എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ നിറസാന്നിധ്യവും അവിഭാജ്യ ഘടകവുമായിരുന്നു കൃഷ്ണന്‍കുട്ടി നായര്‍ എന്ന നടന്. ജി.ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നാടക ങ്ങളിലൂടെ സിനിമയിലേക്കു വരുമ്പോള്‍ തന്നെ അദ്ദേഹം സീരിയലുകളില്‍ പ്രേക്ഷക ഹൃദയത്തില്‍ തങ്ങുന്ന ഒട്ടേറേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1979-ല്‍ പുറത്തിറങ്ങിയ പി.പത്മരാജന്റെ ‘പെരുവഴിയമ്പല’ത്തിലൂടെ സിനിമയില്‍ പ്രവേശിച്ച കൃഷ്ണന്‍കുട്ടി നായര്‍ ‘അവനവന് കടമ്പ’യോടെയാണ് പ്രസിദ്ധനാകുന്നത്.
മനസ്സില്‍ തങ്ങിനില്ക്കുന്ന എത്രയെത്ര കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. മഴവില്‍ക്കാവടിയിലെ ബാര്‍ബറും കാക്കോത്തിക്കാവിലെ കാലന് മത്തായിയും പൊന്മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഗോപാലനും, പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്വാന്, അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍, വരവേല്‍പ്പ്, കടിഞ്ഞൂല്‍ കല്യാണം, കുറ്റപത്രം, ഉള്ളടക്കം, മൂക്കില്ലാ രാജ്യത്ത്, കിഴക്കന്‍ പത്രോസ് തുടങ്ങി മിന്നിമറയുന്നിടത്തെല്ലാം ആ നടനവൈഭവത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
കൃഷ്ണന്‍കുട്ടി നായര്‍ വിടപറഞ്ഞിട്ട് കാല്‍നൂറ്റാണ്ടാവുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മകന് ശിവകുമാറും അഭിനേതാവായി സിനിമയില്‍ തന്റേതായ സ്ഥാനം നേടുകയാണ്. അച്ഛനെപ്പോലെ തന്നെ നാടകരംഗത്തു നിന്നാണ് ശിവകുമാറിന്റെയും സിനിമാ പ്രവേശം. താന്‍ അഭിനയിച്ച മാറാട്ടം എന്ന നാടകത്തിന്റെ തന്നെ ചലച്ചിത്രാവിഷ്കാരമായ, അരവിന്ദന് സംവിധാനം ചെയ്ത മാറാട്ടത്തിലൂടെ സിനിമയിലെത്തിയ ശിവകുമാര്‍, ഉടോപ്യയിലെ രാജാവ്, ആമി, കൂടെ, ഒറ്റാല്, ഒഴിമുറി തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വേറിട്ട വില്ലന്‍ കഥാപാത്രമായി മാറുകയാണ് പ്രശാന്ത് കാനത്തൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമായ സ്റ്റേഷന് 5-ല്‍. പത്തിലധികം ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് നിരവധി അംഗീകാരങ്ങള്‍ നേടി ശ്രദ്ധേയനായ പ്രശാന്ത് കാനത്തൂരിന്റെ ഈ ചിത്രത്തില്‍ ഇന്ദ്രന്‍സാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും അണിയറക്കാര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആദ്യമായി താന്‍ ഒരു ഗുണ്ടാകഥാപാത്രമായി അഭിനയിച്ചതിന്റെ ത്രില്ലിലാണ് ശിവകുമാര്‍.
അച്ഛനാണ് എനിക്കു പ്രചോദനം. എന്നാല്‍ അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവുകൊണ്ട് വളരണം എന്നുമാണ് അച്ഛന് എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു. ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാന്‍ ഒരു പാഠമായിട്ടാണ് കരുതുന്നത്. എന്നെ വിശ്വസിച്ച് എന്നിലെ കഴിവ് മനസ്സിലാക്കി സ്റ്റേഷന്-5 ല്‍ വ്യത്യസ്തമായ കഥാപാത്രം നല്കിയ പ്രശാന്തിന് നന്ദി ശിവകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: