തിരുവനന്തപുരം: കോര്പ്പറേഷന് നികുതട്ടിപ്പിന്റെ പുതിയ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. നേമം സോണില്‍ മാത്രം 26, 74,333 രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസിന്റെ സ്ഥിരീകരണം. 2020 ജനുവരി 24 മുതല്‍ 2021 ജൂലൈ 14 വരെയുള്ള ഇടപാടുകളുടെ പരിശോധനയിലാണ് ഭീമന് തുക ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരിക്കുന്നത്.
നികുതിയിനത്തില്‍ സോണല്‍ ഓഫീസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം തന്നെ കോര്പ്പറേഷന് സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇങ്ങിനെ കൊണ്ടുപോയ തുക ബാങ്കില്‍ നിക്ഷേപിക്കാതെ ഇടത് യൂണിയന് നേതാക്കളായ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പണം അടച്ചതിന്റെ രസീതിന് പകരം സീലില്ലാത്ത കൗണ്ടര്‍ഫോയിലാണ് ഓഫീസില്‍ രേഖയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നികുതി വെട്ടിപ്പില്‍ നേമം, ശ്രീകാര്യം എന്നീ പോലീസ് സ്റ്റേഷനുകളാണ് അന്വേഷണം നടത്തുന്നത്. നേമം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും മെല്ലെപ്പോക്ക് നയമാണ് ശ്രീകാര്യം പോലീസ് നടത്തുന്നത്. ആരെയും അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് പൊലീസ് കടന്നിട്ടില്ല.
ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ കൈക്കൊള്ളുന്നത്. ഇതില്‍ പ്രതിഷേധിച്ച് നഗരസഭയ്ക്ക് അകത്തും പുറത്തുമായി സമരത്തിലാണ് ബിജെപി. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരാനാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: