കോഴിക്കോട്: ‘കേളപ്പജിയെ കൊല്ലാനായിരുന്നു അന്ന് പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ ഹജ്യൂര്‍കച്ചേരിയില്‍ ചേരാനിരുന്ന കോഴിക്കോട് ഡിസ്ട്രിക്ട് ബോര്‍ഡ് യോഗത്തിന്റെ തീയ്യതി മാറിയത് കാരണം പാര്‍ട്ടിക്ക് പദ്ധതി നടപ്പാക്കാനായില്ല’. 1949 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോഴിക്കോട് മുന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.സി. കൃഷ്ണന്റെ ‘മങ്ങാത്ത ഓര്‍മ്മകള്‍’ എന്ന പുസ്തകത്തിലാണ് കേളപ്പജിയെ വധിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രണത്തെക്കുറിച്ച് വിവരിക്കുന്നത്.
കോഴിക്കോട് ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദയനീയമായി പരാജയപ്പെടുകയായിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാല്‍ അധികാരം പിടിച്ചെടുക്കാമെന്നും അതിന് നിലവിലുള്ളവരെ വധിക്കേണ്ടതുണ്ടെന്നുമായിരുന്നു പാര്‍ട്ടി കണ്ടെത്തിയ വഴിയെന്ന് അന്ന് സംഘത്തിലുണ്ടായിരുന്ന പുന്നപ്ര-വയലാര്‍ സമരസേനാനിയായ കെ.എസ്. ബെന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 1949 ഒക്ടോബര്‍ 26 ന് ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ആദ്യയോഗം കോഴിക്കോട് കലക്ട്രേറ്റില്‍ (മാനാഞ്ചിറയ്ക്കടുത്തുണ്ടായിരുന്ന ഹജ്യൂര്‍ കച്ചേരി) ചേരുമെന്നായിരുന്നു ധാരണ. കെ. കേളപ്പന്, അപ്പക്കോയ, സര്‍ദാര്‍ ചന്ദ്രോത്ത് തുടങ്ങിയവരെ യമപുരിയ്ക്കയക്കണമെന്നും അതിന് വേണ്ടി വടകര, കൊയിലാണ്ടി താലൂക്കുകളില്‍ നിന്ന് ആസിഡ് ബള്‍ബും, കൈബോംബുമായി ധീരരായ കുറേ സഖാക്കള്‍ സന്ദര്‍ശക ഗ്യാലറയില്‍ കാലേകൂട്ടി സ്ഥലം പിടിക്കുമെന്നും യോഗം തുടങ്ങുന്നതോടെ കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ ആസിഡ് ബള്‍ബും കൈബോംബും പ്രയോഗിക്കുമെന്നും ആ സമയത്തും അതിന് ശേഷം അവര്‍ രക്ഷപ്പെടുന്നതുവരെയും പോലീസിന്റെ ശ്രദ്ധ അവിടെയ്ക്കെത്താതിരിക്കാന്‍ യോഗസമയത്ത് നിരോധനം ലംഘിച്ച് കോഴിക്കോട്ടെ മുഴുവന്‍ പാ
ര്‍ട്ടിമെമ്പര്‍മാരും പങ്കെടുത്തുകൊണ്ടുള്ള പ്രകടനം നടത്തണമെന്നുമായിരുന്നു പദ്ധതിയെന്ന് പുസ്തകത്തില്‍ വിവരിക്കുന്നു. പോലീസ് വെടിവെയ്ക്കത്തക്കവണ്ണം പ്രകോപനം സൃഷ്ടിക്കണമെന്നും അന്നത്തെ നേതാവായ പപ്പുവൈദ്യര്‍ പ്രകടനത്തിന് നേതൃത്വം നല്‍കണമെന്നുമായിരുന്നു പാര്‍ട്ടിയുടെ നിര്‍ദേശം. ജില്ലാ സെക്രട്ടറി കുമാരന് മാസ്റ്ററായിരുന്നു നിര്‍ദേശം കൈമാറിയത്.
പപ്പുവൈദ്യരെ രക്തസാക്ഷിയാക്കി ജനങ്ങളുടെ സഹാനുഭൂതി പിടിച്ചുപറ്റാനുള്ള ഗൂഢതന്ത്രം കൂടി ഇതിലുണ്ടായിരുന്നുവെന്ന് കൃഷ്ണന് വിവരിക്കുന്നു. എന്നാല്‍ യോഗം നേരത്തെ നടന്നതുകാരണം പദ്ധതി പാളി. 24 ന് യോഗം നടന്നുകഴിഞ്ഞെന്ന് മാതൃഭൂമി ദിനപത്രത്തില്‍ വാര്‍ത്ത വന്നു. യോഗം കഴിഞ്ഞുവെന്നറിഞ്ഞിട്ടും നേരത്തെ നിശ്ചയിച്ച പ്രകടനം നടത്തുകയും അത് അക്രമാസക്തമാവുകയും ചെയ്തു, ‘കൂടുതല്‍ പോലീസ് വാന്‍ സ്ഥലത്തെത്താന്‍ വൈകിയതിനാല്‍ പോലീസ് ഉദ്യോഗസ്ഥന് യാതൊരു പ്രകോപനവും ഇല്ലാതെയാണ് കമ്മ്യൂണിസ്റ്റുകാരാല്‍ ആക്രമിക്കപ്പെട്ടത്. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രതികൂലമായ അഭിപ്രായം സൃഷ്ടിക്കാന്‍ ഇടവരുത്തുകയും ചെയ്തു’. കൃഷ്ണന് പുസ്തകത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
94 കാരനായ കൃഷ്ണന് കോഴിക്കോട് എടക്കാട് വിശ്രമജീവിതം നയിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പിന്നീട് രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേരുകയായിരുന്നു. ഗ്രന്ഥശാലാസംഘത്തിന്റെയും സഹകരണപ്രസ്ഥാനത്തിന്റെയും മേഖലയിലായിരുന്നു പിന്നീട് പ്രവര്‍ത്തനം. 1992 ല്‍ എഴുതിപൂര്‍ത്തിയാക്കിയ ഓര്‍മ്മക്കുറിപ്പുകള്‍ 2021 ജനുവരിയിലാണ് പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: