ബിജു സോപാനം
കുന്നത്തൂര്‍: കുന്നത്തൂര്‍ ജോയിന്റ് ആര്‍ടി ഓഫീസിലെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ട് വെള്ളം കയറി നിറഞ്ഞ് ചെളിക്കുണ്ടണ്ടായി മാറി. ഇതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി ഡ്രൈവിങ് ടെസ്റ്റ് കിലോമീറ്റുകളോളം അകലേക്ക് മാറ്റിയതോടെ പഠിതാക്കള്‍ ബുദ്ധിമുട്ടിലായി.
ചക്കുവള്ളി ചിറയോട് ചേര്‍ന്നുള്ള ഭാഗത്താണ് ആര്‍ടി ഓഫീസ് ആരംഭിച്ചതു മുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. മഴ ശക്തമാകുന്നതോടെ ചിറയില്‍ വെള്ളം ഉയരുകയും ടെസ്റ്റ് നടക്കുന്ന ഭാഗത്തേക്ക് വെള്ളം കയറുകയും ചെയ്യും. പലപ്പോഴും ടെസ്റ്റ് മുടങ്ങിയിട്ടുമുണ്ട്. വെള്ളം ഉള്‍വലിഞ്ഞാലും ചെളിക്കെട്ട് മാറാന്‍ ദിവസങ്ങള്‍ പിന്നെയും എടുക്കും. എങ്കിലും ചെളിക്കെട്ടില്‍ തന്നെ ബുദ്ധിമുട്ടി ടെസ്റ്റ് പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്.
ഇപ്പോള്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതോടെ വെള്ളക്കെട്ട് മാറാത്ത സാഹചര്യത്തിലാണ് ശൂരനാട് തെക്ക് പതാരത്തെ പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് ടെസ്റ്റ് മാറ്റിയത്. ബസ് സൗകര്യം തീരെ കുറവായ പതാരത്ത്, ടെസ്റ്റില്‍ പങ്കെടുക്കാന്‍ അതിരാവിലെ തന്നെ വരേണ്ടവര്‍ ഇതോടെ ബുദ്ധിമുട്ടിലായി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് വലയുന്നത്. ചക്കുവള്ളി ചിറയുടെ കിഴക്ക് ഭാഗത്തെ മൈതാനത്തോ ടൗണില്‍ തന്നെയുള്ള ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തോ ടെസ്റ്റ് നടത്താമെന്നിരിക്കെയാണ് പതാരത്തേക്ക് ഡ്രൈവിങ് ടെസ്റ്റ് മാറ്റിയത്. മുമ്പ് പ്രളയ സമയത്ത് സ്കൂള്‍ മൈതാനിയിലാണ് ടെസ്റ്റ് നടത്തിയത്.
സംരക്ഷണ ഭിത്തി ഉയര്‍ത്തിയാല്‍ പരിഹാരമാകും
ചക്കുവള്ളി ചിറയില്‍ നിലവിലെ സംരക്ഷണ ഭിത്തി ഉയര്‍ത്തി കെട്ടിയാല്‍ ടെസ്റ്റ് നടക്കുന്ന മൈതാനത്തേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാന്‍ പറ്റും. ഇതിന് എംപി, എംഎല്‍എ ഫണ്ടോ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ ഫണ്ടോ വേണ്ടി വരും. ചിറയില്‍ വെള്ളം നിറയുമ്പോള്‍ പടിഞ്ഞാറ് ബണ്ടിനോട് ചേര്‍ന്ന ഷട്ടര്‍ തുറന്ന് വിട്ട് വെള്ളം ഒഴുക്കിവിട്ടാലും പരിഹാരമാകും. എന്നാല്‍ ഷട്ടര്‍ ഇപ്പോള്‍ ഉയര്‍ത്താറില്ല.
ചക്കുവള്ളി ചിറയുടെ സംരക്ഷണഭിത്തി ഉയരം കൂട്ടി നിര്‍മ്മിച്ചാല്‍ വെള്ളം കയറുന്നത് പരിഹരിക്കാന്‍ സാധിക്കും. അതിനായി ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കണം. അവശ്യ സമയങ്ങളില്‍ ഷട്ടര്‍ തുറന്ന് വിട്ട് ചിറയില്‍ വെള്ളം ഉയരുന്നത് ക്രമീകരിക്കാം. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഇക്കാര്യത്തില്‍ ഇടപെടണം. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ ഒരുക്കണം.
കെ. ജോണ്സണ് (ആള് കേരള മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്പെക്ടേഴ്സ് ആന്റ് വര്‍ക്കേഴ്സ് അസോ. താലൂക്ക് സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: