ന്യൂദല്‍ഹി: കൊവിഡ് മൂലം അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മെയ് 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. കുട്ടികളുടെ താമസം, വിദ്യാഭ്യാസം, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമ്പത്തിക സഹായം എന്നിവയാണ് പദ്ധതിയിലുള്ളത്.
2020 മാര്‍ച്ച് 11 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള സമയപരിധിക്കുള്ളില്‍ കൊവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ച 2021 മെയ് 29 മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമയപരിധിക്കുള്ളില്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്യണം. മാതാപിതാക്കള്‍, ജീവിച്ചിരുന്ന ഏകരക്ഷിതാവ്, നിയമപരമായ രക്ഷാകര്‍ത്താവ്, ദത്തെടുത്ത രക്ഷിതാവ് എന്നിവര്‍ മരണമടഞ്ഞാല്‍ അപേക്ഷിക്കാം. മാതാപിതാക്കളുടെ മരണത്തീയതിയില്‍ കുട്ടിക്ക് 18 വയസ്സ് തികയരുത്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പുവരുത്തുന്നതിനൊപ്പം 18 വയസ്സ് മുതല്‍ പ്രതിമാസം സ്റ്റൈപ്പന്റും 23 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഒറ്റത്തവണയായി 10 ലക്ഷം രൂപയും കുട്ടികള്‍ക്ക് ലഭിക്കും.
പിഎം കെയേഴ്സ്: കുട്ടികളുടെ അവകാശങ്ങള്‍ ഇങ്ങനെ
ന്യൂദല്‍ഹി: കൊവിഡ് മൂലം അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിപ്രകാരം ലഭിക്കുന്ന അവകാശങ്ങള്‍ നാലിനും പത്തിനുമിടയില്‍ പ്രായമുള്ളവരെ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ താമസിപ്പിക്കണം. പത്തിനു മുകളില്‍ പ്രായമുള്ളവരെ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ചേര്‍ക്കാം. സഹോദരങ്ങളുണ്ടെങ്കില്‍ താമസം അവര്‍ക്കൊപ്പമാക്കണം. സ്ഥാപനേതര പരിചരണത്തിന് സാമ്പത്തിക സഹായം നല്‍കണം.
പ്രീ-സ്കൂളിനും സ്കൂള്‍ വിദ്യാഭ്യാസത്തിനും സഹായം- ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം, ഇസിസിഇ, പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ പരിശോധന എന്നിവയ്ക്കായി അങ്കണവാടികളില്‍ നിന്ന് സഹായം ലഭ്യമാക്കും. പത്തിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അടുത്തുള്ള സ്കൂളില്‍ പ്രവേശനം നല്‍കണം. സര്‍ക്കാര്‍ സ്കൂളുകളില്‍ രണ്ട് സെറ്റ് സൗജന്യ യൂണിഫോമും പാഠപുസ്തകങ്ങളും നല്‍കും. സ്വകാര്യ സ്കൂളുകളില്‍ ട്യൂഷന് ഫീസ് ഒഴിവാക്കും. ഇവ ലഭിക്കാത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള പിഎം കെയര്‍ പദ്ധതിയില്‍ നിന്ന് ഫീസ് നല്‍കും. യൂണിഫോം, പാഠപുസ്തകങ്ങള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്കുള്ള ചെലവുകളും നല്‍കും.
11-18 വയസ്സിനിടയിലുള്ള കുട്ടികള്‍ കൂട്ടുകുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെങ്കില്‍, അടുത്തുള്ള സ്കൂളില്‍ പ്രവേശനം നല്‍കും. കൂട്ടുകുടുംബത്തോടൊപ്പമല്ലെങ്കില് സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രവേശനം നല്‍കും. പ്രൊഫഷണല്‍ കോഴ്സുകള്‍, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായി വായ്പ ലഭിക്കുന്നതിന് സഹായിക്കും. വിദ്യാഭ്യാസ വായ്പയുടെ പലിശ പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ സ്കീമില്‍ നിന്ന് നല്‍കും.
ഗുണഭോക്താക്കള്‍ക്ക് മാനദണ്ഡമനുസരിച്ച് സ്കോളര്‍ഷിപ്പ് നല്‍കും. എല്ലാ കുട്ടികളെയും അഞ്ചു ലക്ഷം രൂപയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ക്കും.
പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ ഒറ്റത്തവണയായി മുന്‍കൂറായി 10 ലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ്സ് പൂര്‍ത്തിയായി 23 വയസ്സ് തികയുന്നതുവരെ സ്റ്റൈപ്പന്റ് നല്‍കും. 23 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ 10 ലക്ഷം രൂപ കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: