ആലപ്പുഴ: മോതിരം പണയം വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം ആനാവൂര്‍ കൈതകോണം വീട്ടില്‍ സതീഷിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കോട്ടയം വാഴപ്പള്ളി പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡില്‍ അനീഷ് (മാങ്ങാണ്ടി അനീഷ് -35) വാഴപ്പള്ളി പതിനാറാം വാര്‍ഡില്‍ പറാല്‍ കുഴിപറമ്പില്‍ സദാനന്ദന് (സദന്- 61) എന്നിവരെയാണ് ആലപ്പുഴ അഡിഷണല്‍ ജില്ലാ കോടതി 3 കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2008 ജൂലൈ 20ന് ആയിരുന്നു സംഭവം.
കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന കരാറുകാരനായ ജേഷ്ഠനൊപ്പം സഹായിയായി നിന്നിരുന്ന സതീഷ് മേശരിപ്പണിക്കെത്തിയ അനീഷും സദാനന്ദനുമായി സൗഹൃദത്തിലായി. സതീഷിന്റെ മോതിരം സദാനന്ദന് വാങ്ങി പണയം വെച്ചു. സതീഷ് പണയ രസീത് ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അനീഷും സദാനന്ദനും ചേര്‍ന്ന് സതീഷിനെ ക്രൂരമായി മര്‍ദിച്ച ശേഷം രാമങ്കരി പാടത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന് കേസ്.
പിറ്റേ ദിവസം രാവിലെയാണ് പാടത്ത് നിന്നും സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. രാമങ്കരി പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേക്ഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഗീത, ആര്യാ സദാശിവന് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: