കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കലിനെതിരെ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം വിപുലീകരിച്ചു. കൊച്ചി സൈബര്‍ സ്റ്റേഷന് എസ്എച്ച്ഒ ഉള്‍പ്പടെ പത്ത് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ വിപൂലീകരിച്ചിരിക്കുന്നത്.
എഡിജിപി ശ്രീജിത്തിന്റെ ആവശ്യപ്രകാരം എറണാകുളത്തെ വിവിധ പോലീസ് സ്റ്റേഷനില്‍ നിന്നുള്ളവരെയാണ് പുതിയതായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പുതിയ സംഘത്തിന്റെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ക്രൈംബ്രാഞ്ച് ഐജിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുക.
കലിംഗ ഫൗണ്ടേഷന് എന്ന കടലാസ് സംഘടന വഴിയാണ് മോന്സന് കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിരിക്കുന്നത്. ഇത് വഴി കലിംഗയുടെ പാര്‍ട്ണറായ ബെംഗളൂരു മലയാളിയില്‍ നിന്നും മോന്സന് രണ്ട് കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വിശദമായ അന്വേഷണങ്ങള്‍ നടത്തുന്നതിനാണ് ക്രൈംബ്രാഞ്ച് സംഘത്തെ ഇപ്പോള്‍ വിപുലീകരിച്ചിരിക്കുന്നത്. മോന്‍സന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണവും അന്വേഷണസംഘം പരിശോധിക്കും.
പുരാവസ്തു തട്ടിപ്പ് അടക്കം ആകെ അഞ്ച് കേസുകളാണ് മോന്‍സനെതിരെ ഇതുവരെ എടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മോന്‍സന്റെ കലൂരിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കും. ഇയാള്‍ക്ക് പോലീസ് ഉന്നത തല ബന്ധമുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ മോന്‍സനെ കാണാന്‍ ആരൊക്കെ വന്നു എന്നതുള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. പുതിയ അന്വേഷണ സംഘമാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുക.
അതേസമയം വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കല്‍ നല്കിയ ജാമ്യ ഹര്‍ജി എറണാകുളം അഡീഷണഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മധ്യപ്രദേശ് സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ ഉള്ള ബീനാച്ചി എസ്റ്റേറ്റില്‍ 500 ഏക്കര്‍ ഭൂമി പാട്ടത്തിന് ലഭ്യമാക്കാമെന്ന് വാഗ്ദാനം നടത്തി പാല മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരില് നിന്ന് ഒരു കോടി 62 ലക്ഷം തട്ടിയെന്ന കേസിലാണ് മോന്‍സനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഭൂമി ഇടപാടിനായി മോന്സന് തന്റെ 4 ജീവനക്കാരുടെ അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയത്. ഭൂമി ഇടപാടിലെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ നാളെ വൈകിട്ട് 4 മണിവരെ ചോദ്യം ചെയ്യലിനായി മോന്‍സനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: