നാഷണല്‍ മാളില്‍ നിരനിരയായുള്ള മ്യൂസിയങ്ങള്‍ കണ്ട് ക്ഷീണം കൊണ്ട് ഏതാണ്ട് മടുത്തു. നാലാം തെരുവിലെ ഇന്‍ഡിപെന്‍ഡന്‍സ് അവന്യൂവിലെ പുതിയ കെട്ടിടം ചൂണ്ടി രതീഷ് നായര്‍ പറഞ്ഞു. ഇതാണ് വാഷിങ്ടണിലെ ഏറ്റവും പുതിയ മ്യൂസിയം. നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഇന്ത്യന്‍സ്. അമേരിക്കയിലെ ആദിമനുഷ്യരെക്കുറിച്ചുള്ള മ്യൂസിയം തുറന്നത് 2004 സെപ്റ്റംബറില്‍ മാത്രം. റെഡ് ഇന്‍ഡ്യന്‍സിനെ കുറിച്ചുള്ള കാഴ്ച്ചകളായതിനാല്‍ അതു കൂടി കാണാതെ പോകുന്നതെങ്ങനെ. ഏതാണ്ട് അഞ്ച് ഏക്കര്‍ സ്ഥലത്ത് കാല് ലക്ഷം ചതുരശ്ര അടിയിലുള്ള മനോഹരമായ കെട്ടിടം. പഴമയും പാരമ്പര്യവും ദൃശ്യമാകുന്ന രൂപകല്‍പ്പന. സ്വര്‍ണ്ണ നിറമുള്ള ലൈംസ്റ്റോണുകളും കാറ്റാലും വെള്ളത്താലും ചെത്തി മിനുക്കപ്പെട്ട പ്രകൃതിദത്ത പാറകള്‍ കൊണ്ടുമുള്ള നിര്‍മ്മിതി. പ്രവേശന കവാടത്തിലെ സ്ഫടിക വാതില്‍ തുറന്ന് അകത്ത് കടക്കുമ്പോള്‍ ആധുനിക അമേരിക്കയുടെ നേര്‍വിപരീത ദൃശ്യങ്ങള്‍ കാണാന്‍ കഴിയും.
വ്യത്യസ്ത തരത്തിലുളള മണ്‍പാത്രങ്ങള്‍, നാരില്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ നിരവധി, മരക്കൊമ്പില്‍ തീര്‍ത്ത കുന്തങ്ങള്‍, ആദ്യകാല ചിത്രകലയുടെ ബാക്കി ഭാഗങ്ങള്‍, ….കളിപ്പാട്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍, കസേരകള്‍, മണ്‍കുടങ്ങള്‍, തടിയിലും നാരിലും തീര്‍ത്തവയാണെല്ലാം തന്നെ. 8 ലക്ഷത്തോളം വിവിധ വസ്തുക്കള്‍, ഒന്നരലക്ഷത്തോളം ചിത്രങ്ങള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍ ……..
അമേരിക്കയുടെ പൊതു സമൂഹത്തില്‍ നിന്ന് ഇപ്പോഴും ഒറ്റപ്പെട്ടു നില്ക്കുന്ന റെഡ് ഇന്ത്യന്‍സിന്റെ സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്നവയാണ് ഒരോ കാഴ്ച്ചയും. പ്യൂബ്ലോ ഇന്ത്യന്‍സ് എന്നാണ് ആദിമ അമേരിക്കന്‍ സമൂഹം അറിയപ്പെട്ടിരുന്നത്. അധിനിവേശക്കാര്‍ കൊന്നൊടുക്കിയിട്ടും അമേരിക്കയുടെ വിവിധ വിഭാഗങ്ങളില്‍ ഇവരെ കാണാം. അമേരിക്കയിലെ വെള്ളക്കാരെയോ കറമ്പന്‍മാരേയോ പോലെയല്ല ഇവരുടെ രീതിയും പ്രകൃതവും. വിനയശാലികള്‍. സംസാരം വളരെ കുറച്ച് മാത്രം. വണ്ണം കുറഞ്ഞതെങ്കിലും ഉറച്ച ശരീരം. സൂക്ഷ്മതയോടുള്ള നോട്ടം. പ്യൂബ്ലോ ഇന്ത്യന്‍സിനു പുറമേ നവോന ഇന്ത്യന്‍സ്, ഹോപ്പി ഇന്ത്യന്‍സ്, തോയ്നോ ഇന്ത്യന്‍സ് എന്നീ പേരുകളിലും ഇവര്‍ അറിയപ്പെട്ടിരുന്നു. ഇപ്പോള്‍ എല്ലാവരേയും കൂടി അമെരിന്ത്യന്‍സ് എന്നാണ് പേര്. ഭൂമി മാതാവിന്റെ സന്തതി പരമ്പരകാളാണ് തങ്ങളെന്ന് വിശ്വസിക്കുന്നവരാണവര്‍. സൂര്യനേയും പ്രകൃതിയേയും ആരാധിച്ചിരുന്നവര്‍. ആത്മാക്കളോട് സംസാരിച്ചിരുന്നവര്‍. പക്ഷികളുടേയും മൃഗങ്ങളുടേയും ഭാഷ വശത്താക്കിയിരുന്നവര്‍. തങ്ങള്‍ ചെയ്യുന്ന ഏതു ജോലിയും പവിത്രമായി കരുതുന്നവര്‍. തനതായ ആചാരങ്ങളും ആരാധനാക്രമങ്ങളും ജീവിതരീതിയുമുള്ളവരായിരുന്നു ഇവര്‍. ധീരതയും സൗമ്യതയും മനുഷ്യത്വത്തിന്റെ നിര്‍മല ഭാവങ്ങളും വേണ്ടുവോളമുള്ളവര്‍. കൃഷിചെയ്യാന്‍ ഭൂമിയും ഭക്ഷണത്തിനു വേണ്ടി മാത്രം വേട്ടയാടന്‍ പുല്‍മേടുകളും കുന്നുകളും വനസീമകളും മതിയായിരുന്നു ഭൗതിക സ്വത്തായി അവര്‍ക്ക്. പ്രാചീന ഈജിപ്ഷ്യന്‍, യവന, റോമന്‍ സംസ്കാരങ്ങള്‍ രൂപംകൊള്ളുന്നതിനു വളരെ മുമ്പ് തന്നെ മൗലികവും മാനുഷികവും സുഭദ്രവുമായ ഒരു ഗോത്രസംസ്കാരം വളര്‍ത്തിയെടുത്തിരുന്ന അവര്‍ക്ക് സുഘടിതമായൊരു രാഷ്ട്രവ്യവസ്ഥിതി ഉണ്ടായിരുന്നു.
സാമൂഹികജീവിതം പൊതു ഉടമാ സമ്പ്രദായത്തിലധിഷ്ഠിതമായാണ് പടുത്തുയര്‍ത്തിയിരുന്നത്. ഭൂമി ദൈവത്തിന്റേതാണെന്നും അതുകൊണ്ടു തന്നെ എല്ലാവരുടേതുമാണെന്നും അവര്‍ വിശ്വസിച്ചു. 50 പേരടങ്ങുന്ന ഒരു ഭരണ സമിതി പോലും പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യ തേടി ഒടുവില്‍ അമേരിക്കയിലെത്തിപ്പെട്ട, കടലില്‍ മുങ്ങിത്താഴാന്‍ പോകുകയായിരുന്ന കൊളംബസിനേയും കൂട്ടരേയും രക്ഷിച്ച് അവര്‍ക്ക് ആഹാരവും വസ്ത്രവും പാര്‍ക്കാന്‍ കുടിലുകളും കൃഷിചെയ്യാന്‍ ഭൂമിയും കൊടുത്തു അവിടത്തെ ആദിവാസികള്‍. അതിനെല്ലാം പ്രതിഫലമായി യൂറോപ്യന്മാര് ചെയ്തതോ? ചുവന്ന ഇന്ത്യക്കാരെ രക്തത്തില്‍ മുക്കി കൊന്നു. അവരുടെ ഭൂമി തട്ടിപ്പറിച്ചു. അവരുടെ മൃഗങ്ങളെ വിനോദത്തിനു വേണ്ടി വേട്ടയാടി. അവരുടെ സംസ്കാരത്തെ തച്ചുടച്ചു.
കൊളംമ്പസിന്റെ ആളുകള്‍ പിടിച്ചുകൊണ്ടു പോയി മതം മാറ്റുകയും പിന്നീട് മതം മാറ്റത്തിനായി നിയോഗിക്കപ്പെടുകയും ചെയ്ത റെഡ് ഇന്ത്യന്‍ വംശജനായിരുന്നു ലാകാസ്സ. തന്റെ സമൂഹം മതം മാറ്റത്തോട് എങ്ങനെ പ്രതികരിച്ചുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. റെഡ് ഇന്ത്യന്‍സിനെ കുറിച്ച് ഏറെ പഠിച്ച പ്രമുഖ സാഹിത്യകാരി പി വത്സല, ലാകാസ്സയുടെ പുസ്തകത്തിലെ ഭാഗം ഉദ്്ധരിക്കുന്നതിങ്ങനെ.
മതം മാറ്റത്തിനു ശ്രമിച്ച സ്പാനിഷ് കമാന്‍ഡറോട് റെഡ് ഇന്ത്യന്‍ വര്‍ഗ്ഗത്തിന്റെ നേതാവ് പറഞ്ഞു.
‘ഞങ്ങളുടെ ദൈവം ഞങ്ങളുടെ ആത്മാക്കളാണ്’
‘എന്ത് ആത്മാവ്!അതെന്ത്?’
കമാന്‍ഡറുടെ ചോദ്യം.
‘ഞങ്ങള്‍, ശാന്തപ്രിയരാണ്. ഞങ്ങള്‍ ഞങ്ങളുടെ സമൃദ്ധമായ ആഹാരം എല്ലാവരുമായും പങ്കിട്ട് കഴിക്കുന്നു. ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. കാരണം, ഞങ്ങളുടെ ആത്മാക്കള്‍ (പൂര്‍വ്വ പിതാക്കളുടെ) നിരവധിയാണ്. ഞങ്ങളുടെ പൂര്‍വ്വികരെ പോലെ ഞങ്ങളും നല്ലവരാണ്. പൂര്‍വ്വകാരണവന്മാരാണ് ഞങ്ങളുടെ കൃഷിയിടങ്ങളെ കാത്തു സൂക്ഷിക്കുന്നത്. അങ്ങനെ ഞങ്ങളുടെ കൈതച്ചക്ക, ചോളം, പയര്‍ വര്‍ഗ്ഗങ്ങള്‍, ബജ്ര, വൃക്ഷങ്ങളിലെ പഴങ്ങള്‍, മത്സ്യം, ആമ, ഇഗ്വാന, കടലിലെ മത്സ്യങ്ങള്‍, പുഴയിലെ മുതലകള്‍ എന്നിവയെല്ലാം പൂര്‍വ്വപിതാക്കള്‍ കാത്തു സൂക്ഷിക്കുന്നു. ചന്ദ്രമാതാവ് ഞങ്ങളുടെ പെണ്ണുങ്ങളെ കാക്കുന്നു. ഞങ്ങളുടെ മുതുമുത്തശ്ശന്മാരുടെയും മുതുമുത്തശ്ശിമാരുടെയും ആത്മാക്കള്‍ ഞങ്ങളൊരോരുത്തരുടേയും ഉള്ളിലുണ്ട്. ഞങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങളുടെ പൂര്‍വ്വമാതാപിതാക്കളെ കുറിച്ചു മാത്രമാണ്. സമുദ്രത്തിന്റേയും പര്‍വ്വതങ്ങളുടേയും കുന്തുരുക്കത്തിന്റേയും പുകയിലയുടേയും കൈതയുടേയും ചോളത്തിന്റേയും ആത്മാക്കളെല്ലാം എന്നും ഞങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് വേറെയൊരു ദൈവമെന്തിന്?”എന്നാല്‍ നിങ്ങളുടെ വിശ്വാസം തെറ്റായ വഴിയിലാണ്.’
സൈന്യാധിപന് പറഞ്ഞു:
‘ഞങ്ങളുടെ ദൈവമായ ക്രിസ്തുവിനെ സ്വീകരിക്കുക. ബാപ്റ്റിസമാണ് സത്യമാര്‍ഗ്ഗം. ക്രിസ്തുവിനെ സ്വീകരിക്കാത്തവന് നരകത്തിലേക്ക് പോകുന്നു. അവന് എന്നുമെന്നും ജീവനോടെ ചുട്ടരിക്കപ്പെടും.’
ഇന്ന് അമേരിക്ക റെഡ് ഇന്ത്യന്‍സിനായി പ്രത്യേക സംവരണ പ്രദേശങ്ങള്‍ നീക്കി വച്ചിട്ടുണ്ട്. ഇതില്‍ ചിലതിലൊക്കെ പ്രത്യേക നിയമങ്ങളും ഭരണ രീതിയുമുണ്ട്. ഗോത്രതലവന്മാര് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സംവിധാനം.
റെഡ് ഇന്ത്യക്കാര്‍ക്ക് ചുവന്ന നിറമോ ഇന്ത്യക്കാരോ അല്ല എന്നതാണ് സത്യം. യഥാര്‍ത്ഥ ഇന്ത്യക്കാരുടെ കുടിയേറ്റം അമേരിക്കയിലേക്ക് ആരംഭിച്ചതോടെ ആകെ കുഴപ്പമുണ്ടായി. ഇന്ത്യന്‍സ് എന്ന് പറയുമ്പോള്‍ ആര് എന്നതായി പ്രശ്നം. അമെരിന്ത്യന്‍സ് എന്നാണിപ്പോള്‍ ഈ സമൂഹത്തെ പൊതുവായി വിളിക്കുക.
റെഡ് ഇന്ത്യന്‍സ് എന്ന അമെരിന്ത്യന്‍സിനെ കാണുമ്പോള്‍ എന്തോ വൈകാരിക അടുപ്പം തോന്നും. ഇന്ത്യന്‍ എന്ന് പേരുള്ളതിനാലാകാം. നമ്മുടെ പൂര്‍വ്വിക പരമ്പരയില്‍ പെട്ടവരുടെ പിന്മുറക്കാര് തന്നെ എന്ന തോന്നല്‍.
അമേരിക്ക കാഴ്ചക്കപ്പുറം
01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍
02-അവിചാരിതമായി അമേരിക്കയിലേക്ക്
04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന് ക്ഷേത്രം
06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
07-ഹഡ്സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള
08- മാലാഖ നഗരത്തിലെ മായ കാഴ്ച്ചകള്‍
09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം
10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും
11-വിഗ് പാര്‍ട്ടി ഭരിച്ച അമേരിക്ക
12-വാഷിങ്ടണ്‍ സ്തൂപവും സ്വാതന്ത്ര്യ സമരവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: