കോഴിക്കോട്: കേരളത്തില്‍ ചിലര്‍ ബോധപൂര്‍വം തമസ്കരിച്ച കേളപ്പജിയുടെ സ്മരണ അത്യുജ്ജ്വലമായി തിരിച്ചു വരികയാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന കേളപ്പജി സ്മൃതി സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേളപ്പജിയെ സമഗ്രതയില്‍ അവതരിപ്പിക്കുന്നതിനെ ചിലര്‍ അട്ടിമറിച്ചു. ആ നന്ദികേടിന്റെ ഉദാഹരണമാണ് തവനൂരിലെ അദ്ദേഹത്തിന്റെ സ്മൃതികുടീരം അനാഥമായി കിടക്കുന്നത്. ഒരു ജില്ലയില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ പോലും പാടില്ലെന്ന് ചിലര്‍ ശഠിക്കുന്നതിന്റെ തുടര്‍ച്ചയാണിത്. എന്നാല്‍ മറവിയില്‍ നിന്ന് കേളപ്പജിയുടെ ഓര്‍മകള്‍ തിരിച്ചു വരികയാണ്.
കേളപ്പജിയുടെ സ്ഥാനം കേരളത്തില്‍ മറ്റൊരു നേതാവിനും നേടാന്‍ കഴിഞ്ഞിട്ടില്ല. ആധുനികഭാരതചരിത്രത്തില് ദേശീയതയോട്, ദേശീയ നവോത്ഥാനത്തോടു ചേര്‍ന്ന്നില്‍ക്കുന്ന എന്തെങ്കിലും ഒക്കെ ഉണ്ടെന്ന് നാം അവകാശപ്പെടുന്നുണ്ടെങ്കില്‍ ഒന്നൊഴിയാതെ സര്‍വതിലും കേരളഗാന്ധിജിയുടെ കൈയൊപ്പുണ്ട്.
വൈക്കം സത്യഗ്രഹം, പയ്യന്നൂര്‍ ഉപ്പ് സത്യഗ്രഹം, ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹം, മലബാറിലേക്കുള്ള ഗാന്ധിജിയുടെ ചിതാഭസ്മ യാത്ര, നിളാതീരത്തെ സര്‍വ്വോദയമേള, മലപ്പുറം ജില്ലാവിരുദ്ധ സമരം, തളി ക്ഷേത്ര സംരക്ഷണ സമരം, ഗോപാലപുരം പിന്നാക്കസമുദയാംഗങ്ങളുടെ സ്ഥാപനം, പാക്കനാര്‍ പുരം ആശ്രമം, ഐക്യകേരളം, തുടങ്ങിയ ചരിത്ര സംഭവങ്ങളിലെല്ലാം കേളപ്പജിയാണ് നായകസ്ഥാനത്തുള്ളത്.
വിട്ടുവീഴ്ച ഇല്ലാത്ത ആ ആദര്‍ശ നിഷ്ഠകൊണ്ട് മാത്രമാണു ഇതൊക്കെ നടന്നത്. മതഭീകരവാദികളുടെ ആക്രമണത്തില്‍ നിന്ന് പൊന്നാനിയെ രക്ഷിക്കാന്‍ കൈവിടര്‍ത്തി കരുത്താര്ന്ന് നിലകൊണ്ടതുപോലെ കോണ്‍ഗ്രസിനെ കമ്മ്യൂണിസ്റ്റ് മതഭ്രാന്തില്‍ നിന്ന് രക്ഷിക്കാന്‍ നെഞ്ച് വിരിച്ചു നിന്നതും കേളപ്പജി ആയിരുന്നു. ആ ധീരനായ രാഷ്ട്രഭക്തനില് നിന്ന് പ്രേരണ ഉള്‍ക്കൊണ്ടല്ലാതെ നമുക്കു മുന്നോട്ട് പോകാന്‍ ആവില്ല..
ജീവിതം യജ്ഞമാക്കി മാറ്റിയ കേളപ്പജിയെന്ന തപോധനനിലേക്ക് തിരികെ പോകാതെ കേരളത്തിന് പുരോഗതി സാധ്യമല്ല അദ്ദേഹം പറഞ്ഞു. നാടിന്റെ സംസ്കൃതിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെ ചിലര്‍ വേട്ടയാടുകയാണ്. ഔറംഗസീബിനെ വാഴ്ത്തുന്നവര്‍ ദാരാഷുക്കോവിനെ തമസ്കരിക്കുന്നു. വെളിച്ചമേന്തിയതിന് അലി മണിക് ഫാനെ വേട്ടയാടി സമ്മര്‍ദ്ദത്തിലാക്കുന്നു. മതമൗലികവാദമുയര്ത്തുന്ന ഭീഷണിയെക്കുറിച്ച് വളരെ മുമ്പ് തന്നെ കേളപ്പജി മുന്നറിയിപ്പ് നല്‍കിയിരുന്നവെന്നും അദ്ദേഹം പറഞ്ഞു.
കേളപ്പജിയുടെ ചെറുമകന് നന്ദകുമാര്‍ മൂടാടി അധ്യക്ഷനായി. സ്വാതന്ത്യ സമര നേതാവ് കെ. മാധവന് നായരുടെ ചെറുമകള്‍ പി. സിന്ധു, നന്ദകുമാര്‍ മൂടാടി, കുഞ്ഞിരാമന്, ടി. ബാലകൃഷ്ണന്, കെ.വി. കൃഷ്ണന് എന്നിവരെ ആദരിച്ചു. മലബാര്‍ സിംഹം ടി.എന്‍. ഭരതനെക്കുറിച്ച് ആര്. വേണുഗോപാല്‍ രചിച്ച പുസ്തകം ടി. ബാലകൃഷ്ണന് നല്കി ജെ. നന്ദകുമാര്‍ പ്രകാശനം ചെയ്തു. വി. മനോഹരന്, നീന, ഗീത, കെ.വി. രാജേന്ദ്രന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: