നീലേശ്വരം: കനത്ത മഴയില്‍ വഴി തെറ്റിയ പതിനഞ്ചുകാരന് കൊടുംകാട്ടില്‍ കുടുങ്ങിയത് ഒരു രാത്രി. പേടിയോടെ കുട്ടി രാത്രി കഴിച്ചുകൂട്ടിയത് പാറപ്പുറത്തിരുന്ന്. നീലേശ്വരം ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് പാമത്തട്ടില്‍ വട്ടമല ഷാജിയുടെ മകന് ലിജീഷ് മാത്യുവാണ് ദുരിതപര്‍വ്വം താണ്ടിയത്.
കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. വനത്തിനുള്ളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന കുടിവെള്ള പൈപ്പ് ശരിയാക്കാനാണ് പോയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ലിജീഷ് പൈപ്പ് ശരിയാക്കി മടങ്ങുന്നതിനിടെ കനത്ത മഴയും കാറ്റും മഞ്ഞും കാരണം വഴിതെറ്റി പോവുകയായിരുന്നു. പുറത്തെത്താന്‍ സാധിക്കാതെ കാട്ടില്‍ അകപ്പെട്ടു. പൂര്‍ണ്ണമായും വഴി തെറ്റിയെന്ന് മനസിലായതോടെ വേവലാതിയില്‍ തിരിച്ചു നടക്കാനും തുടങ്ങി. ഒടുവില്‍ പാറയുടെ മുകളില്‍ കയറിയിരുന്നു. എങ്ങോട്ടെന്നില്ലാതെ നടന്നതോടെ നാല് കിലോമീറ്ററോളം അകലെ ശങ്കരങ്ങാനം ഉള്‍വനത്തിലേക്കാണ് കുട്ടി എത്തപ്പെട്ടത്.
പൈപ്പ് നന്നാക്കാന്‍ പോയ മകന് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ മാതാപിതാക്കളായ ഷാജിക്കും സാലിക്കും ആശങ്കയായി. കുട്ടി തിരിച്ചെത്തിയില്ലെന്ന കാര്യം മാതാപിതാക്കള്‍ ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു. ഇതോടെ പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി തിരച്ചിലും ആരംഭിച്ചു. എന്നാല്‍ കാലാവസ്ഥാ പ്രതീകൂലമായത് തിരച്ചിലിനെ ബാധിച്ചു.
പാറയ്ക്ക് മുകളില്‍ നിന്ന് ലിജീഷ് തിരച്ചില്‍ സംഘത്തിന്റെ ടോര്‍ച്ച് ലൈറ്റുകള്‍ കാണുന്നുണ്ടായിരുന്നു. അവരുടെ ശ്രദ്ധ കിട്ടാനായി വളരെ ഉച്ചത്തില്‍ വിളിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. സൂര്യന് ഉദിച്ചതോടെ ലിജീഷ് തിരികെ വീട്ടിലേക്ക് നടന്നു തുടങ്ങി. രാവിലെ ആറോടെ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്സും ഫോറസ്റ്റ് അധികൃതരും തിരച്ചില്‍ ആരംഭിച്ചു. ഏഴരയോടെ ഈ സംഘം ലിജീഷിനെ വനത്തില്‍ കണ്ടെത്തി വീട്ടില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: