ന്യൂദല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യയെ സഹായിച്ച ഡെന്മാര്ക്കുമായി സഹകരണം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനുമായി ആരോഗ്യം, കൃഷി, ജലവിഭവമാനേജ്മെന്റ്, കാലാവസ്ഥ വ്യതിയാനം, പുനരുപയോഗ ഊര്‍ജ്ജം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ തീരുമാനമായതായി പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യ-ഡെന്മാര്ക്ക് ഹരിത തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
‘ഡാനിഷ് കമ്പനികള്‍ ഇന്ത്യയില്‍ ഊര്‍ജ്ജം, ഭക്ഷ്യസംസ്കരണം, ലോജിസ്റ്റിക്സ്, അടിസ്ഥാനസൗകര്യവികസനം, യന്ത്രം, സോഫ്റ്റ് വെയര്‍ എന്നീ മേഖലകളില്‍ ഏറെ നാളായി സഹകരിച്ചുവരികയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സംഭാവന ചെയ്യുക മാത്രമല്ല, ലോകത്തിന് മുന്നില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയെ വിജയമാക്കിത്തീര്‍ക്കാന്‍ സഹായിക്കുകയും ചെയ്തു’ – പ്രധാനമന്ത്രി മോദി പറഞ്ഞു.
ഡെന്മാര്ക്കിന്റെ പരിചയസമ്പന്നതയും സാങ്കേതികവിദ്യയും ഇന്ത്യയുടെ വികസനത്തില്‍ വലിയ പങ്ക് വഹിക്കും. ഉല്പാദന മേഖലയിലെ പരിഷ്കാരങ്ങളെക്കുറിച്ചും ഡാനിഷ് കമ്പനികളുമായി ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. ‘ആരോഗ്യമേഖലയില്‍ പുതിയൊരു പങ്കാളിത്തം ആരംഭിച്ചു. കാര്ഷികോല്പാദനം വര്‍ധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം കൂട്ടാനും വേണ്ടിയുള്ള യജ്ഞങ്ങളില്‍ സഹകരിക്കാനും തീരുമാനമായതായി അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ ഡെന്മാര്ക്ക് സന്ദര്‍ശിക്കാനും മെറ്റെ ഫ്രെഡറിക്സണ് ക്ഷണിച്ചു. ഇന്ത്യയിലെത്തിയ ഡെന്മാര്ക്ക് പ്രധാനമന്ത്രിക്ക് നേരത്തെ രാഷ്ട്രീപതിഭവന് ഊഷ്മളമായ സ്വീകരണം നല്കി. ‘ഈ സന്ദര്‍ശനം ഇന്ത്യ-ഡെന്മാര്ക്ക് ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: