കേരളഗാന്ധി കേളപ്പജിയുടെ വിയോഗത്തിന് അമ്പതാണ്ട് തികയുകയാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം അമൃത മഹോത്സവമായി രാജ്യം ആഘോഷിക്കുമ്പോള്‍ ഈ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. കേരളഗാന്ധി എന്ന പേര് അന്വര്‍ത്ഥമാക്കുന്നതായിരുന്നു ആ ജീവിതം. കടത്തനാടന്‍ ചിട്ടയില്‍ കളരി അഭ്യസിച്ച ആ കരുത്തന് തന്റെ ജീവിതത്തിലുടനീളം പാലിച്ചത് അഹിംസയാണ്. അനീതിക്ക് മുമ്പില്‍ മുട്ടുമടക്കാത്ത പ്രകൃതം. അശരണരുടേയും ആലംബഹീനരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉഴിഞ്ഞുവെയ്ക്കപ്പെട്ടതായിരുന്നു കേളപ്പജിയുടെ ജീവിതം. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രക്രിയയില്‍, സ്വാതന്ത്ര്യ സമരരംഗങ്ങളില്‍ നായകസ്ഥാനമാണ് കേളപ്പജിയുടേത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാതെ പോരാടിയ അദ്ദേഹം പുരോഗമനപരമായ സാമൂഹ്യക്രമത്തെ രൂപപ്പെടുത്തുന്നതിലും ബദ്ധശ്രദ്ധനായിരുന്നു.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം അധികാരത്തിന് പിന്നാലെ പോകാതെ, സര്‍വ്വോദയ രംഗത്തിന്റെ വിശുദ്ധി കാത്തുസുക്ഷിച്ചുകൊണ്ടായിരുന്നു ആ മഹാത്മാവ് ജീവിച്ചത്. പടയോട്ടങ്ങളുടെയും കലാപങ്ങളുടേയും അവശേഷിപ്പുകളായി തകര്‍ന്നുകിടക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതില്‍ പ്രായം കേളപ്പജിക്ക് തടസ്സമായില്ല. ‘ആരാധനാ സ്വാതന്ത്ര്യം എന്റെ നാട്ടിലെ ജനങ്ങളുടെയെല്ലാം ജന്മാവകാശമാണ്. അത് നേടുന്നതിന് ഹിന്ദുവിന്റെ ആരാധനാ സ്വാതന്ത്ര്യമെന്നോ മുസ്ലീമിന്റെ ആരാധനാ സ്വാതന്ത്ര്യമെന്നോ ഉള്ള വേര്‍തിരിവ് എനിക്കില്ല’ എന്ന പ്രഖ്യാപനത്തോടെ അങ്ങാടിപ്പുറം തളിക്ഷേത്ര ആരാധനാ സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങാന്‍ കേളപ്പജിയെന്ന ധര്‍മ്മയോദ്ധാവിന് മടിയുണ്ടായില്ല. ഇഎംഎസ് സര്‍ക്കാരിന്റെ എല്ലാവിധ കുതന്ത്രങ്ങള്‍ക്ക് മുമ്പിലും അടിപതറാതെ ശാന്തഗംഭീരനായി അദ്ദേഹം നിലകൊണ്ടു. അനാഥമാക്കപ്പെട്ട അസംഖ്യം ക്ഷേത്രങ്ങളുടെ സമുദ്ധാരണത്തിനുള്ള തുടക്കമായി അത്. മതപ്രീണനത്തിനായി മലപ്പുറം ജില്ല അനുവദിച്ചപ്പോഴും അതുണ്ടാക്കാവുന്ന ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി പ്രക്ഷോഭരംഗത്തിറങ്ങി.
കേളപ്പജിയുടെ സമരാനുഭവങ്ങള്‍, ജീവിത സമീപനം എന്നിവ ഇന്നത്തെ പൊതുപ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗദര്‍ശകമാണ്. അധികാരം നേടാനും നിലനിര്‍ത്താനും എന്ത് ഹീനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനും ജനാധിപത്യമൂല്യങ്ങളെ ബലികഴിക്കാനുമുള്ള പ്രവണതയാണ് ഇന്ന് രാഷ്ട്രീയരംഗത്തുള്ളത്. ലാളിത്യവും അപരിഗ്രഹഭാവവും ഇന്നവിടെ അന്യമാണ്. എന്തുകൊണ്ട് വര്‍ത്തമാനകാല കേരളം കേളപ്പജിയെ വിസ്മരിക്കുന്നുവെന്ന സംശയത്തിനുള്ള മറുപടിയാണത്. തിളക്കമാര്‍ന്ന പൊതുജീവിത സംശുദ്ധിയെ പിന്തുടരാന് രാഷ്ട്രീയരംഗത്തെ പുതിയ തലമുറ മടിക്കുന്നു. കേളപ്പജിയുടെ ഓര്‍മ്മകളെപ്പോലും ചിലര്‍ക്ക് ഭയമാണ് എന്നതാണ് മറ്റൊരു കാര്യം. ജീവിച്ചിരിക്കുമ്പോള്‍ വ്യക്തിഹത്യ നടത്താനും രാഷ്ട്രീയമായി ഇല്ലാതാക്കാനും ശാരീരികമായി വകവരുത്താനും ശ്രമിച്ചവര്‍ ഇന്നും കേളപ്പജിയെ തമസ്കരിക്കുന്നു. കേരളപ്പിറവിയില്‍ സംസ്ഥാന ഭരണതലപ്പത്ത് കേളപ്പജി എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യത്തിന് ഈ ചരിത്രം ഉത്തരമേകും. അപചയത്തിന്റെ ആരംഭമായിരുന്നു അത്.
കേരളത്തിന്റെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരമെന്ത് എന്ന സുപ്രധാന പ്രശ്നത്തിന് കേളപ്പജിയുടെ ജീവിതം മാര്‍ഗ്ഗദര്‍ശകമാണ്. സമഗ്രപുരോഗതി ലക്ഷ്യംവെച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. എന്നാല്‍ കേളപ്പജിയുടെ ഊന്നലുകളെല്ലാം പിന്നീട് അവഗണിക്കപ്പെട്ടു. നാടിന്റെ സ്വത്വാവിഷ്കാരം ബലികഴിക്കപ്പെട്ടു. അതോടെ വിശാല രാഷ്ട്രതാല്‍പ്പര്യങ്ങളും. മറവിയിലാണ്ടുപോയ കേളപ്പജിയുടെ ജീവിതം പുനരാവിഷ്കരിക്കപ്പെടുമെന്നതിന് തര്‍ക്കമില്ല.
‘ഭാരതത്തിന്റെ വീര സന്താനമേ, ആത്മാവില്ലാത്ത അന്ധജനത അങ്ങയെ മറന്നേക്കാം. എന്നാല്‍ കടലും മലയും കാക്കുന്ന ഈ ഭൂമി – കോട്ടയം ശക്തന്റെയും വേലുത്തമ്പിയുടേയും ചെഞ്ചോര കുങ്കുമമര്‍പ്പിച്ച ഭൂമി – ഈ അമ്മ അങ്ങയുടെ വീരജാതകക്കുറി മറക്കുകയില്ല. എല്ലാം മുക്കുന്ന ലോഭമോഹങ്ങളുടെ മഴവെള്ളത്തില്‍ ഒലിച്ചുപോകുന്ന മനുഷ്യത്വത്തിന്റെ മരിക്കാത്ത ഹൃദയസ്പന്ദനം’ – അതായിരുന്നു കേളപ്പന്. ആ പുണ്യ ഗുരുപാദങ്ങളിലിതാ ഗാന്ധിഭാരതത്തിന്റെ മഹാവീരചക്രമെന്ന്’ മഹാകവി പി. കുഞ്ഞിരാമന് നായര്‍ ഉറപ്പിച്ചു പറഞ്ഞത് നമ്മുടെ മുന്നിലുണ്ട്. കേളപ്പജിയെ മറവിയില്‍ നിന്ന് വീണ്ടെടുക്കുക എന്നതാണ് ഏക പരിഹാരം. അത് സംഭവിക്കേണ്ടത് കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെയും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: