ജഗദംബയായ പരാശക്തിയുടെ പ്രാദുര്ഭാവം ദേവിയുടെ ശിഷ്ട ജനപാലനം, ദുഷ്ടജന നിഗ്രഹം, നിരുപാധികം ഭക്തര്‍ക്കു നല്കുന്ന അഭയവും അനുഗ്രഹവും എത്രയെത്ര കഥകള്‍, ഉപകഥകള്‍, കഥാപാത്രങ്ങള്‍. ഒക്കെയും തിങ്ങിയിണങ്ങിയ സമ്പന്നവും സമൃദ്ധവുമായ ‘ദേവീ സാഹിത്യ’മാണ് നമ്മുടെ ആദ്യാത്മിക സാഹിത്യത്തിനവകാശപ്പെടാനുള്ളത്. ഇന്ത്യയിലങ്ങോളമിങ്ങോളം വിവിധ രൂപഭാവങ്ങളില്‍ ദേവി ആരാധിക്കപ്പെടുന്നു. അഥവാ ദേവിയുടെ ഉപാസനയില്‍ ഒരു പ്രത്യേക അഭിനിവേശവും അര്‍പ്പണ മനോഭാവവും ഭാരതീയര്‍ക്കുണ്ട് എന്ന് നമുക്ക് പറയാം. ദേവീ പൂജയ്ക്കും ആരാധനയ്ക്കും ഏതാണ്ട് നാലായിരം വര്‍ഷത്തെ പഴക്കം നമുക്കവകാശപ്പെടാവുന്നതാണ്.
ആരാണ് ദേവി ? ഐശ്വര്യവും പരാക്രമവും സ്വരൂപവും സ്വഭാവവമുള്ളവളാണ് ദേവി. ശക്തി, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ബലം, ഭഗം, യശസ്സ് ഇവ ഒന്നുചേര്‍ന്നാല്‍ ഭഗവതി. ഭഗവതിയെ നോക്കി ദേവന്മാര് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ”ലക്ഷ്മിയായതും പാര്‍വ്വതിയായതും ഉമയായതും സരസ്വതിയായതും ഭദ്രയായതും ഭഗവതിയായതും എല്ലാം ദേവീ നീ തന്നെയാണ്. അങ്ങനെയുള്ള മഹാദേവി ചരാചരീ, പരാശക്തി, പരമേശ്വരി ഞങ്ങളെ അനുഗ്രഹിച്ചാലും.”
‘ആപദി കിം കരണീയം?’ എന്ന് ബ്രാഹ്മണന്റെ ചോദ്യത്തിന് ‘സ്മരണീയം ചരണയുഗളമംബായാഃ’ എന്നാണ് കാക്കശ്ശേരി ഭട്ടതിരി ഉറപ്പായി പണ്ടു പറഞ്ഞത്. ദേവി മഹാവിഷ്ണുവിനോട് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു. ”….ഞാന്‍ പരാശക്തി, മഹാമായ. അങ്ങ് സാത്വികന്. അങ്ങയുടെ നാഭിയില്‍ നിന്നും രജോഗുണ പ്രധാനമായ ബ്രഹ്മാവ്. ബ്രഹ്മാവിന്റെ ഭൂമധ്യത്തില്‍ നിന്നും താമസശക്തിയോടുകൂടിയ രുദ്രന്. ബ്രഹ്മാവ് തപോബലം കൊണ്ട് സൃഷ്ടി കര്‍മ്മത്തിലേര്‍പ്പെടുന്നു. രക്തവര്ണമായ ലോകമാണ് ബ്രഹ്മാവ് സൃഷ്ടിക്കുന്നത്. ആ ലോകത്തിന് അങ്ങാണ് രക്ഷിതാവ്. അതേ ജഗത്തിനെ കല്പാ ന്തത്തില്‍ രുദ്രന് സംഹരിക്കും. ഞാന്‍ സൃഷ്ടിക്ക് പിമ്പിലുള്ള ശക്തി.
ദേവിയൊത്തല്ലാതെ ഒരു ദേവനും നമുക്ക് ആരാ ധ്യനാകുന്നില്ല. വിഷ്ണു രമയ്ക്ക്, ഉമയ്ക്ക് ഹരന്. പ്രകൃതിയിലൂടെ മാത്രമേ പുരുഷനെ കാണാനാവൂ. പ്രകൃതി നാനാ രൂപങ്ങളായി പരിണമിക്കുന്നത് പുരുഷ പ്രചോദനത്താല്‍ മാത്രം. നമ്മളിലെല്ലാമുള്ള ചിദാനന്ദാത്മാവാണ് പുരുഷന്. ഇക്കണ്ട ജഡ പ്രപഞ്ചമാകെ പ്രകൃതിയാണ്. പുരുഷ സാന്നിധ്യത്തില്‍ പ്രകൃതി പരിണമിച്ച് പല ദേവതാ രൂപങ്ങളായി മാറുന്നു. ദേവീദേവഭേദം ആധ്യാത്മിക ചിന്തയിലിവിടെ ഉണ്ടായിട്ടില്ല. രണ്ടുമൊന്നെന്ന തിരിച്ചറിവാണ് ആനന്ദം. അത് തന്നെയാണ് ആത്മാനാത്മ വിവേകം. ശ്രീ ശങ്കരന് നിത്യാനന്ദമയി എന്ന് ദേവിയെ വിളിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: