ന്യൂദല്‍ഹി: ഇന്ത്യ നിലപാട് കടുപ്പിച്ചപ്പോള്‍ ക്വാറന്റീന് നിബന്ധന പിന്‍വലിച്ച് ബ്രിട്ടന്. രണ്ടു ഡോസ് കൊവിഡ് വാക്സീനെടുത്താലും ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി ക്വാറന്റീന് ആവശ്യമില്ല. തിങ്കളാഴ്ച മുതല്‍ കൊവിഷീല്‍ഡോ യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ രണ്ടു ഡോസ് എടുത്തവര്‍ക്ക് ക്വാറന്റീന് വേണ്ടന്ന് ബ്രിട്ടന് വ്യക്തമാക്കി.
നേരത്തെ കൊവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന് ബ്രിട്ടന് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയുടെ വാക്സിന് അംഗീകരിച്ചില്ലെങ്കില്‍ ബ്രിട്ടനില്‍ നിന്ന് എടുക്കുന്ന ഒരു വാക്സിനുകളും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് നിര്‍ബന്ധിത ക്വാറന്റീന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. യു.കെയില്‍ നിന്ന് എത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പും ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്നും എട്ട് ദിവസത്തെ ക്വാറന്റീന് ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ പൗരന്മാര്ക്ക് നല്കുന്ന വാക്സിന് സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ യു.കെ തയാറായിരുന്നില്ല. ഇത് ഇന്ത്യയുടെ കടുത്ത അമര്‍ഷത്തിന് കാരണമായിരുന്നു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത നടപടികളിലേക്ക് പോകുമെന്ന മുന്നറിയിപ്പും വിദേശകാര്യ മന്ത്രാലയം യു.കെയ്ക്ക് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് യു.കെയുടെ പിന്മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: