ആലപ്പുഴ: ഖരമാലിന്യ സംസ്ക്കരണത്തില്‍ ദേശീയ ഹരിതട്രൈബ്യൂണലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആലപ്പുഴ നഗരസഭ 15 ലക്ഷം രൂപ പിഴയൊടുക്കാന്‍ സംസ്ഥാന മലിനീകരണ നീയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം. മാലിന്യസംസ്ക്കരണത്തില്‍ സംസ്ഥാനത്തെ നഗരസഭകളില്‍ ഒന്നാമതെന്ന് കൊട്ടിഘോഷിച്ച് അവാര്‍ഡും വാങ്ങി കൊട്ടിഘോഷിക്കുമ്പോഴാണ് ഇതേ പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയുടെ പേരില്‍ പിഴ ശിക്ഷയ്ക്ക് വിധേയമായത്. 2020 ഏപ്രില്‍ മുതല്‍ കഴിഞ്ഞ 2021 ജൂണ്‍ വരെയുള്ള കാലയളവ് കണക്കാക്കിയാണ് 15 ലക്ഷം പിഴചുമത്തിയത്. എന്നാല്‍ ഇതില്‍ നിന്നും ഒഴിവാകുന്നതിനുള്ള യാതൊരു നടപടിയിലും അധികൃതര്‍ സ്വീകരിക്കാത്തതിനാല്‍ ജൂലൈ, ഓഗസ്റ്റ്, സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ പിഴയും പിന്നാലെ വരും.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങളുടെ ചോദ്യത്തിന് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. നിര്‍മ്മല നഗരം, അഴകോടെ ആലപ്പുഴയെന്ന പേരില്‍ നഗരത്തില്‍ ലക്ഷങ്ങള്‍ പൊടിച്ചുള്ള ശുചിത്വ സര്‍വ്വേയും മുന്‍ മന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദ്ദേശാനുസരണം ഇപ്പോഴും നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനവും അല്ലാതെ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനുള്ള സ്ഥിരമായ സംവിധാനം ഇനിയും ഇല്ലെന്നതാണ് വാസ്തവം.
നഗരത്തിലെ അറവുമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനും ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള സംവിധാനം ഒരുക്കിയിട്ടില്ല. മാലിന്യങ്ങള്‍ ശേഖരിച്ച് പലസ്ഥലങ്ങളിലായി കൂട്ടിയിടുന്ന സംവിധാനമാണ് നഗരസഭയ്ക്കുള്ളത്. എയ്റോബിക് പദ്ധതിയില്‍ നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവനും സംസ്ക്കരിക്കുന്നതിനുള്ള കപ്പാസിറ്റിയില്ല. 100 ശതമാനം ഹരിതട്രൈബ്യൂണല്‍ നിര്‍ദ്ദേശ പ്രകാരമുള്ള മാലിന്യ സംസ്ക്കരണം നടത്താത്ത കാലത്തോളം മാസം ഒരുലക്ഷം രൂപ പിഴയൊടുക്കേണ്ടി വരുമെന്ന് മാലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ നിലവില്‍ 15ലക്ഷം രൂപ അടയ്ക്കേണ്ടി വരുമെന്ന് ഉറപ്പാണ്. നഗരത്തിലെ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനെന്ന പേരില്‍ ലക്ഷങ്ങള്‍ പൊടിച്ചുള്ള പരിപാടികള്‍ ആലപ്പുഴ നഗരസഭ ഭരണാധികാരികള്‍ നടത്തുന്നതിനിടെയാണ് സര്‍ക്കാരില്‍ നിന്നും വന്‍തിരിച്ചടി ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: