്കനും കുഞ്ഞിക്കാലുറയുമുള്ള കുട്ടി ജ്ഞാനപീഠത്തിന്മേല് ഇരുന്നരുളുന്നു. എന്തൊരു രസം!
കൊടിക്കുന്നത്തമ്മയുടെ വരം
എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? മനുഷ്യജീവിതം പുറത്ത് കാണുന്നിടത്തോളം ഹ്രസ്വമല്ല. യുങ് പറയുന്നതുപോലെ ഏറിയ കൂറും അത് മണ്ണിനടിയിലാണ്. കോടാനുകോടി യുഗങ്ങള്ക്കപ്പുറത്തുള്ള ജലവും വളവും വലിച്ചെടുക്കാന്‍ കഴിവുള്ള വേരുകളാണ് പിലാവിന് എന്നപോലെ പാരമ്പര്യത്തിനുമുള്ളത്. ജീവന് ബ്രഹ്മം തന്നെ എന്ന് തെളിയിച്ച നിദര്‍ശനമാണ് എംടി സ്കൂളില്‍ പഠിച്ചകാലം മുതല്‍. ആ കണ്ണില്‍ ബിംബിച്ച സ്വസ്ഥതയില്‍ അതുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്, ‘ലോകത്തിലുള്ള എല്ലാ ദൈവങ്ങളും ഇല്ലാത്തതാണ് എന്ന് ഞാന്‍ സമ്മതിക്കാം; പക്ഷെ, എന്റെ നാട്ടിലെ കൊടിക്കുന്നത്തമ്മ ഇല്ല എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല.’
രണ്ടായിക്കാണുന്നു എന്നുവെച്ച് വസ്തുക്കളെല്ലാം ഭിന്നങ്ങളാണ് എന്ന് ഈ കുട്ടി വിചാരിച്ചില്ല. കൊടിക്കുന്നത്തമ്മ അദ്ദേഹത്തെ ജ്ഞാനപീഠത്തിന്മേല് പിടിച്ചിരുത്തി. എന്താണ് കാരണം? ‘ഒന്നായ നിന്നെയിഹ’ എന്നു പാടിയ എഴുത്തച്ഛന്റെയും അഭിമാനമാണ് എംടി കാത്തുരക്ഷിച്ചത്.
ചിലരെന്നോട് ചോദിച്ചിരുന്നു: ”നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാട് കീഴേക്കാവില്‍ ഭഗവതിയെ തുപ്പിയില്ലേ? എംടിക്ക് ആദ്ധ്യാത്മികതയില്ല എന്നല്ലേ അതിനര്‍ത്ഥം?”
ഞാന്‍ പറഞ്ഞു, ”അല്ല. ഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നത് വിരോധഭക്തിക്ക് വരമ്പത്ത് കൂലി എന്നാണ്. കഥാപാത്രവും കഥാകൃത്തും ഒന്നല്ല, രണ്ടാണ്. വെളിച്ചപ്പാടിനോട് തുപ്പരുതെന്ന് എംടി പറഞ്ഞാല്‍ വെളിച്ചപ്പാട് എംടിയുടെ മുഖത്തേയ്ക്കാവും തുപ്പുക.”
മറ്റൊരു സുഹൃത്തിന്റെ ചോദ്യം: ”എംടിയുടെ ഭീമന്, വ്യാസന്റെ ഭീമന്റെ കാരിക്കേച്ചറല്ലേ?”
ഞാനങ്ങോട്ട് ചോദിച്ചു:”ആണോ, ഉറപ്പായോ? എങ്കില്‍ രണ്ടാമൂഴം ന്യായീകൃതമായി. വ്യാസന് പറഞ്ഞതല്ലാതെ ഒന്നും പറയാനില്ലാത്തവന് ആ കഥ പുനഃസൃഷ്ടിക്കേണ്ടതില്ലല്ലോ. കുമാരനാശാന്റെ സീത, വാല്മീകിയുടെ സീത തന്നെയാണോ? ആണെന്ന് ഉറപ്പുപറയാന്‍ താങ്കള്‍ക്ക് കഴിയുമോ?”
പിന്നെ കാരിക്കേച്ചര്‍ പ്രശ്നം. കാരിക്കേച്ചര്‍ കലയല്ല എന്ന് ആര് പറഞ്ഞു? നവരസങ്ങളില്‍ പെട്ടതല്ലേ ഹാസ്യവും ബീഭത്സവും എല്ലാം? വികെഎന്റെ ഏത് കഥാപാത്രമുണ്ട് കാരിക്കേച്ചറല്ലാതെ? എന്നുവെച്ച് അദ്ദേഹത്തിന് ഭ്രഷ്ട് കല്പിക്കാന് പറ്റുമോ?
ഹൃദയപൂര്‍വം ജ്ഞാനപീഠം
ജ്ഞാനപീഠമര്ഹിക്കുന്നു എന്നു വായനക്കാര്‍ക്ക് തോന്നാവുന്ന ഒരു ഡസന്‍ എഴുത്തുകാരെങ്കിലും ഇന്ന് മലയാളത്തിലുണ്ട്. എന്നാല്‍ എംടിയെയാണ് വിധി തെരഞ്ഞെടുത്തത്. ഇതിനു കാരണം, കോടാനുകോടി അദൃശ്യവര്ഷങ്ങളില് അദ്ദേഹം അനുഷ്ഠിച്ച കര്‍മ്മമാണ്. എങ്കിലും കര്‍മ്മഫലത്തിന്റെ ബാഹ്യഭാവം ജനങ്ങളുടെ പ്രീതിയാണ്. എംടി അദ്ദേഹത്തിന്റെ ആര്‍ജ്ജവമുള്ള ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയവുമായി സംസാരിച്ചു. അത് പൂക്കുകയും കായ്ക്കുകയും ചെയ്തു. അതാണിവിടെ ഉണ്ടായത്. ആധുനികത, ആധുനികോത്തരം, എല്ലാം കൊള്ളാം. അത് സ്വയം ജനഹൃദയത്തില്‍ കടന്നുചെന്ന് മുഴങ്ങുന്നുവെങ്കില്‍! എങ്കില്‍മാത്രം!
എംടിക്ക് ജ്ഞാനപീഠം ലഭിച്ചതില്‍ ആഹ്ലാദിച്ചത് കേരളീയര്‍ മാത്രമല്ല. ഇന്ത്യ മുഴുവന്‍ ഏകകണ്ഠമായി ആഹ്ലാദം പ്രകടിപ്പിച്ച സംഭവമാണിത്. തൊട്ടുമുമ്പുള്ള വര്‍ഷത്തില്‍പോലും ഈ സാര്‍വത്രികത അനുഭവപ്പെട്ടില്ല.
സംഭവങ്ങളൊക്കെ ഭൗതികമാണ്, നമ്മുടെ നിയന്ത്രണത്തില്‍ ഒതുങ്ങിനില്ക്കുന്നവയാണ് എന്നൊക്കെ നമുക്ക് തോന്നും. പക്ഷെ, സത്യം എന്താണ്? എല്ലാ ഭൗതികത്തിന്റെയും പ്രാണനാഡി ആത്മീയം എന്നുവേണമെങ്കില്‍ പറയാവുന്ന ഒരുതരം വിസ്മയാവഹതയാണ്. എംടിയിലുള്ള ഈ വിസ്മയാവഹത, മുപ്പത് ജ്ഞാനപീഠാരൂഢരേക്കാളും ചെറുപ്പക്കാരനായ എംടിയെ നോബേലിന്റെ അനുഗ്രഹത്തിന് കൂടി പാത്രമാക്കട്ടെ, അങ്ങനെ, സ്വന്തം പേരുപറയാത്ത എഴുത്തച്ഛന്റെയും നമ്പ്യാരുടെയും പിന്മുറയ്ക്ക് പേരുവെച്ച ടാഗോറിന്റെയത്രയെങ്കിലും ശാശ്വതപ്രശസ്തി ലഭിക്കട്ടെ! നമുക്ക് പ്രാര്‍ത്ഥിക്കാം.
ഇനിയൊരു കാര്യം പറയാനുള്ളത് പിന്‍തലമുറക്കാരോടാണ്. അവര്‍ ശ്രദ്ധിച്ചാല്‍ കൊള്ളാവുന്ന ചില വാക്കുകള്‍ ഈയിടെ എംടി പറയുകയുണ്ടായി: ”കുടിച്ചാല്‍ എഴുതാന്‍ പറ്റില്ല. കുടിച്ചിരുന്നിട്ട് ഒരു വരിയും ഞാന്‍ എഴുതിയിട്ടില്ല. മനുഷ്യനെ ചീത്തയാക്കാനല്ലാതെ മദ്യത്തിന് ഒന്നും കഴിയില്ല. സമയനഷ്ടം പിന്നെ കുറ്റബോധവും. എന്റെ ദീര്‍ഘകാലമായ അനുഭവത്തില്‍ നിന്നു പറയുന്നതാണ്.”
ഇവിടെ എംടിയിലെ ഭാരതീയത നമുക്ക് കണ്ടെത്താം. ഭാരതീയന്റെ വീക്ഷണത്തില്‍ സത്യവും സൗന്ദര്യവും ധര്‍മ്മവും ഭിന്നവസ്തുക്കളല്ല. ആത്മാവിന്റെ, മനസ്സാക്ഷിയുടെ സ്വാതന്ത്ര്യമാണ് അവന്റെ ആകത്തുക. സ്വാതന്ത്ര്യം എന്നുവെച്ചാല്‍ സ്വതന്ത്രത. എന്നാല്‍ അറിയാവുന്നവര്‍പോലും സ്വതന്ത്രതയുടെ വിരാട് രൂപം കാണാറില്ല. എന്താണീ ‘സ്വം?’ ‘സു’ എന്ന പദത്തില്‍ നിന്നേ ‘സ്വം’ ജനിക്കൂ. ‘സു പൂജയാം’ എന്ന് മേദിനി. എങ്കില്‍ ആരാണ് പൂജ്യന്‍? നമുക്കന്വേഷിക്കാനുള്ള കാര്യം അതാണ്. നശ്വരങ്ങളൊന്നും പൂജ്യമല്ല. അനശ്വരത മാത്രമേ പൂജ്യമാവൂ. ഓരോ ചെറിയ നശ്വരതയിലുമുള്ള അനശ്വരത, അതാണ് ‘സു’ എങ്കില്‍ അഖണ്ഡമായ ആത്മാവിന്റെ വിലാസമാണ് സ്വാതന്ത്ര്യം. ഞാന്‍ എന്ന അഹങ്കാരത്തിന്റെ വിലാസമല്ല, അഹങ്കാരരഹിതമായ നിത്യതയ്ക്കുമാത്രമേ സത്യവും സൗന്ദര്യവും ധര്മ്മവുമായിരിക്കാന് കഴിയൂ.
എന്നാല്‍, ഈ കാര്യം സ്വാതന്ത്ര്യാനന്തരം നാല്പത്തേഴ് കൊല്ലം കഴിഞ്ഞിട്ടും നമുക്കറിഞ്ഞുകൂടാ. പക്ഷെ, അതെങ്ങനെയോ, പ്രകൃത്യാ, നേരത്തേതന്നെ മനസിലാക്കിയിരുന്നു. എഴുത്തുകാരന്റെ സ്വാതന്ത്ര്യമെന്ന പദപ്രയോഗത്തിലുള്ളത് ആത്മാവിന്റെ അഖണ്ഡതയില്‍, നിസ്വാര്‍ത്ഥതയില്‍ പ്രകാശിക്കുന്ന ‘സു’ എന്ന അനുഭൂതിയാണെന്ന്, അത് അജയ്യമാണെന്നും, തെളിയിച്ചതിന് എംടിയെ അഭിനന്ദിക്കട്ടെ.
മഹാഭാഗ്യങ്ങള്‍
ഒടുവില്‍ ഒരു ആദ്യസംഭവം: എംടി പാലക്കാട്ട് ‘മലയാളി’യുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താവാം, ഒരു ചെറുകഥാസമാഹാരം എന്റെ കൈയില്‍ കൊണ്ടുവന്നുതന്നു. ‘രക്തം പുരണ്ട മണ്തരികള്’ക്കുശേഷമാണ്. ‘നിന്റെ ഓര്‍മ്മയ്ക്ക്’എന്ന പുസ്തകമാവാം. ഉറപ്പില്ല. ഞാനത് മംഗളോദയത്തില്‍ കൊടുത്തു. എംആര്‍ബിയും എന്നെ സഹായിച്ചു. പക്ഷെ, മംഗളോദയം അത് നിരസിച്ചു. ‘രചയിതാവിന്റെ ഇമേജിന് മെച്യുരിറ്റിയില്ല’ എന്നായിരുന്നു പറഞ്ഞ മറുപടി. യേശുദാസിനെ തിരുവനന്തപുരം ആകാശവാണി ഓഡിഷനില്‍ തള്ളിയതുപോലെ ഒരു സംഭവം.
പിന്നീട് എംടിയുടെ ‘കാലം’ എന്ന കൃതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചപ്പോള്‍ കോഴിക്കോട് വീറ്റ്ഹൗസില്‍ നടന്ന ആദ്യത്തെ സ്വീകരണത്തില്‍ ഒരു സദസ്യനായി ഞാനും ഉണ്ടായിരുന്നു. അദ്ധ്യക്ഷന്‍ പൊറ്റെക്കാടായിരുന്നുവോ, ഓര്‍മ്മയില്ല, എന്നെയും പ്രസംഗിക്കുവാന്‍ ക്ഷണിച്ചു, ഞാന്‍ ദൂരെ എണീറ്റുനിന്നു. ‘സംസാരിക്കുന്നില്ല’- മറുപടി പറഞ്ഞു. എന്തുകൊണ്ടാണ് ഒന്നും പറയാത്തത്?
ഇപ്പോഴെങ്കിലും അതു പറയണമെന്ന് തോന്നുന്നു. ഈ കൊല്ലം കേന്ദ്ര സാഹിത്യപുരസ്കാരത്തിനുള്ള അവാസാന പാനലിലെ മൂന്ന് ജഡ്ജിമാരും കോഴിക്കോട്ടുള്ളവരായിരുന്നു. സാധാരണഗതിയില്‍ ജഡ്ജിമാര്‍ അന്യോന്യം അറിയുകയോ സംസാരിക്കുകയോ അക്കാലത്ത് പതിവില്ല. എങ്കിലും കോഴിക്കോട്ടുകാരായതുകൊണ്ട് മൂന്ന് പേരും അന്യോന്യം സംസാരിക്കാനിടവന്നു. മൂന്ന് പേരുടെയും അഭിപ്രായത്തില്‍ ഒരു പുസ്തകം, എംടിയുടെത് മാത്രമാണ് സമ്മാനാര്‍ഹം. പക്ഷെ, മുപ്പതിലധികം പ്രായമാവാത്ത ഒരാള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കൊടുക്കുക എന്നത് കടന്ന കൈയല്ലേ? മൂന്ന് പേരും സംശയിച്ചു. ഒന്നുകൂടി ആലോചിച്ചിട്ടുമതി തീരുമാനം എന്നവര്‍ നിശ്ചയിക്കുകയും ചെയ്തു. എന്നോട് ഈ വിവരം പറഞ്ഞത് ആ മൂന്നുപേരിലൊരാള്‍ തന്നെയാണ്. ഞാനദ്ദേഹത്തോട് പറഞ്ഞു: ”എന്റെ അഭിപ്രായം ഇതാണ്: ഗ്രന്ഥമാണ് നിങ്ങളുടെ മുമ്പിലുള്ളത്, ഗ്രന്ഥകര്ത്താവല്ല. ഇതു കൊടുക്കാതിരുന്നാല്‍ ഒരു കൊല്ലം മലയാളത്തിന് അവാര്‍ഡില്ല എന്നുവരും. അത് ഭാഷയോട് ചെയ്യുന്ന അന്യായമാണ്.” ഏതായാലും മൂന്ന് പേരും ഏകകണ്ഠമായാണ് എംടിയെ നിര്‍ദ്ദേശിച്ചത്. ലോക ചെറുകഥാമത്സരത്തിലെ വിജയമാണ് എംടിയുടെ ഭാഗ്യങ്ങളില്‍ ആദ്യത്തേതെങ്കില്, രണ്ടാമത്തേത് കേന്ദ്ര സാഹിത്യ അക്കാദമിപുരസ്കാരമായിരുന്നു. മൂന്നാമത്തേതാണ് ജ്ഞാനപീഠം എന്നുപറയാമെന്ന് തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: