കോഴിക്കോട്: വര്‍ഷങ്ങളെടുത്ത്, കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന് ബലക്ഷയമെന്ന് പഠനം. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തണമെന്നും ശിപാര്‍ശ. ബലക്ഷയം പരിഹരിക്കാന്‍ 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ചേര്‍ക്കാതെയാണ് സമുച്ചയം പണിഞ്ഞതെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഉപയോഗിച്ച സിമന്റും എം സാന്റും ഗുണനിലവാരമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 2015 ലാണ് സമുച്ചയം നിര്‍മിച്ചത്. ബിഒടി അടിസ്ഥാനത്തില്‍ കെടിഡിഎഫ്സിയാണ് 75 കോടി രൂപയോളം ചെലവില്‍ പണിതത്.
കെട്ടിടത്തില്‍ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. സമുച്ചയം പൂര്‍ത്തിയായതിനു പിന്നാലെ നിര്‍മാണം സംബന്ധിച്ച് പരാതികള്‍ വ്യാപകമായി. ഇതെതുടര്‍ന്നാണ് പഠനം നടത്താന്‍ തീരുമാനിച്ചത്. ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളത്.
കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ചേര്‍ക്കാതെയാണ് സമുച്ചയം പണിഞ്ഞിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടം അപകടാവസ്ഥയില്‍ ആയതിനാല്‍ ബസ് സ്റ്റാന്‍ഡ് താല്‍ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്സംബന്ധിച്ച് കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേരുകയും ബസ്സ്റ്റാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും ആലോചനയുണ്ടായിരുന്നു. എങ്ങോട്ട് മാറ്റണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: