തിരുവനന്തപുരം: മോന്സണ് മാവുങ്കലിന്റെ വസ്തു ശേഖരത്തില്‍ നിന്നും കണ്ടെത്തിയ ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന്. ശബരിമല ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാനും ചില ശക്തികള്‍ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്ത മോന്സണ് മാവുങ്കലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട എസ്ച്ച്ഒക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് അദേഹം ആവശ്യപ്പെട്ടു.
മോണ്സണ് മാവുങ്കലും മാധ്യമപ്രവര്‍ത്തകനായ സഹിന് ആന്റണിയും ചേര്‍ന്ന് ചെമ്പോല കണ്ടെത്തിയ വിവരം പുറത്തുവിട്ടത് ദുരുദ്ദേശ്യത്തോടെയായിരുന്നു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമലയില്‍ കലാപവും, വിഭാഗീയതയും, സംഘര്‍ഷവും സൃഷ്ടിച്ച് ജനകീയപ്രക്ഷോഭത്തെ തകര്‍ക്കാമെന്ന വ്യാമോഹത്തോടെ ചെമ്പോലയുമായി രംഗത്തുവന്നത് ഗൗരവമേറിയ കുറ്റകൃത്യമാണെന്നും കുമ്മനം കത്തില്‍ ചൂണ്ടിക്കാട്ടി.
ശബരിമല ചെമ്പോലയെക്കുറിച്ച് ഇതിനുമുമ്പും ആരോപണമുണ്ടായിട്ടുണ്ടെന്നുള്ള കാര്യം കുമ്മനം ഓര്‍മപ്പെടുത്തി. പ്രശസ്ത പുരാവസ്തുഗവേഷകനും, പുരാരേഖാ വിദഗ്ധനുമായ വി.ആര്‍പരമേശ്വരന്‍പിള്ള ചെമ്പോല വ്യാജമാണെന്ന് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കൃത്രിമമായി ചെമ്പോലയില്‍ വട്ടെഴുത്തില്‍ വ്യാജരേഖകള്‍ തയ്യാറാക്കുവാന്‍ പ്രാവീണ്യം നേടിയവരാണ് ഇത് ഉണ്ടാക്കിയതിന് പിന്നിലെന്ന് വ്യക്തമാണെന്നും കുമ്മനം പറഞ്ഞു.
1983 കാലത്ത് വ്യാജമെന്ന കാരണത്താല്‍ തള്ളിക്കളഞ്ഞ ചെമ്പോല വീണ്ടും ശബരിമല പ്രക്ഷോഭ സമയത്ത് പ്രത്യക്ഷപ്പെടുകയും സത്യമാണെന്ന് വ്യാപകമായ പ്രചരണം നല്‍കുകയും ചെയ്തു. വിശ്വാസവികാരങ്ങളെ വ്രണപ്പെടുത്തുകയും, വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുകയും ആശയ കുഴപ്പമുണ്ടാക്കുകയുമായിരുന്നു ലക്ഷ്യമെന്നും കുമ്മനം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: