മാവേലിക്കര: എസ്എസ്എല്‍സി ബുക്കിലോ വിദ്യാഭ്യാസ രേഖകളിലോ ജാതി വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ അവ തഹസില്‍ദാര്‍ നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റിനു പകരമായി ഉപയോഗിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പട്ടിക ജാതി, വര്‍ഗ, പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകും. എസ്എസ്എല്‍സി ബുക്കിലും വിദ്യാഭ്യാസ രേഖകളിലും ജാതി തെറ്റായി ചേര്‍ത്തവര്‍ക്കും പില്ക്കാലത്ത് മതം മാറിയവര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുള്ള അവകാശങ്ങള്‍ അനധികൃതമായി നേടിയെടുക്കാന്‍ പുതിയ ഉത്തരവ് സഹായകമാകും.
അടുത്ത കാലം വരെ മാതാപിതാക്കള്‍ വാക്കാല്‍ പറഞ്ഞു കൊടുക്കുന്ന ജാതിയാണ് വിദ്യാഭ്യാസ രേഖകളില്‍ ചേര്‍ക്കാറുള്ളത്. അതിനാല്‍ത്തന്നെ സ്കൂള്‍ രേഖകള്‍ ജാതി തെളിയിക്കാനുള്ള ആധികാരിക രേഖയായി പരിഗണിക്കാറുമില്ല. പകരം സമഗ്രമായ അന്വേഷണത്തിനു ശേഷം തഹസില്‍ദാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് ജാതി തെളിയിക്കാനുള്ള രേഖയായി അംഗീകരിച്ചിരുന്നത്. ഒരാള്‍ പിന്തുടരുന്ന മതാചാരമുള്‍പ്പെടെയുള്ള വസ്തുതകള്‍ പരിഗണിച്ചാണ് തഹസില്‍ദാര്‍മാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്കിയിരുന്നതും. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്കുപോലും പരമാവധി മൂന്നു വര്‍ഷമായിരുന്നു കാലാവധി.
ഈ സമ്പ്രദായത്തിനാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ രേഖകളില്‍ പട്ടികജാതി-പട്ടികവര്‍ഗമെന്നോ പിന്നാക്ക ജാതിയെന്നോ തെറ്റായി ചേര്‍ത്തിട്ടുള്ളവര്‍ക്കും സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ജാതി, മതം മാറിയവര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അനധികൃതമായി നേടിയെടുക്കാന്‍ ഇതിടയാക്കും. നിലവില്‍ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകുകയും ചെയ്യും. മതംമാറി ക്രിസ്ത്യന്‍ വിഭാഗത്തില്‍ ചേര്‍ന്നവര്‍ക്കു വേണ്ടിയാണ് ഈ ഉത്തരവിറക്കിയിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. വലിയ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഉത്തരവിനെതിരേ പല സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
വിദ്യാഭ്യാസ രേഖകളില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തഹസില്‍ദാരില്‍ നിന്നു ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം മതപരിവര്‍ത്തിതരായ ഇതര മത സമൂഹങ്ങളില്‍പ്പെട്ടവരെ സംരക്ഷിക്കാനും, പട്ടിക ജാതി, വര്‍ഗ സമൂഹത്തെ ദ്രോഹിക്കാനുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം പട്ടിക ജാതിക്കാര്‍ക്ക് ദോഷകരമാകും. മതപരിവര്‍ത്തിതര്‍ക്ക് ആനുകൂല്യങ്ങളും പദവിയും സംവരണവും നല്‍കാത്തത് അവര്‍ ഹിന്ദുവല്ലാത്തതിനാലാണ്. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോഴാണ് ആദ്യമായി ജാതിക്കോളം പൂരിപ്പിക്കുന്നത്, അതിനുശേഷം മതം മാറിയാലും ഹിന്ദുക്കള്‍ക്കു മാത്രം കൊടുക്കേണ്ട ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. ജാതി നിജപ്പെടുത്താന്‍ സ്കൂള്‍ അധികൃതര്‍ അതോറിറ്റി അല്ലെന്നും ബിജു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: