ആലപ്പുഴ: ദില്ലി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കിരോരിമല്‍ കോളേജിലെ ഫിസിക്സ് പ്രൊഫസറായ രാകേഷ് പാണ്ഡേ നടത്തിയ മാര്‍ക്ക് ജിഹാദ് എന്ന പരാമര്‍ശത്തെ കേരളാ ബിജെപി പൂര്‍ണ്ണമായും തള്ളിക്കളയുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലി സര്‍വ്വകലാശാലയില്‍ പ്രവേശനം കിട്ടുന്നത് ഏതെങ്കിലും തരത്തിലുള്ള അജണ്ടയുടെ ഭാഗമാണെന്ന് ബിജെപി വിശ്വസിക്കുന്നില്ലെന്ന് വാചസ്പതി വ്യക്തമാക്കി.
ഇതേ ആശയം ഇതിലും കടുത്ത ഭാഷയില്‍ സിപിഎം നേതാവായ എളമരം കരീം പ്രസംഗിച്ചിട്ടുണ്ടെന്ന് സന്ദീപ് ഓര്‍മ്മിപ്പിച്ചു. ദില്ലി സര്‍വ്വകലാശാലയിലേക്ക് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ജമാ അത്തെ ഇസ്ലാമി ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നു എന്ന എളമരം കരീമിന്റെ അതേ അഭിപ്രായമാണ് ദില്ലിയിലെ പ്രൊഫസറും പറഞ്ഞത്. രണ്ടു പേര്‍ക്കും ഒരേ സ്വരവും ഒരേ ആശയവുമാണ്. യഥാര്‍ത്ഥത്തില്‍ കരീം പറഞ്ഞ അത്ര കടുത്ത പരാമര്‍ശമല്ല രാകേഷ് പാണ്ഡേ നടത്തിയതെന്നും അദേഹം പറഞ്ഞു.
പച്ചയ്ക്ക് വര്‍ഗ്ഗീയത പറഞ്ഞ സിപിഎം നേതാവിന് നേരെ കണ്ണടച്ചവരാണ് ഇപ്പോള്‍ ഏതൊ ഒരു പ്രൊഫസറുടെ 2 വരി ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബിജെപിയെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്. ഈ സെലക്ടീവ് പ്രതികരണം പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ അംഗവും മുന്‍ വ്യവസായ മന്ത്രിയുമായിരുന്ന എളമരം കരീം കോഴിക്കോട് എന്‍.ജി.ഒ ഹാളില്‍ നടത്തിയ പ്രസംഗം കണ്ടില്ലെന്ന് നടിക്കുന്നതിന് പിന്നിലുള്ള അജണ്ട എല്ലാവര്ക്കും മനസിലാകും. അന്ന് അസ്വാഭാവികത തോന്നാത്തവര്‍ക്ക് ഇപ്പോള്‍ അത് തോന്നുന്നത് ബിജെപി വിരോധം കൊണ്ട് മാത്രമാണെന്നും വാചസ്പതി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: