ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ ലേലവിജയത്തില്‍ സന്തോഷം അറിയിച്ച് രത്തന്‍ ടാറ്റാ. തിരികെ എത്തുന്ന എയര്‍ ഇന്ത്യയ്‌ക്ക് സ്വാഗതം എന്നായിരുന്നു ടാറ്റ യുടെ ട്വീറ്റിന്റെ തലക്കെട്ട്. എയര്‍ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാന്‍ വലി ശ്രമം ആവശ്യമാണെങ്കില്‍ തന്നെയും വ്യോമയാനവ്യവസായ രംഗത്ത് ടാറ്റാ ഗ്രൂപ്പിന്റെ സാന്നിധ്യം അറിയിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രത്തന്‍ ടാറ്റ പ്രതികരിച്ചു.
ജെആര്‍ഡി ടാറ്റയുടെ നേതൃത്വത്തില്‍ ലോകത്തെ പ്രമുഖ എയര്‍ലൈനുകളില്‍ ഒന്നായി പേരെടുക്കാന്‍ എയര്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവസരം ടാറ്റയ്‌ക്ക് കൈവന്നിരിക്കുന്നുവെന്ന് അദേഹം വ്യക്തമാക്കി. വ്യവസായ മേഖലകള്‍ സ്വകാര്യ മേഖലയിലേക്ക് തുറന്നു കെടുക്കുന്ന സര്‍ക്കാരിന്റെ നയത്തെ അംഗീകരിക്കുകയും ഇതില്‍ നന്ദി അറിയിക്കുകയും ചെയ്യുന്നതായും ടാറ്റ ട്വീറ്റ് ചെയ്തു.
എയര്‍ ഇന്ത്യാ സ്വകാര്യവല്‍ക്കരണ ലേലം വിജയിച്ച് ടാറ്റാ ആന്‍ഡ് സണ്‍സ്. 18000 കോടി രൂപയ്‌ക്കാണ് ടാറ്റാ എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. 15,100 കോടി രൂപക്ക് ലേലം സ്വന്തമാക്കാന്‍ മുന്നോട്ടുവന്ന സ്‌പൈസ് ജെറ്റിനെ പിന്നിലാക്കിയാണ് എയര്‍ സ്ഥാപകര്‍ തന്നെ കമ്പനിയെ വീണ്ടെടുത്തിരിക്കുന്നത്.
2022 ഓടെ കൈമാറ്റ നടപടികള്‍ കേന്ദ്രം പൂര്‍ത്തിയാക്കും. എയര്‍ ഇന്ത്യ ടാറ്റാ ആന്‍ഡ് സണ്‍സ് തന്നെ ഏറ്റെടുക്കും എന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ സ്ഥിരീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറായിരുന്നില്ല.
1932ല്‍ ടാറ്റാ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. 1953ല്‍ ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: