പത്തനംതിട്ട : പമ്പയില്‍ ഭൂരിഭാഗം കെട്ടിടങ്ങളുടേയും ബലക്ഷമത പരിശോധിക്കണം. സുരക്ഷാ സംവിധാനങ്ങളില്‍ ആശങ്കയുള്ളതായി അഗ്നി ശമന സേന. മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടത്തിയ പരിശോധന നടത്തയിതിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെയായിരുന്നു പരിശോധന.
പമ്പയിലെ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും കാലപ്പഴക്കമുള്ളതാണ്. ഈ കെട്ടിടങ്ങളില്‍ ഒന്നില്‍ പോലും അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. വിദഗ്ധമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കെട്ടിടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളും മാറ്റി സ്ഥാപിക്കണമെന്നും അഗ്നിശമന സേന ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പമ്പ ഗണപതി കോവിലിനോട് ചേര്‍ന്നുള്ള ശ്രീവിനായക ഗസ്റ്റ് ഹൗസിന്റെ മുകളിലുള്ള ജല സംഭരണി ആശങ്ക ഉയര്‍ത്തുന്നതാണ്. നാലുലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ മര്‍ദ്ദം താങ്ങാന്‍ കെട്ടിടത്തിന് ശേഷിയുണ്ടോയെന്ന് കൃത്യമായ പരിശോധന വേണം. ശബരിമലയിലെത്തുന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഈ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള വിവിധ ഇടങ്ങളിലെ ഫയര്‍ ഹൈഡ്രന്റുകളില്‍ പലതും പ്രവര്‍ത്തനക്ഷമമല്ല. നീലിമല പാതയില്‍ 100 മീറ്റര്‍ അകലത്തില്‍ പുതിയ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണം. ഭക്തര്‍ കടന്നുപോകുന്ന നീലിമല പാതയില്‍ തിപിടിത്തമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുള്ള സംവിധാനം ഈ പ്രദേശത്ത് നിലവിലില്ല.
വര്‍ഷങ്ങളായി ശബരിമലയില്‍ തീര്‍ത്ഥാടന കാലയളവില്‍ താത്കാലികമായി അഗ്നിശമന സേനയ്‌ക്കായി ഒരു സംവിധാനം ഒരുക്കുകയാണ്. ശബരിമലയില്‍ നിരവധി അത്യാധുനിക ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഗ്നിശമന സേനയ്‌ക്കായി ഒരു സ്ഥിരം സംവിധാനം അത്യാവശ്യമാണ്. മാസ്റ്റര്‍ പ്ലാനില്‍ ഈ പദ്ധതി കൂടി ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: