ന്യൂദല്‍ഹി: ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫെഡ്റിക്സനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഡാനിഷ് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണമാണ് നല്‍കിയത്. ഇന്ത്യയെ ഏറ്റവും അടുത്ത സുഹൃത്തായാണ് ഡെന്മാര്ക് കാണുന്നത്. ഈ സന്ദര്‍ശനം ഡെന്മാര്ക്ക് ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന്റെ നാഴികക്കല്ലായി മാറുമെന്ന് മെറ്റെ ഫെഡ്റിക്സന് പറഞ്ഞു.
ഇന്ന് ദല്‍ഹി വിമാനത്താവളത്തിലെത്തിയ ഡെന്മാര്ക്ക് പ്രധാനമന്ത്രിയെ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി സ്വീകരിച്ചു. ശേഷം രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ഡെന്മാര്ക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഡാനിഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യയും ഡെന്മാര്ക്കും തമ്മിലുള്ള ഹരിത നയതന്ത്ര സഹവര്‍ത്തിത്വം അവലോകനം ചെയ്യാനുള്ള അവസരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. രാഷ്ട്രപതി രാം നാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായി നിരവധി ധാരണാപത്രങ്ങള്‍ ഇരുവരും ഒപ്പുവച്ചു.
ഭൂഗര്‍ഭ ജലസ്രോതസ്സുകളുടെയും ജലസ്രോതസ്സുകളുടെയും മാപ്പിംഗ് സംബന്ധിച്ച് കൗണ്‍സില്‍ ഓഫ് സയന്റിഫിക് & ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് , ഹൈദരാബാദിലെ ആര്‍ഹസ് യൂണിവേഴ്സിറ്റി നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഡെന്മാര്ക്ക്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഡെന്മാര്ക്ക്, ഗ്രീന്‍ലാന്‍ഡ് എന്നിവ തമ്മിലുള്ള ധാരണാപത്രം ഒപ്പ് വച്ചു.
പരമ്പരാഗത വിജ്ഞാന ഡിജിറ്റല്‍ ലൈബ്രറി സംബന്ധിച്ച് കൗണ്‍സില്‍ ഓഫ് സയന്റിഫിക് & ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, ഡാനിഷ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് എന്നിവ തമ്മിലുള്ള കരാറും, ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കനുയോജ്യമായ പ്രകൃതിദത്ത റഫ്രിജറന്റുകള്ക്കായി ഒരു കേന്ദ്രം സ്ഥാപിക്കാന്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും ഡാന്‍ഫോസ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രവും ഒപ്പുവച്ചു.
കേന്ദ്ര നൈപുണ്യ വികസന & സംരംഭകത്വ മന്ത്രാലയം, ഡെന്മാര്ക്ക് സര്‍ക്കാര്‍ എന്നിവയുടെ സംയുക്ത ലെറ്റര്‍ ഓഫ് ഇന്റന്റ് വാണിജ്യ കരാറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹൈഡ്രജന്‍ ഇലക്ട്രോലൈസറിന്റെ വികസനവും തുടര്‍ന്നുള്ള ഹൈഡ്രജന്‍ ഇലക്ട്രോലൈസറിന്റെ നിര്‍മ്മാണവും വിന്യാസവും സംബന്ധിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും സ്റ്റൈസ്ഡാല് ഫ്യുവല്‍ ടെക്നോളജീസും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു.
ഡെന്മാര്ക്ക് ആസ്ഥാനമായി ഒരു ‘സുസ്ഥിര പരിഹാര കേന്ദ്രം’ സ്ഥാപിക്കാന്‍ ഇന്‍ഫോസിസ് ടെക്നോളജിസും ആര്‍ഹസ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള ധാരണാപത്രത്തിനു പുറമെ, ഹരിത പരിവര്‍ത്തനത്തെക്കുറിച്ചുള്ള ഗവേഷണം സുഗമമാക്കുന്നതിനും അറിവ് പങ്കിടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ സഹകരണം സംബന്ധിച്ച് ‘ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും ‘സ്റ്റേറ്റ് ഓഫ് ഗ്രീനും തമ്മിലുള്ള ധാരണാപത്രവും ഒപ്പുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: