മിസ്സോറി: 1994 ല്‍ കൊളംബിയ കണ്‍വീനിയന്‍സ് സ്റ്റോറില്‍ കവര്‍ച്ച ശ്രമത്തിനിടയില്‍ മൂന്നുപേരെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. 61 വയസ്സുള്ള ഏണസ്റ്റ് ലിജോണ്‍സന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.
മാനസിക വളര്‍ച്ചയില്ലാത്ത പ്രതിയുടെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പോപ് ഫ്രാന്‍സീസ് , ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍, അമേരിക്കന്‍ നിയമ നിര്‍മ്മാണ സഭയിലെ നിരവധി അംഗങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥന നടത്തിയെങ്കിലും, സംസ്ഥാന ഗവര്‍ണ്ണറോ കോടതിയോ വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കിയില്ല.
വത്തിക്കാന്റെ യു.എസ്സ് അംബാസിഡറാണ് പോപ്പിന്റെ അഭ്യര്‍ത്ഥന കഴിഞ്ഞ ആഴ്ച അധികൃതരെ അറിയിച്ചത്.
പ്രതിയുടെ തലച്ചോറില്‍ വളരുന്ന ട്യൂമര്‍ ചികിത്സിക്കുന്നതിന് അഞ്ചിലൊരുഭാഗം ബ്രെയ്ന്‍ ടിഷ്യൂ നീക്കം ചെയ്തിരുന്നു.ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാരകമായ വിഷം സിരകളിലൂടെ കടത്തിവിട്ടാണ് മരണം ഉറപ്പാക്കിയത്.
പ്രതിയുടെ കുടുംബാംഗങ്ങള്‍ വധശിക്ഷ ഒഴിവാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് പ്രത്യേകം നന്ദിരേഖപ്പെടുത്തി.
വധശിക്ഷ നടപ്പാക്കുന്നതിനെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധം ഉയരുന്നുവെങ്കിലും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് ഗവണ്മെന്റിന്റെ ഉറച്ച നിലപാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: