മുംബൈ : ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിലും നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ തെരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ അചിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനിടെ ഇംതിയാസ് ഖത്രിയുടെ പേരും ഉയര്‍ന്നുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍സിബി ഖത്രിയുടെ മുംബൈ ബാന്ദ്രയിലെ ഓഫീസിലും വീട്ടിലും തെരച്ചില്‍ നടത്തുകയായിരുന്നു.
ആഢംബര കപ്പലില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആര്യന് ഖാനും നടന് ആര്ബാസും ഉള്‍പ്പടെ പതിനെട്ടോളം പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മയക്കു മരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ സബര്‍ബന്‍ പോവായില്‍ നിന്നും അറസ്റ്റിലായ അചിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇംതിയാസ് ഖത്രിയുടെ പേര് ഉയര്‍ന്നുവന്നത്. ഇതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍സിബി ഖത്രിക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും ഖത്രിയുടെ പേര് ഉയര്‍ന്നിരുന്നു. സുശാന്തിന്റെ മുന്‍ മാനേജര്‍ ശ്രുതി മോദിയുടെ അഭിഭാഷകന്, മരണത്തിലും ഖത്രിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. സുശാന്തിനും നടി റിയ ചക്രവര്‍ത്തിക്കും ഇംതിയാസാണ് ലഹരിമരുന്നു നല്‍കിയതെന്നായിരുന്നു അഭിഭാഷകന് അറിയിച്ചത്. ബോളിവുഡിലെ നിരവധി താരങ്ങളുമായി ഖത്രിക്ക് അടുത്ത ബന്ധമുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബില്‍ഡറുടെ മകനായ ഇയാള്‍ക്ക് ലഹരിമരുന്ന് കേസില്‍ മുഖ്യ പങ്കുണ്ടെന്നാണ് എന്‍സിബിയുടെ വിലയിരുത്തല്‍.
ഈ മാസം മൂന്നിന് ആഢംബര കപ്പലില്‍ നടത്തിയ തെരച്ചിലില്‍ 13 ഗ്രാം കൊക്കൈന്‍, 21 ഗ്രാം ചരസ്, എംഡിഎംഎയുടെ 22 ഗുളികകള്‍, 5 ഗ്രാം എംഡി, 1.33 ലക്ഷം രൂപ എന്നിവയാണ് എന്‍സിബി പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് വിദേശ പൗരന്മാരും പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ കേസില്‍ രാജ്യാന്തര ലഹരിമാഫിയയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
അതേസമയം കേസില്‍ ആര്യന് ഖാന് സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തള്ളി. തുടര്‍ന്ന് ആര്‍തര്‍റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ആര്യന്റെ പക്കല്‍ നിന്നും ലഹരിമരുന്ന് ലഭിച്ചില്ലെങ്കിലും ആര്യന്റെയും മറ്റു ചിലരുടെയും വാട്സ്ആപ്പ് ചാറ്റുകളില്‍നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭിച്ചിരിക്കുന്നതെന്ന് എന്‍സിബി കോടതിയെ അറിയിച്ചിരുന്നു. നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്ന ആര്യന് പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നതിന് ചാറ്റ് വിവരങ്ങള്‍ തെളിവാണ്. ലഹരി മരുന്നിനായി പണം അടയ്ക്കുന്നതിനെക്കുറിച്ചാണ് ആര്യന്റെ വാട്സ്ആപ്പ് ചാറ്റിലൂടെ ചോദിക്കുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: