നോക്കുകൂലി എന്ന വാക്ക് ഇനി മുതല്‍ കേട്ടുപോകരുതെന്നാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്ത്യശാസനം എന്ന രീതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ നടക്കുന്നത് അക്രമാസക്ത ട്രേഡ് യൂണിയന് പ്രവര്‍ത്തനമാണെന്ന പ്രതിച്ഛായയുണ്ടന്ന് നിരീക്ഷിച്ച കോടതി, നിയമം കൈയിലെടുക്കരുതെന്ന് ട്രേഡ് യൂണിയനുകളോട് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്ന് ചോദിക്കുകയും ചെയ്തു.
നോക്കുകൂലിക്ക് നിരോധനമേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് സംസ്ഥാനത്തിന് നാണക്കേടാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് വെറുതെ പറഞ്ഞാല്‍ പോര. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമം കൈയിലെടുക്കുന്ന യൂണിയനുകളുടെ രീതി അംഗീകരിക്കാനാകില്ല. നിലവില്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് വരാന്‍ ഭയക്കുന്ന സാഹചര്യമാണുള്ളത്. നോക്കുകൂലി സമ്പ്രദായം സംസ്ഥാനത്തു നിന്നും തുടച്ചുനീക്കണം തുടങ്ങി അതിരൂക്ഷമായ രീതിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ഇതാദ്യമല്ല നോക്കുകൂലിക്കെതിരെ ഹൈക്കോടതി വിമര്‍ശനം നടത്തുന്നത്. മുഖ്യമന്ത്രിയും പോലീസ് മേധാവിയുമൊക്കെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ഗുണ്ടായിസത്തെ തള്ളി രംഗത്തു വന്നിരുന്നു. നോക്കുകൂലി സാമൂഹിക വിരുദ്ധമാണെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല എന്നതാണ് അനുഭവം.
സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. അത് സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടു തന്നെ ആരെങ്കിലും നോക്കുകൂലിക്കായി ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനെ ഏതെങ്കിലുമൊരു സംഘടനയുടേതായി കാണാതെ നടപടി എടുക്കാനാകും. തൊഴിലാളി സംഘടനകള്‍ക്ക് പരസ്യമായി രംഗത്തു വരാന്‍ കഴിയില്ല.
നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംസ്ഥാനത്ത് എവിടെ ഉണ്ടായാലും കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അത്തരം സംഭവങ്ങള്‍ ഒരിടത്തും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. നോക്കുകൂലിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. ജാമ്യമില്ലാക്കുറ്റം ചുമത്താവുന്ന വകുപ്പുകളാണ് ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ളതെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
നടപടിയെടുക്കുന്നതില്‍ അലംഭാവമുണ്ടാകില്ലെന്നും മുഖ്യമന്ത്രിയും ഡിജിപിയും ഒക്കെ ഇടയ്ക്കിടെ പറയുകയും കോടതികള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നോക്കൂകൂലി മുക്കിലും മൂലയിലും വരെയുണ്ട് എന്നതാണ് സത്യം. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ വിഎസ്എസ്സിയിലേക്ക് കൊണ്ടുവന്ന ചരക്കുകള്‍ പോലും നോക്കുകൂലിക്കായി തടഞ്ഞ സംഭവം കേരളത്തിലുണ്ടായി.
മനുഷ്യപ്രയത്നം ആവശ്യമില്ലാത്ത, യന്ത്രവത്കൃത സംവിധാനമുള്ള ക്വാറികള്‍ പോലുള്ള മേഖലകളിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചുമട്ടുതൊഴിലാളി യൂണിയനുകള്‍ ഭീഷണിപ്പെടുത്തി നിശ്ചിത തുക കൈപ്പറ്റുന്നു എന്നത് നഗ്നസത്യമാണ്. തുക നല്കാതിരുന്നാല് യന്ത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നതും സാധാരണമാണ്. ചില പ്രാദേശിക നേതാക്കളുടെ വയറ്റിപ്പിഴപ്പും ഈ പണമാണ്. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ടുതൊഴിലാളി ബോര്‍ഡിനെയാണ് തൊഴിലാളികള്‍ സമീപിക്കേണ്ടത്. അല്ലാതെ യൂണിയനെ അല്ല. തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമവുമല്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും നടക്കുന്നതെല്ലാം ഇതിന് വിരുദ്ധമാണ്.
നോക്കുകൂലിയുടെ പേരില്‍ തൊഴിലാളികളേയും യൂണിയനുകളേയും അടച്ചാക്ഷേപിക്കുമ്പോള്‍ അവര്‍ മാത്രമാണോ പ്രതിസ്ഥാനത്ത് എന്നുകൂടി ചിന്തിക്കണം. രാഷ്ട്രീയ നേതാക്കളും പോലീസുമൊക്കെ അതിന്റെ പങ്ക് പറ്റുന്നവരാണ്. നോക്കുകൂലി ചോദിക്കുന്നവര്‍ ആരായാലും കൊടിയുടെ നിറം നോക്കാതെ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള തടസ്സവും അതുതന്നെ. ഇത് സംബന്ധിച്ച കേസ് നവംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. കേരളപ്പിറവി ദിനം മുതല്‍ കേരളത്തിന് പുതിയ പ്രതിച്ഛായ ഉണ്ടാകുമെന്ന കോടതിയുടെ പ്രത്യാശ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: